ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഉര്‍വ്വശിയും അര്‍ച്ചന കവിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായ അമ്മയേയും മകളേയും അവതരിപ്പിക്കുന്നത്.
മുകേഷ്, കുഞ്ചാക്കോ ബോബന്, ലാലു അലക്സ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. കൂടാതെ സുരേഷ് ഗോപിയുടെ സാന്നിധ്യം ചിത്രത്തില്‍ അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ രൂപത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
മമ്മി & മി എന്ന പേര് ഓര്‍മിപ്പിച്ചത് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തെ ആണ്.
പക്ഷെ ആ ചിത്രത്തില്‍ നിന്ന് തുലോം വ്യത്യസ്തമാണ് മമ്മി & മി. കാലിക പ്രസക്തമായ ഒരു കഥ, അത് രണ്ടു സ്ത്രീകളെ കേന്ദ്ര കഥാപാത്രമാക്കി ചെയ്തതിനു ജിത്തു ജോസെഫിനെ അഭിനന്ദിക്കണം. അമ്മയുടെ അമിതമായ ഇടപെടലുകള്‍, കുട്ടികളുടെ അമിത സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹങ്ങള്‍, ഇന്റര്‍ നെറ്റും ചാറ്റിങ്ങും ഉണ്ടാക്കാനിടയുള്ള ചില സ്വാധീനങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയ കാലിക പ്രസക്തമായ വിഷയങ്ങള്‍ തിരക്കഥയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു . പക്ഷെ ഈ വിഷയങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ മലയാള സിനിമ കാലങ്ങളായി ഉപയോഗിക്കുന്ന പഴഞ്ചന്‍ രീതികളാണ് സംവിധായകന് ഉപയോഗിച്ചത്. കുഞ്ചാക്കോ ബോബനെയും സുധീഷിനെയും കോളേജ് കുമാരന്മാരായി അവതരിപ്പിക്കുന്നതിനെ അക്രമം എന്ന് തന്നെ പറയണം. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയും ഷെല്ട്ടന് പിനേറോയും ചേര്‍ന്നെഴുതി സെജോ ജോണ്‍ സംഗീതം നല്‍കിയിരിക്കുന്ന ഇതിലെ ഗാനങ്ങളൊക്കെയും അനവസരത്തിലാണ് ചിത്രത്തിലെത്തുന്നത്.ഈ ഗാനങ്ങള്‍ കാരണം ചിത്രം പലപ്പോഴും ഇഴഞ്ഞു നീങ്ങുന്നു. പ്രമേയം തിരഞ്ഞെടുക്കുന്നതില്‍ കാണിച്ച ആര്‍ജവം ചിത്രത്തിന്റെ മറ്റു മേഖലകളിലും കാണിച്ചിരുന്നെങ്കില്‍ ഈ ചിത്രം കൂടുതല്‍ നന്നായേനെ.