നാട്ടുകാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രമല്ല, സഭാധിപനുവരെ എന്തു സഹായത്തിനും സമീപിക്കാവുന്ന ശക്തനായ ചന്ദ്രഗിരിയിലെ മാധവേട്ടനെ (സായികുമാര്‍) ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ബദല്‍ സര്‍ക്കാരായ മാധവേട്ടന് ശരിക്കുവേണ്ടി എന്തു നിയമലംഘനവും നടത്താന്‍ മടിയില്ലാത്തയാളാണ്. അതുകൊണ്ടു എല്ലാ മേഖലയിലും ശത്രുക്കളും ധാരാളം. പ്രാദേശിക തറവാട്ടുകുടിപ്പകക്കാരും രാഷ്ട്രീയക്കാരും അന്തര്‍സംസ്ഥാന മാഫിയകളും ചേര്‍ന്ന് മാധവേട്ടനെതിരെ തിരിയുകയും അരുതാത്തത് സംഭവിക്കുകയും ചെയ്യുമ്പോള്‍ മകന് അര്ജുന് (പൃഥ്വിരാജ്) ആഞ്ഞടിക്കുകയാണ്.
പലതവണ കണ്ട കഥാതന്തുവാണെങ്കിലും ഒരു 'ക്വിക് റഫറന്‍സി'ന് 'നാടുവാഴികളും' 'ലേല'വും കൂട്ടുപിടിക്കാം. ഈ ചിത്രങ്ങളില്‍ പ്രവചിക്കാവുന്ന കഥാസന്ദര്‍ഭങ്ങള്‍ ആവേശകരമായി അവതരിപ്പിച്ചതാണ് പ്രേക്ഷകപ്രീതിക്കിടയാക്കിയത്. ഷാജി കൈലാസിന്റെ കഷ്ടകാലത്തിന് 'സിംഹാസന'ത്തിന് അത്തരമൊരു ആവേശം ഒരുഘട്ടത്തിലും ഉണര്ത്താനാകുന്നില്ല. ഇത്തരത്തില്‍ ആവേശമുണ്ടാക്കുമെന്ന് കരുതി ചിത്രീകരിച്ച രംഗങ്ങളാകട്ടെ, പരാജയപ്പെടുകയും ചെയ്തു. മോഹന്‍ലാലിന്റെ 'ഈ വണ്ടിക്ക് റിവേഴ്സ് ഗിയറില്ല' എന്ന ഡയലോഗ് സംഘട്ടനരംഗത്ത് നായകന് അനുകരിക്കുന്നതൊക്കെ പരിതാപകരമാണ്.
ഷാജിയുടെ തന്നെ വിരസമായ തിരക്കഥ, അതിലും പതിഞ്ഞതാളത്തിലുള്ള സംവിധാനവും കൂടിയായപ്പോള്‍ എല്ലാം പൂര്‍ണമായി. പുതിയ പ്രമേയങ്ങളുടെ തള്ളിക്കയറ്റത്തിനിടെ പഴകി തുരുമ്പിച്ച കഥയും തിരക്കഥയും ഒരു വ്യത്യസ്തതയുമില്ലാതെ സ്ക്രീനിലെത്തിച്ചത് അപാരമായ ധൈര്യമാണ്.
സായികുമാറിന്റെ മാധവനാണ് ചിത്രത്തിന് ജീവസ്സേകുന്ന കഥാപാത്രം. അദ്ദേഹമത് ഭംഗിയായി അവതരിപ്പിച്ചിട്ടുമുണ്ട്. നായകനായ അര്‍ജുനും അത്രകണ്ടു മോശമായില്ല. പേരിനു രണ്ടുനായികമാരായി വന്ദനയും ഐശ്വര്യ ദേവനുമുണ്ട്. ഒരാള്‍ തറവാട്ടില്‍ തുളസിച്ചെടിക്ക് വെള്ളം ഒഴിച്ചുനടക്കുന്ന ഹാഫ് സാരിക്കാരി, മറ്റെയാള്‍ ബംഗളൂരുവില്‍ നിന്നുള്ള പരിഷ്കാരി (രണ്ടും 'ആറാം തമ്പുരാനെ' ഓര്‍മിപ്പിക്കും). ഷാജി കൈലാസ് ടീമിലെ സ്ഥിരം അഭിനേതാക്കളായ സിദ്ദിഖ്, തിലകന്, വിജയകുമാര്‍, അനില്‍ പപ്പന്, ജയന് ചേര്‍ത്തല തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
റോണി റാഫേലിന്റെ സംഗീതം ശരാശരിക്കും താഴെയാണ്. ഗാനചിത്രീകരണവും മേന്മയുള്ളതല്ല. ഒരേ തരത്തിലുള്ള ഉത്സവ ഗാനങ്ങള്‍ പത്തുമിനിട്ടുവ്യത്യാസത്തില് ആദ്യപകുതിയില്ഉള്ക്കൊള്ളിച്ചിരിക്കുന്നത് അരോചകമാണ്. ഷാജിയും വിഷ്ണു നമ്പൂതിരിയും സംവിധായകന്റെ സ്ഥിരം ശൈലിക്ക് ഇണങ്ങുംവിധം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഡോണ്മാക്സിന്റെ എഡിറ്റിങ്ങിന് പതിവ് ചടുതലയില്ല.
ഷാജി കൈലാസ് ചിത്രത്തില്‍ പതിവായി കടന്നുവരുന്ന ഫ്യൂഡല്‍ ചട്ടമ്പിത്തരവും സവര്‍ണ മേല്‍ക്കോയ്മയും ഇതിലുമുണ്ട്. സവര്‍ണ നാട്ടുപ്രമാണി, അടിയാളന്മാര്, ഇളമുറത്തമ്പുരാനെ അരിയിട്ടു വാഴിക്കല്‍, അധമജാതിക്കാര്ക്ക് ക്ഷേത്രത്തിലെ അയിത്തം തുടങ്ങിയവ ഉദാഹരണങ്ങള്‍. ഷാരടി, ഏറാടി, ശര്‍മ തുടങ്ങിയ പരിവാരങ്ങളും എന്തിനുംപോന്ന അംഗരക്ഷകനായി ഒരു ജമാലും തമ്പുരാന് ഉണ്ടെന്നത് ശ്രദ്ധേയം.
ചിത്രത്തിലെ ആര്‍ച്ച് ബിഷപ്പുപോലും ഉദാഹരണങ്ങള്‍ ഉദ്ധരിക്കുന്നത് ഹിന്ദുപുരാണങ്ങളില്‍ നിന്നാണ്. ബിഷപ്പിന് ജ്യോത്സ്യത്തിലും ഹൈന്ദവസംസ്കാരങ്ങളിലും താല്‍പ്പര്യവും അവഗാഹവുമുണ്ടെന്നതും ശ്രദ്ധേയമാണ്.
തനിക്ക് പറ്റിപ്പോയ നാക്കുപിഴകള്ക്ക് നായക കഥാപാത്രത്തിന്റെ വാചകങ്ങളിലൂടെ പൃഥ്വിരാജ് പ്രേക്ഷകരോട് മാപ്പുചോദിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ പലതും അടിപതറിയിട്ടും വിലയിരുത്തലിനു തയ്യാറാകാന്‍ ഷാജി കൈലാസ് ശ്രമിച്ചിട്ടില്ലെന്ന് 'സിംഹാസനം' കണ്ടിറങ്ങുമ്പോള്‍ ഉറപ്പിക്കാം. നായകകഥാപാത്രം പറയുന്ന 'വധിച്ചുകളയും നിന്നെ ഞാന്‍' എന്ന ഡയലോഗിന്റെ അര്‍ഥം പ്രേക്ഷകന് ശരിക്കും മനസിലാകുന്നത് സിനിമ കണ്ടിറങ്ങുമ്പോഴെന്നു ചുരുക്കം.