ശ്രീ എഫു്. നാഗൂര് നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തതും അദ്ദേഹം തന്നെയാണു്. ഛായാഗ്രഹണം വി. കുമാരദേവന്‍. സംഭാഷണവും ഗാനങ്ങളും എന്‍. എന്‍. പിഷാരടിയും പീതാംബരവും കൂടി എഴുതി. സംഗീതസംവിധാനം നര്വ്വഹിച്ചതു് ടി. ആര്. പാപ്പാ, റ്റി. കെ. കുമാരസ്വാമി, റ്റി. എ. കല്ല്യാണരാമന്‍ എന്നവര്‍ ചേര്‍ന്നാണു്. പിന്നണിഗാനങ്ങള്‍ പാടിയതു് ഘണ്ഡശാല, പി. ലീല, എം. സത്യം, വി. സരള എന്നിവരാണു്. ആറു പാട്ടുകള്‍ ഉണ്ടിതില്‍. നൃത്തസംവിധാനം ഉമ, മാധവന്, സമ്പത്തു്കുമാര്.
കഥാസാരം :
സമ്പത്തേറെയുണ്ടായിരുന്നിട്ടും സന്തതികളില്ലാതിരുന്ന പത്മനാഭന് തമ്പി സുധ എന്ന ഒരുവളെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. ഈ കാലഘട്ടത്തില്‍ ആദ്യ ഭാര്യയായ രാധ ഗര്‍ഭിണിയായി. സുധയുടെ നിലനില്പിനു് അതു് ഹാനികരമാണെന്നു് പരമുപിള്ള എന്ന സേവകന്റെ ഉപദേശം സുധയെ ഒരു പിശാചാക്കി മാറ്റി. രാധ പ്രസവിച്ച ഉടന്‍ തന്നെ കുട്ടി മരിച്ചുപോയി എന്നു് എല്ലാവരേയും ധരിപ്പിച്ചു് അവിടെ നിന്നും കടത്തിക്കളഞ്ഞു. ചാവുപിള്ളയായിരുന്നെങ്കിലും ആ കൊച്ചുമുഖമൊന്നു കാണാന്‍ കഴിയാത്തതില്‍ രാധ കരള്‍ പോട്ടിക്കരഞ്ഞു. സുധ തമ്പിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുവാന്‍ എല്ലാ ശ്രമങ്ങളും നടത്തി. ഒരു വേലക്കാരന് രാമനുമായി അവിഹിത ബന്ധമുണ്ടെന്നും രാമന്റെ മകനോടുകാട്ടുന്ന അമിതസ്നേഹത്തിന്റെ പിന്നില്‍ കാര്യമുണ്ടെന്നും തമ്പിയെ പറഞ്ഞു മനസ്സിലാക്കുന്നു. വിവേകശൂന്യനായ അയാള്‍ അവളുടെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചു. ബോധമറ്റു വീണ അവള് മരിച്ചുവെന്നു കുരതി അയാള്‍ ഭയന്നോടി.
ദിവസങ്ങള്‍ ഏറെ കടന്നു പോയി. തമ്പിക്കു ഭ്രാന്താണെന്നു പറഞ്ഞു സുധ അയാളെ മുറിയിലിട്ടു പൂട്ടി. ആ കാലത്തു രാമനും മകനും ആ നാടുവിട്ടുപോയിരുന്നു. മകന് കുട്ടപ്പന് ഒരു കലാകാരനായി വളര്‍ന്നു. ദേവകിയെന്ന അയല്ക്കാരിയിലങ്കുരിച്ച അനുരാഗത്തിന്റെ കുളിര്‍മയില്‍ ജീവിതം നയിച്ചു.
രാധ കൂലിപ്പണിക്കാരിയായി ജീവിതം തള്ളിനീക്കി വരവേ ഒരു കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തു നിന്നും താഴെവീണു പരിക്കുപറ്റി. സംഭവസ്ഥലത്തുണ്ടായിരുന്ന കുട്ടപ്പന് അവരെ വീട്ടില്‍ കൊണ്ടുപോയി. രാമന് രാധയെ തിരിച്ചറിഞ്ഞു. കുട്ടപ്പന് രാധയുടെ മകനാണെന്ന സത്യവും അറിയുന്നു.
സുധയെന്ന രാക്ഷസിയുടെ പിടിയില്‍ നിന്നു സ്വപിതാവിനെ രക്ഷിച്ചു് മാതാപിതാക്കളോടുകൂടി സസുഖം വാഴാന്‍ ഒരുങ്ങിയ കുട്ടപ്പന് ദേവകിയേ വിവാഹം ചെയ്തു് ആ കുടുംബജീവിതത്തിനു് പൂര്‍ണ്ണത വരുത്തി.
07-08-1954 ല്‍ ഈ ചിത്രം റിലീസായി. വിതരണം ചെയ്തതു് രാധാകൃഷ്ണ ഫിലിംസു് ആലപ്പുഴ.
നടീനടന്മാര് എം. ജി. ചക്രപാണി, രഘുവീരന്, എസു്. പി. പിള്ള, മുതുകുളം, കെ. പി. ജി. പണിക്കര്‍, മാസ്റ്റര്‍ കാന്തമോഹന്, കോമളം, ഓമന, ശാന്ത, ഇന്ദിര, ജാനകി, സരസ്വതി.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
|