തമ്പി [കോട്ടയം നസീര്‍] സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ ആ ചിത്രത്തിലെ പ്രധാന നടനായ സുധീര്‍ [സുരേഷ് കൃഷ്ണ]കൊല്ലപ്പെടുന്നു. സുപ്രിയയുമായുള്ള [സന്ധ്യ] ഒരു രംഗം ചിത്രീകരിക്കുന്നതിനു ഇടയിലായിരുന്നു കൊലപാതകം.സിനിമയുടെ ആര്‍ട്ട് ഡയറക്ടര്‍ ആയ വൈശാഖനെയാണ് [ബാല] എല്ലാവരും സംശയിക്കുന്നത്. മന്ത്രിയുടെ മകന് കൂടിയായ സുധീറിന്റെ കൊലപാതകം അന്വേഷിക്കാന്‍ വിഷ്ണു സഹസ്രനാമം ഐ.പി.എസ്. എത്തുന്നു. അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ വിഷ്ണു സഹസ്രനാമം സത്യം കണ്ടെത്തുന്നു. കുറ്റാന്വേഷണത്തിന്റെ ഭാഗമെടുത്താല്‍ സാമാന്യം ഭേദപ്പെട്ടൊരു കഥാതന്തുവാണ് ഡോ. എസ്. ജനാര്ദ്ധനന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചില പാളിച്ചകള്‍ ഉണ്ടെങ്കിലും യാഥാര്‍ത്ഥ്യം ഭ്രമാത്മകത ഇവയെ നന്നായി ഇടകലര്‍ത്തി പ്രയോഗിച്ചിട്ടുണ്ട് ചിത്രത്തില്‍. അനാവശ്യമായ സബ് പ്ലോട്ടുകള്‍ സംവിധായകന് ഒഴിവാക്കാമായിരുന്നു. ആവര്‍ത്തനവിരസതകൊണ്ടോ സന്ദര്‍ഭങ്ങളുടെ തീവ്രതക്കുറവുകൊണ്ടോ തിരക്കഥ അത്ര പ്രശംസാത്മകമായ രീതിയില്‍ വന്നില്ല എന്നതാണ് ഈ സിനിമയുടെ പ്രധാന ന്യൂനത.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി എം. ജയചന്ദ്രന് ഈണം പകര്‍ന്നിരിക്കുന്ന രണ്ട് ഗാനങ്ങളാണിതില്‍ ഉള്ളത് . ആല്‍ഫോന്‍സ് ആലപിച്ചിരിക്കുന്ന "കണ്ണേ വാ..." എന്ന ഗാനവും ചിത്ര പാടിയ "ഏതോ രാവില്‍..." എന്ന ഗാനവും. "ഏതോ രാവില്‍..." എന്ന ഗാനത്തിന്റെ ചിത്രീകരണം നമ്മെ ഓര്‍മിപ്പിക്കുന്നത് മണിച്ചിത്രത്താഴിലെ "ഒരു മുറൈവന്തു പാര്‍ത്തായ..." എന്ന ഗാനമാണ്.
പൊതുവേ പറഞ്ഞാല്‍ അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളുടെ ദയനീയതകളില്‍ നിന്ന് വിട്ടുമാറി നില്ക്കുന്ന ഒരു ചിത്രം.