ഓര്‍ഡിനറിയില്‍ അല്ലലില്ലാ യാത്ര
പേരു പോലെ സാധാരണമായൊരു പ്രമേയമാണ് സുഗീത് സംവിധാനം ചെയ്ത 'ഓര്‍ഡിനറി'ക്ക്. എന്നാല്‍ 'ഓര്‍ഡിനറി'യുടെ അടിസ്ഥാന സൌകര്യങ്ങളില്‍ ഫാസ്റ്റ് പാസഞ്ചറിന്റെ സൌകര്യങ്ങള്‍ തരാന്‍ ശ്രമിച്ചു എന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ഗവിയെന്ന ഉപയോഗിക്കപ്പെടാത്ത സുന്ദരഭൂമിയുടെ വശ്യതയും പ്രധാന കഥാപാത്രങ്ങളുടെ കെമിസ്ട്രിയും ചിത്രത്തിന് ചന്തം കൂട്ടും.
അച്ഛന്റെ മരണത്തെത്തുടര്‍ന്ന് കിട്ടുന്ന കണ്ടക്ടര്‍ ജോലിക്ക് കെ.എസ്.ആര്.ടി.സിയില്‍ ഇരവിക്കുട്ടന്‍ പിള്ള (കുഞ്ചാക്കോ ബോബന്) പ്രവേശിക്കുന്നിടത്ത് കഥ തുടങ്ങുന്നു. ഇരവിക്ക് കിട്ടുന്ന ഡ്യൂട്ടി പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്കുള്ള ഒറ്റ ട്രിപ്പ് സര്‍വീസിലാണ്. ഡ്രൈവര്‍ സുകു (ബിജു മേനോന്) എന്ന സഹപ്രവര്‍ത്തകനൊപ്പം ദൈനംദിനമുള്ള ഗവി യാത്രക്കിനിടെ ബസിലും അന്നാട്ടിലുമുള്ള സ്ഥിരം കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കും പരിചിതരാകുന്നു.
റിട്ടയേഡ് അധ്യാപകനായ വേണു മാഷ് (ലാലു അലക്സ്), ഗവിയിലെ പോസ്റ്റ് വുമണ്‍ അന്ന (ആന്‍ അഗസ്റ്റിന്), ജോസ് മാഷ് (ജിഷ്ണു), ഭദ്രന് (ആസിഫ് അലി), ബസിലെ സ്ഥിരം യാത്രക്കാരായ കല്യാണി (ശ്രീത ശിവദാസ്), വക്കച്ചന് (ബാബുരാജ്) തുടങ്ങിയവര്‍ ഇതില്‍ പ്രമുഖര്‍.
എല്ലാരുമായും അടുത്തശേഷം പെട്ടെന്നുണ്ടാകുന്ന ചില സംഭവങ്ങള്‍ ഇരവിയുടെയും ഇവരില്‍ പലരുടേയും ജീവിതത്തിലുമുണ്ടാക്കുന്ന വഴിത്തിരിവുകളുമാണ് രണ്ടാം പകുതിയുടെ സത്ത.
ആദ്യ പകുതി ഗവിയിലേക്കുള്ള ബസ് യാത്രയും അതിലൂടെയുള്ള കഥാപാത്ര പരിചയവുമാണ് തിരക്കഥാകൃത്തുക്കളായ നിഷാദ് കോയയും മനുപ്രകാശും ഉദ്ദേശിച്ചിരിക്കുന്നത്. അത് പരമാവധി ആസ്വാദ്യമായി അവര്‍ ചെയ്തിരിക്കുന്നത് ബിജു മേനോന്റെ സുകുവെന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തിയുമാണ്.
സുകുവിന്റെ പാലക്കാടന്‍ സംഭാഷണവും ഉരുളക്കുപ്പേരി പോലുള്ള മറുപടികളും എല്ലാത്തരം പ്രേക്ഷകരെയും കൈയിലെടുക്കുന്നുണ്ട്. ആദ്യ പകുതിയിലെ ഹൈലൈറ്റും ഇതുതന്നെ. ശക്തമായ പിന്തുണയുമായി ബാബുരാജിന്റെ വക്കച്ചനെന്ന കുടിയന് കഥാപാത്രവുമുണ്ട്. സുകു -ഇരവി സ്ക്രീന്‍ കെമിസ്ട്രിയും രസകരമാണ്. ശരാശരി മലയാളിയുടെ ഗൃഹാതുരതയുടെ ഭാഗമായ കെ.എസ്.ആര്.ടി.സി ബസിന്റെ മുഴുനീള സാന്നിധ്യവും ചിത്രത്തിന് ഭംഗി കൂട്ടുന്നുണ്ട്.
ഇടവേളക്ക് തൊട്ടുമുന്‍പ് വരെ കഥ ഒരുതരത്തിലും പുരോഗമിക്കുന്നില്ല എന്നതാണ് ആദ്യ പകുതിയുടെ പ്രശ്നം. പിന്നീടാകട്ടെ, കഥ നീങ്ങുന്നത് പല തവണ കണ്ട ചട്ടക്കൂട്ടിലൂടെ നായകനുണ്ടായ കുരുക്ക് അഴിച്ച് യഥാര്‍ഥ വില്ലനെ കണ്ടെത്തുന്നതിലാണെന്നതിലാണ് തിരക്കഥാകൃത്തുക്കളുടെ ദൌര്‍ബല്യം തെളിഞ്ഞുകാണുന്നത്.
അഭിനേതാക്കളില്‍ ബിജു മേനോനാണ് മുഴുവന്‍ മാര്‍ക്കും. അത്ഭുതങ്ങളൊന്നുമില്ലെങ്കിലും ചെയ്ത ജോലി ഭംഗിയാക്കാന്‍ കുഞ്ചാക്കോ ബോബനും പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. കുടിയന് 'ഗവി ബോയ്' വേഷം ബാബുരാജിന്റെ അടുത്തിടെയുള്ള വൈവിധ്യമുള്ള വേഷങ്ങളില്‍ മികച്ചതാണ്. എന്നാല്‍ ആദ്യപകുതിയില്‍ സജീവമായിരുന്ന ഈ കഥാപാത്രത്തിന് രണ്ടാം പകുതിയില്‍ വേണ്ട പ്രാധാന്യം കിട്ടുന്നില്ല.
പുതുമുഖ നായിക ശ്രീത നിരാശപ്പെടുത്തിയില്ല . ക്ലീന്‍ വേഷവുമായി ജിഷ്ണുവും ബിജുമേനോന്റെ ജോഡിയായ ലതയായി വൈഗയും സാന്നിധ്യമറിയിച്ചു. പരുക്കന്‍ രൂപഭാവങ്ങളില്‍ ആസിഫ് അലി വ്യത്യസ്തനായിരുന്നെങ്കിലും സംഭാഷണങ്ങളിലും വൈകാരികപ്രകടനങ്ങളിലും പലപ്പോഴും അതിഭാവുകത്വത്തിലേക്ക് വഴുതിവീഴുന്നുണ്ട്. ആന്‍ അഗസ്റ്റിന്റെ വൈകാരികരംഗങ്ങളിലും പ്രശ്നം ഇതുതന്നെ.
ഗവിയുടെ ഭംഗി ആദ്യാവസാനമുള്ള ഫ്രെയിമുകളില്‍ നിറച്ചുനിര്‍ത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതില്‍ ഫൈസല്‍ അലിയുടെ ക്യാമറ വഹിച്ച പങ്ക് ചെറുതല്ല. വിദ്യാസാഗറിന്റെ ശ്രദ്ധിക്കപ്പെടുന്ന ഗാനങ്ങള്‍ ഭംഗിയായി ചിത്രീകരിക്കപ്പെട്ടിട്ടുമുണ്ട്.
ഒരു സാധാരണ പ്രമേയം, കാര്യമായ പുതുമയില്ലാത്ത രണ്ടാം പകുതി, എന്നിട്ടുമത് പ്രേക്ഷകരെ കൈയിലെടുക്കാനാവും വിധം പറഞ്ഞുവെക്കാനായതാണ് സുഗീതിന്റെ വിജയം. പശ്ചാത്തലത്തിലെ വ്യത്യസ്തതയും ആദ്യപകുതിയിലെ ലളിതഹാസ്യവും വഴി കഥയിലെ കഴമ്പില്ലായ്മ വിദഗ്ധമായി മറിക്കടക്കാനുള്ള കൈത്തഴക്കം കന്നിചിത്രത്തില്തന്നെ സംവിധായകന് നേടിയിട്ടുണ്ട്.
ചുരുക്കത്തില്‍ , രസകരമായ ആദ്യപകുതിയും സാധാരണമായ രണ്ടാം പകുതിയുമുള്ള 'ഓര്‍ഡിനറി' പുതുമയുള്ള പശ്ചാത്തലവും പ്രധാന കഥാപാത്രങ്ങളുടെ മികച്ച പ്രകടനവും നല്കുന്ന ജീവന്വഴി പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരമാവും.
കടപ്പാട് : സിനിമാജാലകം.കോം (സിനോവ് സത്യന് )