അന്ധരായ കൊച്ചുബേബി-മേരി ദമ്പതികളുടേയും അവരുടെ മകളായ ലില്ലിക്കുട്ടിയുടേയും കഥയാണ് ചിത്രം പറയുന്നത്. പള്ളി നടത്തുന്ന മെഴുകുതിരി നിര്‍മാണ കേന്ദ്രത്തിലാണ് കൊച്ചു ബേബി ജോലി ചെയ്യുന്നത്. കാഴ്ച നഷ്ടപ്പെടുന്നതിനു മുന്‍പുള്ള ലോകത്തെക്കുറിച്ചുള്ള ഓര്‍മകളാണ് തികഞ്ഞ ശുഭാപ്തി വിശ്വാസിയായ ഇയാളുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. ആരുടേയും സഹായമില്ലാതെ ആണ് കൊച്ചുബേബിയുടെ അമ്മ അയാളെ വളര്‍ത്തിയത്. അതുകൊണ്ടുതന്നെ എന്തിനെയും അതിജീവിക്കാനുള്ള കരുത്തു അയാളില്‍ വളര്‍ത്താന്‍ ആ അമ്മക്ക് കഴിഞ്ഞിരുന്നു. വിവാഹം കഴിക്കാനും ജീവിതത്തില്‍ മുന്നോട്ടു പോകാനും കൊച്ചുബേബിക്ക് സാധിച്ചെങ്കിലും ജീവിതം അല്പം വേറിട്ട വഴിയിലൂടെയാണ് നീങ്ങിയത്.
കഥാപാത്രങ്ങളുടെ മാനസിക നിലയുമായി താദാത്മ്യം പ്രാപിക്കാന്‍ അഭിനേതാക്കള്‍ക്കായി, അതുകൊണ്ട് തന്നെ കഥാപാത്രങ്ങളെ അഭിനയിച്ചു പ്രതിഫലിപ്പിക്കാനും അവരെ പ്രേക്ഷകരിലേക്ക് എത്തിക്കാനും കഴിഞ്ഞു. ഒരു സ്വപ്നത്തില്‍ തുടങ്ങുന്ന ചിത്രം അവസാനിക്കുന്നത് മറ്റൊരു സ്വപ്നത്തിലാണ്. ചെറിയ ഒരു കഥാതന്തു ആവശ്യത്തിലധികം വലിച്ചു നീട്ടി എന്നതൊഴിച്ചാല്‍, പ്രേംലാല്‍ ചിത്രത്തിലെ ആശയത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്.