മദ്യപനായ മരംവെട്ടുകാരന് അയ്യപ്പന് ഒരു ദിവസം ഗ്രാമവാസികളെ അറിയിച്ചു. ശാരദ എസ്റ്റേറ്റിലെ കൊച്ചുമുതലാളിയായ ശശി വെടയേറ്റു മരിച്ചുകിടക്കുന്നുവെന്നു്. അയ്യപ്പന് പറഞ്ഞ സ്ഥലത്തു് അന്വേഷിച്ചുവന്ന ആളുകള്‍ കണ്ടതു് വെടിയേറ്റു ചത്തുകിടക്കുന്ന ഒരു പന്നിയെ ആയിരുന്നു. അന്വേഷണത്തിനു വന്ന ഇന്‍സ്പെക്ടര്‍ ശശിയുടെ വീട്ടില്‍ ചെന്നു് അന്വേഷണം നടത്തുന്നു. ശശിയുടെ ചിറ്റമ്മ ശാരദ ശശി മരണപ്പെട്ടിരിക്കുമെന്ന കാര്യം നിഷേധിക്കുന്നു. ആരോടും പറയാതെ നഗരത്തിലേക്കു പോകുന്ന സ്വഭാവമാണു് ശശിയുടേതെന്നു് അവര്‍ പറയുന്നു. അവിടെയുള്ള തോക്കിനെക്കുറിച്ചന്വേഷണം നടത്തിയപ്പോള്‍ ചെറിയ റിപ്പയറിന്നായി ശശി കൊണ്ടുപോയിരിക്കയാണെന്നു ശാരദ പറഞ്ഞു. ഇന്‍സ്പെക്ടര്‍ ആ തോക്കിലെ ബുള്ളറ്റുകള്‍ വാങ്ങി പോകുന്നു.
പിറ്റേന്നു് ഇന്‍സ്പെക്ടര്‍ വന്നു് വെടിയേറ്റ പന്നിയില്‍ നിന്നും എടുത്ത ബുള്ളറ്റുകള്‍ അതേ തോക്കിലെയാണെന്നു് ശാരദയെ അറിയിച്ചു. തെളിവെടുപ്പുകള്ക്കിടയ്ക്കു് ഇന്‍സ്പെക്ടര്‍ക്കു് ഒരു കാര്യം മനസ്സിലാകുന്നു. ശശിയും ചിറ്റമ്മയും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല എന്നു്.
വിധവയായ ശാരദയ്ക്കു് ഒരു കാമുകനുണ്ടായിരുന്നു. എസ്റ്റേറ്റു് ഓണറായിരുന്ന സുരേന്ദ്രന്. ശശിയുടെ അപ്രത്യക്ഷതയെക്കുറിച്ചു അന്വേഷണം നടത്തുമ്പോള്‍ തങ്ങള്‍ ഇരുവരുടെയും അനാശാസ്യബന്ധം പുറത്താകുമോ എന്നവര്‍ ഭയന്നു.
ശശിയെ അന്വേഷിച്ചു് ശശിയുടെ ഒരു കൂട്ടുകാരനായ പ്രകാശ് അവിടെ വരുന്നു. ശശി സ്ഥലത്തില്ലെന്നും വരുന്നതു വരെ എസ്റ്റേറ്റില്‍ താമസിക്കണമെന്നും ശാരദ പറഞ്ഞതനുസരിച്ചു് പ്രകാശ് എസ്റ്റേറ്റില്‍ താമസമാക്കുന്നു.
സ്ഥലം കാണാന്‍ ഇറങ്ങിയ പ്രകാശിനു് ഗ്രാമവാസികളുമായിട്ടുള്ള സംസാരത്തില്‍ നിന്നു് ശശിയുടെ അപ്രത്യക്ഷത ശശിയുടെ മരണം മൂലം തന്നെയാണെന്നു സംശയം ജനിക്കുന്നു. അയാളറിയാതെ അയാളെ നാരായണന് എന്നൊരാള്‍ പിന്തുടരുന്നുണ്ടായിരുന്നു. നാരായണന് മറ്റൊരു എസ്റ്റേറ്റിലെ കാര്യസ്ഥനായിരുന്നു.
ഒരു ദിവസം പ്രകാശ് ഗൗരി എന്നു പേരായ ഒരു പെണ്‍ക്കുട്ടിയെ കണ്ടുമുട്ടുന്നു. നാരായണന് കാര്യസ്ഥനായ എസ്റ്റേറ്റിലെ ഉടമ ജാനകിയുടെ മകളാണു് ഗൗരി എന്നയാള്‍ മനസ്സിലാക്കുന്നു. ഗൗരിയും പ്രകാശുമായി പ്രേമമാകുന്നു.
എസ്റ്റേറ്റിലെ ജോലിക്കാരുമായുള്ള സംസാരത്തിനിടയ്ക്കു് ശാരദയും ശശിയും തമ്മില്‍ എന്നും വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നും ശശി ശാരദയെ ഭാഷണിപ്പെടുത്തി പണം വാങ്ങാറുണ്ടായിരുന്നുവെന്നും പ്രകാശ് മനസ്സിലാക്കുന്നു.
ഒരു ദിവസം നാരായണന്റെ കുടില്‍ പരിശോന നടത്തിയ പ്രകാശ് രണ്ടു് ഫോട്ടോകള്‍ കാണുന്നു. ഒരു ഫോട്ടോ ഗൗരിയും ഒരപരിചിതനും കൂടിയുള്ളതും മറ്റൊന്നു് ഒരപരിചിതനും കുട്ടിയും കൂടിയുള്ളതുമായിരുന്നു.
ഒരു സമാഗമവേളയില്‍ ഗൗരിയോടു് പ്രകാശ് അവളുടെ ഒരു പൂര്‍വ്വകാല പ്രേമബന്ധത്തെക്കുറിച്ചു് ചോദിച്ചു. അവള് നിഷേധിച്ചു.
ശാരദയുടെ ഉടമസ്ഥതയിലുള്ളതും പൂട്ടിയിട്ടതും പിശാചുബാധയുള്ളതെന്നു് ഗ്രാമവാസികള്‍ പറയുന്നതുമായ വീടു് ഒരു ദിവസം പ്രകാശ് പരിശോധിക്കുന്നു. അതിനുള്ളില്‍ അയാള്‍ ശാരദയുടെ മൃതദേഹം കണ്ടെത്തി. തല്‍ക്ഷണം തലയ്ക്കടിയേറ്റു് പ്രകാശ് ബോധരഹിതനാകുന്നു. ബോധം തെളിഞ്ഞ പ്രകാശ് ശശിയുടെ മൃതദേഹം അവിടെനിന്നു് അപ്രത്യക്ഷമായതായി കണ്ടു.
സംശയത്തിന്റെ കുരുക്കുകള്‍ അഴിയ്ക്കാനാവാതെ പ്രകാശ് കുഴങ്ങി. എങ്കിലുമയാള്‍ അന്വേഷണം തുടര്‍ന്നു. യഥാര്‍ത്ഥ കുറ്റവാളി ആരായിരുന്നു?
ശേഷം വെള്ളിത്തിരയില്‍
|