2007-ല്‍ പുറത്തിറങ്ങിയ കനേഡിയന്‍ ചലച്ചിത്രമായ "Butterfly On A Wheel" എന്ന ചലച്ചിത്രം എന്ന ചിത്രം ഏതാണ്ട് പൂര്‍ണമായി പകര്‍ത്തി എഴുതിയിരിക്കുന്നതാണ് 'കോക്ക്ടെയ്ല്'. കനേഡിയന്‍ ചിത്രത്തെ മലയാളീകരിക്കുക എന്ന പ്രക്രിയയാണ് എഴുത്തുകാര്‍ ചെയ്തിരിക്കുന്നത്. അനൂപ് മേനോന് സ്ഥിരം ശൈലിയിലുള്ള സംഭാഷണങ്ങള്‍ ഒഴിവാക്കി, കഥാപാത്രങ്ങളുടെ മാനസികാവസ്ഥ അതേപടി പ്രതിഫലിക്കുന്ന സംഭാഷണങ്ങളാണ് ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. അത് തന്നെയാണ് ഈ ചിത്രത്തിലെ പ്രത്യേകതയും...സംഭാഷണങ്ങളുടെ ഈ മികവാണ് കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് കഥ മാറ്റി നടുമ്പോഴും ഒട്ടും അസ്വാഭാവികത തോന്നിക്കുന്നില്ല എന്നതിനു പ്രധാന കാരണവും. പ്രിയദര്ശന് ചിത്രങ്ങളുടെ സ്ഥിരം ചിത്രസന്നിവേശകനായ അരുണ്‍കുമാര്‍ തന്റെ ആദ്യ സംവിധാന സംരംഭം അച്ചടക്കത്തോടെ ഒരു യഥാര്‍ത്ഥ ബോധത്തോടെ ചെയ്തു എന്നുള്ളത് കൊണ്ടു തന്നെ ഇത് യഥാര്‍ത്ഥ ചിത്രത്തോട് കിടപിടിക്കുന്നതാണ്.
വെങ്കിയെന്ന എന്ന കഥാപാത്രത്തെ ജയസൂര്യ അധികം പരിക്കുകളില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരു നായകനായ രവി എബ്രഹാമിനെ അവതരിപ്പിച്ച അനൂപ് മേനോനും തന്റെ വേഷത്തോട് നീതി പുലര്‍ത്തി. ഒരു മുഴുനീള വേഷം ചെയ്യുവാന്‍ ലഭിച്ച അവസരം നന്നായി പ്രയോജനപ്പെടുത്തുവാന്‍ സംവൃത സുനിലിനു കഴിഞ്ഞു.
ചിത്രസന്നിവേശകന്‍ എന്ന നിലയിലുള്ള തന്റെ അനുഭവജ്ഞാനം ഈ ചിത്രത്തില്‍ വേണ്ടവിധം പ്രയോഗിക്കാന്‍ അരുണ്‍ കുമാറിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സംവിധായന് എന്നതിലധികമായി ചിത്രസന്നിവേശകന്‍ എന്ന നിലയിലാണ് അരുണ്‍ കുമാര്‍ ഈ ചിത്രത്തില്‍ ശോഭിക്കുന്നത്.
ചിത്രത്തിനെ ക്ലൈമാക്സ്ലാണ് ഈ ചിത്രം യഥാര്‍ത്ഥ ചിത്രത്തില്‍ നിന്ന് അകന്നു പോകുന്നത്. പക്ഷെ അത് മോശമല്ലാത്ത രീതിയില്‍ ചെയ്തിട്ടുണ്ട് ചിത്രത്തിന്റെ അണിയറക്കാര്‍. നവാഗതനായ രതീഷ് വേഗയുടെ പശ്ചാത്തലസംഗീതവും ചിത്രത്തിനു നന്നായിണങ്ങുന്നു. സന്തോഷ് വര്‍മ്മയും അനില്‍ പനച്ചൂരാനുമെഴുതി, അല്ഫോന്സും രതീഷ് വേഗയും ഈണമിട്ട ഗാനങ്ങള്‍ ഏറെ ശോഭിക്കുന്നില്ല, അവ തീര്‍ത്തും അപ്രസക്തങ്ങളുമാണ്.
വളരെ നാളുകള്‍ക്കു ശേഷമാണ് ഒരു ചിത്രത്തിലെ സംഭാഷണങ്ങള്‍ക്ക് ആളുകള്‍ കൈയ്യടിക്കുന്നത് കേള്‍ക്കുന്നത്. കൂടാതെ ചിത്രത്തിനെ ആവസാനം സാധാരണ കേള്‍ക്കാറുള്ള കൂവലുകള്‍ക്കു പകരം ആളുകള്‍ കൈയ്യടിക്കുന്നത് കേള്‍ക്കുന്നതും നല്ലൊരു അനുഭവമായിരുന്നു. ചിത്രത്തിനെ തുടക്കം സാധാരണ രീതിയിലാണെങ്കിലും ജയസൂര്യയുടെ വെങ്കി എന്ന കഥാപാത്രത്തിന്റെ കടന്നു വരവോടെ ചിത്രം ഒരു സസ്പെന്‍സ് ത്രില്ലരിലേക്ക് തിരിയുന്നു.
അധികം വലിച്ചു നീട്ടാതെ രണ്ടു മണിക്കൂറിനുള്ളില്‍ ചിത്രം അവസാനിക്കുന്നു. സ്ഥിരം ത്രില്ലെര്‍ സിനിമകളില്‍ കാണാറുള്ള അധര വ്യായാമങ്ങള്‍ ഈ ചിത്രത്തില്‍ മനപൂര്‍വം ഒഴിവാക്കിയിരിക്കുന്നു. നാടകീയമായ ഭാഷ ഒഴിവാക്കി സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ തന്നെ രചയിതാവ് ഉപയോഗിച്ചിരിക്കുന്നു. ഇങ്ങനെ മറ്റു ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് അനുകരിക്കാവുന്ന പലതും ഈ ചിത്രത്തില്‍ ഉണ്ട്...അനാവശ്യമായ ഗാനങ്ങളും, ഒഴിവാക്കാമായിരുന്ന ചില കഥാപാത്രങ്ങളും രംഗങ്ങളും ചിത്രത്തിലിടം നേടിയതും മാത്രമേ കല്ലുകടിയാവുന്നുള്ളൂ. യഥാര്‍ത്ഥ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു വെയ്ക്കുകയും, കഥ-തിരക്കഥ എഴുതിയതെന്ന പേരില്‍ മറ്റൊരാളുടെ പേരെഴുതി കാണിക്കുകയും ചെയ്തത് മോശമായി പോയി. യാഥാര്‍ത്ഥ്യം പ്രേക്ഷകര്‍ അറിഞ്ഞു എന്ന് കരുതി യാതൊരു നഷ്ടവും ചിത്രത്തിന് വരുവാന്‍ പോകുന്നില്ല. കാരണം ഞാനുള്‍പ്പെടെ വളരെ കുറച്ചു മലയാളികള്‍ മാത്രമേ "Butterfly On A Wheel" കണ്ടിട്ടുള്ളു എന്നുള്ളത് തന്നെ.
സിനിമയെ ഇതുപോലെ യാഥാര്‍ത്ഥ്യ ബോധത്തോടെ കാണുന്ന കൂടുതല്‍ മലയാളി ചെറുപ്പക്കാര്‍ കടന്നു വരും എന്ന് പ്രത്യാശിക്കാം....