സിദ്ദിക്ക്-ലാല്‍ രചനയും സംവിധാനവും നിർവ്വഹിച്ചു പ്രസിഡണ്ട് മൂവീസ് ബാനറിൽ അപ്പച്ചനും ജോയിയും ചേര്‍ന്ന് നിര്‍മ്മിച്ച് 1992-ല്‍ റിലീസ് ചെയ്ത 'വിയറ്റ്നാം കോളനി' കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള തിയേറ്ററുകളില്‍ ഇരുനൂറു ദിവസങ്ങളോളം പ്രദർശിപ്പിച്ച ഒരു വമ്പൻ ഹിറ്റ് ചിത്രമാണ്. തങ്ങളുടെ തനതായ ശൈലിയില്‍ നർമ്മവും ആക്ഷനും പിരിമുറുക്കങ്ങളും നല്ല ഗാനങ്ങളും ഉൾപ്പെടുത്തി തിന്മയ്ക്കു മേൽ നന്മ നേടുന്ന വിജയത്തെക്കുറിച്ച് പ്രദിപാതിക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റും.
ആദ്യപകുതിയില്‍ കഥ പുരോഗമിക്കുന്നത് ഒന്നിനു പിറകെ ഒന്നായി വരുന്ന കോമഡി രംഗങ്ങളിലൂടെയാണെങ്കിലും ഒരിടത്തുപോലും പ്രേക്ഷകർക്ക് മടുപ്പ് അനുഭവപ്പെടുന്നില്ല. കഥാഗതിക്ക് അനുയോജ്യമായ സിറ്റുവേഷൻ കോമഡി തിരക്കഥയിൽ ഇഴ ചേർക്കുന്നതിൽ സിദ്ദിക്ക്-ലാല്‍ അനിതര സാധാരണമായ കഴിവാണ് പ്രകടിപ്പിച്ചിരിക്കുന്നത്. രണ്ടാം പകുതിയില്‍ കഥാഗതിയിൽ വരുന്ന മാറ്റം - തമാശയില്‍ നിന്നും കാര്യത്തിലേക്കും തുടര്‍ന്ന് ക്ലൈമാക്സിലേക്കും- പോകുമ്പോൾ കഥാപാത്രങ്ങൾ അനുഭവിക്കുന്ന അതേ പിരിമുറുക്കം പ്രേക്ഷകരിലേക്കും എത്തിപ്പെടുന്നത് തിരക്കഥയുടെയും സംവിധാനത്തിന്റെയും മികവു തന്നെയാണ് തെളിയിക്കുന്നത്.
ക്യാമറ ചലിപ്പിച്ച വേണു തൻറെ ഓരോ ഫ്രെയിമും മനോഹരമാക്കിയിരിക്കുന്നു; പ്രത്യേകിച്ച് ഗാനരംഗങ്ങള്‍ മികച്ച നിലവാരം പുലർത്തുന്നവയാണ്. ബിച്ചു തിരുമല രചിച്ച് എസ്. ബാലകൃഷ്ണന് ചിട്ടപ്പെടുത്തി ദാസേട്ടൻ, മിന്മിനി, സുജാത, എം.ജി.ശ്രീകുമാര്‍, കല്യാണി മേനോൻ എന്നിവർ ആലപിച്ച മനോഹര ഗാനങ്ങള്‍ കഥാഗതിക്ക് വളരെ അനുയോജ്യം തന്നെയാണ്.
ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവ്വഹിച്ച മണി സുചിത്ര മികച്ച കലാസംവിധാനത്തിനുള്ള കേരള സംസ്ഥാന അവാര്ഡ്ം നേടുകയുണ്ടായി.
കൃഷ്ണമൂർത്തി (മോഹന്‍ ലാല്‍) ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലെ ഏക പ്രതീക്ഷയാണ്. ഏറെ കാത്തിരിപ്പിനൊടുവില്‍ 'കൽക്കട്ടാ കണ്‍സ്ട്രക്ക്ഷന്‍ കമ്പനി' അയാൾക്കൊരു ജോലി വാഗ്ദാനം ചെയ്തു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിനു തൊട്ടടുത്തുള്ള 'വിയറ്റ്നാം കോളനി' ഒഴിപ്പിച്ചെടുക്കുക എന്നതായിരുന്നു ദൌത്യം. നല്ല ശമ്പളം കിട്ടുന്ന ജോലിയിൽ പ്രതീക്ഷകൾ അർപ്പിച്ചിരുന്ന കൃഷ്ണമൂര്‍ത്തിക്ക് കമ്പനിയുടെ മറ്റൊരു ജീവനക്കാരനായ കെ.കെ.ജോസഫിന്റെ (ഇന്നസെന്റ്) വെളിപ്പെടുത്തലുകൾ തിരിച്ചടിയായി. പറവൂര്‍ റാവുത്തർ (രാജ് കുമാര്‍), ഇരുമ്പു ജോൺ (ഭീമന് രഘു), കണ്ണന് സ്രാങ്ക്, വട്ടപ്പള്ളി (വിജയരാഘവൻ) എന്നീ ഗുണ്ടകൾ ഭരിക്കുന്ന കോളനിയിലേക്ക് ഒരിക്കലും വരരുത് എന്നതായിരുന്നു ജോസഫിന്റെ അഭ്യർഥന. എന്നാല്‍ മരിച്ചുപോയ തന്റെ പിതാവിന്റെ കടബാധ്യതകൾ തീർക്കുന്നതിന് തന്റെ അമ്മയുടെയും (കവിയൂര്‍ പൊന്നമ്മ) അമ്മാവന്റെയും (ടി.പി.മാധവന്) നിർബന്ധത്തിനു വഴങ്ങി കമ്പനി ഏൽപ്പിച്ച ജോലി ഏറ്റെടുക്കാൻ കെ.കെ.ജോസഫിനൊപ്പം കഥയെഴുത്തുകാരൻ എന്ന വ്യാജേന കോളനിയില്‍ എത്തുന്നു. അവർക്ക് താമസിക്കാൻ പട്ടാളം മാധവിയുടെ (കെ.പി.എ.സി ലളിത) വീടിന്റെ ഒരു ഭാഗത്താണ് ബ്രോക്കര്‍ ആയ എരുമേലി (കുതിരവട്ടം പപ്പു) മുഖേന കമ്പനിയുടെ അഡ്വക്കേറ്റ് തോമസ് (ദേവന്) സൗകര്യം ഒരുക്കിയിരുന്നത്. കൃഷ്ണമൂര്‍ത്തിയും ജോസഫും അവിടെ എത്തിയ അന്ന് തന്നെ ആയിരുന്നു ഗുണ്ടാ തലവന്‍ റാവുത്തർ ജയിൽ മോചിതനായി കോളനിയിൽ തിരിച്ചെത്തിയതും.
തുടർന്നു നടക്കുന്ന സംഭവങ്ങൾ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങളാണ് തീർക്കുന്നത്. തന്റെ ഏക മകളായ ഉണ്ണി മോളെ (കനക) പെണ്ണു കാണാന്‍ വന്നതാണ് കൃഷ്ണമൂർത്തി എന്നു തെറ്റിദ്ധരിച്ച മാധവി യാഥാർഥ്യം അറിഞ്ഞപ്പോൾ ആദ്യം വീട് വാടകയ്ക്ക് കൊടുക്കാൻ വിസമ്മതിച്ചെങ്കിലും ഉണ്ണിയ്ക്ക് കൃഷ്ണ മൂർത്തിയുമായി സ്നേഹിച്ചു വിവാഹം കഴിക്കാൻ സാധിക്കും എന്ന എരുമേലിയുടെ കുരുട്ടു ബുദ്ധി മാനിച്ചു ഒടുവിൽ അതിനു സമ്മതിക്കുന്നു.
പട്ടാളം മാധവിയില്‍ നിന്നും കോളനിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൃഷ്ണമൂർത്തിക്ക് ലഭിക്കുന്നു. ഒരു വലിയ പണക്കാരനായ മൂസ സേട്ട് (നെടുമുടി വേണു) എന്ന ആളാണ് കോളനി ഇരിക്കുന്ന സ്ഥലത്തിന്റെ യഥാർഥ ഉടമ എന്നും അയാള്‍ സ്വന്തം മാതാവ് സുഹ്റാബായിയെ (ഫിലോമിന) പോലും ഉപേക്ഷിച്ചു ദൂരെ എങ്ങോ ആഡംബര ജീവിതം നയിക്കുകയാണെന്നും വിശ്വസിക്കുന്ന അയാൾ തൻറെ ലക്ഷ്യത്തിലേക്കുള്ള നീക്കം കോളനിയിലെ കുട്ടികളിൽ നിന്നും ആരംഭിക്കുന്നു. കഥകളിലും പാട്ടുകളിലും കൂടി അവരെ തന്നിലേക്ക് അടുപ്പിക്കുന്നു. കൂടാതെ സൗജന്യ മെഡിക്കൽ ക്യാമ്പ്, സാക്ഷരതാ യജ്ഞം തുടങ്ങിയവ സംഘടിപ്പിച്ചു മറ്റുള്ള കോളനി നിവാസികളുടെയും വിശ്വാസം ആർജ്ജിക്കുന്നു. അയാളുടെ എല്ലാ ശ്രമങ്ങൾക്കും ഉണ്ണി ഒപ്പം നിൽക്കുന്നുണ്ടെങ്കിലും കൃഷ്ണമൂർത്തിയോട് അടുക്കാനുള്ള അവളുടെ ആഗ്രഹം അയാൾ കണ്ടില്ലെന്നു നടിക്കുന്നു.
കോളനിയ്ക്ക് തൊട്ടടുത്തു കിടക്കുന്ന കമ്പനി വക സ്ഥലത്തു പണി ആരംഭിച്ചാൽ ആരും എതിർക്കില്ല എന്ന് സൂത്രത്തിൽ മനസ്സിലാക്കിയ മൂർത്തി അവിടെ പൈലിങ് ആരംഭിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടു. ഒപ്പം പണി നടക്കുന്നത് തങ്ങൾ എതിർക്കും എന്നു കൂടി കമ്പനിയെ അറിയിച്ചു. അയാള്‍ പറഞ്ഞതനുസരിച്ച് സ്വന്തം സ്ഥലത്ത് കമ്പനി വമ്പൻ യന്ത്രങ്ങളുമായി പണി തുടങ്ങിയപ്പോള്‍ കോളനിയിലെ വീടുകൾ വിറയ്ക്കാൻ തുടങ്ങി. ഉടൻ മൂർത്തി കമ്പനി ജോലിക്കാരോട് കയർത്തു പണി നിറുത്തിയില്ലെങ്കിൽ കോളനിയിലെ എല്ലാ വീടുകൾക്കും ആപത്താണെന്ന് പ്രഖ്യാപിച്ചു റാവുത്തരുടെയടക്കമുള്ള എല്ലാ ഗുണ്ടാ തലവന്മാരുടെയും പിന്തുണ നേടിയെടുക്കുന്നു. തുടർന്നുള്ള സംഘർഷ ഭരിതമായ സംഭവങ്ങൾക്കു ശേഷം ഒടുവിൽ കമ്പനി എം.ഡിയും (ജഗന്നാഥ വർമ്മ) കോളനിക്കാരും തമ്മില്‍ ഏർപ്പെടുന്ന കരാറിൻ പ്രകാരം കോളനി നിവാസികൾ അവിടം വിട്ടു പോകാമെന്നും കമ്പനി നിർമ്മിച്ചു കൊടുക്കുന്ന വീടുകളിലേക്ക് താമസം മാറ്റുകയും ചെയ്യാമെന്ന് സമ്മതിക്കുന്നു. ഇത് ഒരു വിജയമായി ഇരു കൂട്ടരും കരുതുന്നു. എന്നാൽ പട്ടാളം മാധവി ഈ കരാറിനെ കണ്ടത് വേറൊരു തരത്തിലാണ്. എങ്ങനെയെങ്കിലും റാവുത്തരുടേയും കൂട്ടാളികളായ ഇത്തിൾ കണ്ണികളുടെയും ചൂഷണത്തിൽ നിന്നും രക്ഷപ്പെടുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ കരാർ മൂലം സാധിക്കില്ല എന്ന് അവർ മൂർത്തിയോട് തുറന്നു പറഞ്ഞു.
ഒരു ദിവസം നേരം പുലർന്നത് സുഹ്റാ ബായി കിണറ്റിൻ കരയിൽ മരിച്ചു കിടക്കുന്നു എന്ന വർത്തയുമായാണ്. റാവുത്തരെ പേടിച്ചു ആരും ശവശരീരം അവിടെ നിന്നും മാറ്റുവാൻ തയ്യാറായില്ല. സുഹ്രബായി മരിച്ച വിവരം അറിയിക്കാനായി മൂസ സേട്ടുവിനെ തേടിപ്പോയ കൃഷ്ണമൂർത്തി, മറ്റാർക്കും അറിയാതിരുന്ന കുറെ സത്യങ്ങൾ മനസ്സിലാക്കുന്നു. സ്വന്തം അമ്മയെ തിരിഞ്ഞു നോക്കാത്ത വലിയ പണക്കാരന് എന്ന് എല്ലാവരും ധരിച്ചിരുന്ന സേട്ടു യഥാർത്ഥത്തിൽ അഡ്വക്കേറ്റ് തോമസിനാല്‍ വഞ്ചിക്കപ്പെടുകയും കിടപ്പാടം പോലും ഇല്ലാതെ ഉപജീവനത്തിന് പള്ളിയില്‍ ബാങ്കു വിളിച്ചും 'കോട്ടു മുക്രി' എന്ന പരിഹാസപ്പേരിനാല് അറിയപ്പെടുകയും ചെയ്യുന്ന ഒരു പാവം മനുഷ്യനെന്ന് മനസ്സിലാക്കുന്ന അയാൾ മൂസ സേട്ടുവിനെയും കൂട്ടി കോളനിയിൽ തിരികെ എത്തുന്നു. "അമ്മയെ പോലും ഉപേക്ഷിച്ചു സുഖ ജീവിതം നയിക്കുന്ന" സേട്ടുവിനെ കാണാൻ എത്തിയ എല്ലാവരും അയാളുടെ പ്രാകൃത രൂപം കണ്ടു ഞെട്ടി; കണ്ടാൽ കൊന്നു കളയുമെന്ന് പറഞ്ഞിരുന്ന റാവുത്തർ പോലും ഒന്നും പറയാതെ തിരികെ പോയി.
സുഹ്റാ ബീവിയുടെ കബറടക്കത്തിനു പോകുമ്പോഴാണ് മൂർത്തിയുടെ അമ്മയും അമ്മാവനും ബന്ധുവായ പട്ടാഭിയും (കുഞ്ചൻ) ഒരു സന്തോഷ വാർത്ത അറിയിക്കാൻ അവിടേയ്ക്ക് എത്തിയത്. മൂർത്തിയുടെ പിതാവിന് അനുകൂലമായി കോടതി വിധി വന്നു എന്നും മൂർത്തി ഉടൻ അവരുടെ കൂടെ പോരണം എന്നായിരുന്നു ആ വാർത്ത. എന്നാൽ കൃഷ്ണമൂർത്തി അതിനു തയ്യാറാവാതെ, താൻ മൂലം പാവങ്ങളായ കോളനിക്കാർക്ക് ഉണ്ടായ ആപത്തു പരിഹരിച്ചിട്ടേ വരൂ എന്ന് തീരുമാനിക്കുന്നു. അയാൾ കമ്പനിയുടെ ഓഫീസില്‍ എത്തി താൻ കൂടി ഇടപെട്ടു ഉണ്ടാക്കിയ കരാർ നശിപ്പിക്കുന്നു. ഈ കരാര്‍ ഉപയോഗിച്ച് കോളനിക്കാരെ മുഴുവന്‍ പെരുവഴിയിൽ ഇറക്കാം എന്ന് ധരിച്ചിരുന്ന കമ്പനി വക്കീൽ തോമസ്, റാവുത്തർ അടക്കമുള്ള ഗുണ്ടകളെ പണവും മദ്യവും കൊടുത്തു സ്വാധീനിച്ചു കൃഷ്ണ മൂർത്തിയെ കോളനിയിൽ വച്ചു തന്നെ വക വരുത്താൻ കരുക്കൾ നീക്കുന്നു. ഇതിനിടയില്‍ കൃഷ്ണ മൂര്‍ത്തി കമ്പനിയുടെ ആളാണെന്നു മനസ്സിലാക്കിയ കോളനി നിവാസികൾ അയാൾക്കെതിരെ തിരിഞ്ഞെങ്കിലും താൻ മനസ്സിലാക്കിയ സത്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുന്നതിൽ വിജയിക്കുന്നു.
ഉണ്ണിയുടെ സഹായത്തോടെ കോളനി വിടാന്‍ ശ്രമിക്കുന്ന കൃഷ്ണ മൂർത്തിയെ ഗുണ്ടകൾ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, സംഘട്ടനത്തിൽ റാവുത്തരുടെ പതനത്തോടെ ധൈര്യം കൈവന്ന കോളനി നിവാസികള്‍ ഒന്നടങ്കം മറ്റു ഗുണ്ടകളെ കീഴ്പ്പെടുത്തുന്നു. ചിത്രത്തിന്റെ അവസാന ഭാഗങ്ങളിൽ ഉണ്ണിയെ തന്റെ ജീവിത സഖിയാക്കാന്‍ കൃഷ്ണ മൂർത്തി തീരുമാനിക്കുന്നതും അതിന്റെ നർമ്മം നിറഞ്ഞ പര്യവസാനവും ആണ്.