കോയമ്പത്തൂരിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ചുമതല ATS ഉദ്യോഗസ്ഥനായ സ്റ്റാലിന് മണിമാരനാണ് [പ്രകാശ് രാജ്]. അന്വേഷണങ്ങളെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട നിരവധിപ്പേര്‍ ജയിലിലാവുന്നു. കൂട്ടത്തില്‍ സമുദായ നേതാവ് ബാബു സേട്ടുമുണ്ട് [ലാല്‍]. ഹവാല പണവുമായി അറസ്റ്റിലാവുന്ന അന്‍വര്‍ എത്തുന്നതും അതേ ജയിലിലാണ്.കടുത്ത ഇസ്ലാം മത വിശ്വാസിയായ അന്‍വര്‍ , ബാബുസേട്ടിനേയും അനുയായികളെയും പരിചയപ്പെടുന്നു. അവരുമായുള്ള അടുപ്പം ജയിലില്‍ നിന്നിറങ്ങിയ അന്‍വറിനെ ബാബു സേട്ടിന്റെ നാടായ മട്ടാഞ്ചേരിയില്‍ എത്തിക്കുന്നു. അവിടെ അന്‍വര്‍ ബാബു സേട്ടിന്റെ വിശ്വസ്തനായ കൂട്ടാളിയാകുന്നു. തന്നെ അനാഥന് ആക്കിയവരോടുള്ള അന്‍വര്‍ന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം. പക്ഷെ ഇത് വിശ്വസനീയമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായന് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്.
അമല്‍ നീരദിന്റെ ആദ്യ ചിത്രം "Big B" ഹോളിവുഡ് ചിത്രമായ "Four Brothers" ന്റെ അനുകരണമായിരുന്നു എങ്കില്‍ 'അന്‍വര്‍' കടം കൊണ്ടിരിക്കുന്നത് "Traitor" എന്ന ചിത്രത്തില്‍ നിന്നാണ്. കൈകാര്യം ചെയ്ത വിഷയത്തിലെ രാഷ്ട്രീയം കൊണ്ടും ഡോണ്‍ ഷീഡിലിന്റെ മികച്ച അഭിനയം കൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ് "Traitor" . ഭംഗിയായി അടുക്കി വച്ച ഒരു തിരക്കഥയുടെ പിന്‍ബലം ആ ചിത്രത്തിനുണ്ടായിരുന്നു. ഈ ചിത്രത്തിലെ ചില മുഖ്യ കഥാപാത്രങ്ങളും ചില കഥാസന്ദര്‍ഭങ്ങളും കേരളീയ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയാണ് 'അന്‍വറി'ല്‍. പക്ഷെ "Traitor" എന്നാ ചിത്രത്തിന്റെ ശക്തി ആയിരുന്ന തിരക്കഥ തന്നെ ആണ് അന്‍വര്‍ ന്റെ ദൌര്‍ബല്യവും. Traitor എന്ന ചിത്രവുമായി ഈ ചിത്രത്തെ താരതമ്യം ചെയ്യുകയല്ല. ഭീമമായ മുതല്‍മുടക്കില്‍ , ലോകവിപണിതന്നെ ലക്ഷ്യമാക്കി, വിട്ടുവീഴ്ചകളില്ലാതെ ചെയ്ത ചിത്രത്തേയും, ചെറിയ മുതല്‍ മുടക്കില്‍ കേരളത്തിലെ ചെറിയ വിപണിയെ ലക്ഷ്യമാക്കി പുറത്ത് വന്ന ചിത്രത്തേയും താരതമ്യം ചെയ്യുന്നതില്‍ വലിയ കാര്യമില്ല.
സംവിധായകരാകുന്ന ഛായാഗ്രഹകര്ക്കൊക്കെ ഒരു അബദ്ധം പറ്റാറുണ്ട്. "Camera is King"എന്ന അബദ്ധ ധാരണയില്‍ യഥാര്‍ത്ഥ രാജാവായ തിരക്കഥയെ മറന്നു പോകും. ഇവിടെ അമല്‍ നീരദിന് പറ്റിയിരിക്കുന്നതും അത് തന്നെ. ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ഈ സിനിമ, എന്നിട്ടും സങ്കടത്തോടെ പറയട്ടെ തുടക്കം മുതല്‍ മലയാളത്തിലെ മുഖ്യധാര സിനിമാക്കാര് ചെയ്യുന്നത് അല്ലെങ്കില്‍ കാണിക്കുന്നത് തന്നെയാണ് ഈ ചിത്രത്തിലും കാണുന്നത്. നായകനും നായികയുമായുള്ള ഇഷ്ടം കാണിക്കാന്‍ അഞ്ചു മിനുട്ട് നീളുന്ന ഒരു പാട്ട്, തോക്കും വെടിക്കോപ്പും കൈയ്യിലുണ്ടായിട്ടും വില്ലന്മാരുമായി മുഷ്ടി യുദ്ധം ചെയ്യുന്ന നായകന്, പശ്ചാത്തല സംഗീതം എന്ന് പറഞ്ഞു നടത്തുന്ന ശബ്ദ കോലാഹലം..... ഹോളിവുഡ് സിനിമകളില്‍ നിന്ന് മോഷ്ടിക്കുമ്പോള്‍ അവരുടെ ശബ്ദബോധം കൂടി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെങ്കില്‍!!!!!
പ്രിഥ്വിരാജ് എന്ന നടന്റെ ശരീര മികവിനെ ചൂഷണം ചെയ്യുന്നു ഇതിലെ ആക്ഷന്‍ രംഗങ്ങള്‍. ഇതിലെ ആക്ഷന്‍ രംഗങ്ങള്‍ പ്രിഥ്വിക്ക് പകരം മറ്റൊരു നടനെ സങ്കല്‍പ്പിക്കുക തന്നെ പ്രയാസം. ദൃശ്യഭംഗിയോടൊപ്പം, റഫീഖ് അഹമ്മദിന്റെ വരികളും ഗോപി സുന്ദറിന്റെ സംഗീതവും മികവൊട്ടും കുറയാതെ ചേര്‍ന്നപ്പോള്‍ ഒന്നുരണ്ടു മികച്ച ഗാനങ്ങള്‍ ചിത്രത്തിലുണ്ടായി. ശ്രെയ ഗോശാല്‍ ആലപിച്ച "കിഴക്കുപൂക്കും മുരിക്കിനെന്തൊരു..." എന്ന ഗാനം തന്നെ കൂട്ടത്തില്‍ എടുത്തു നില്‍ക്കുന്നത്. ശ്രെയ ഗോശാലും നരേഷ് ഐയ്യരും ഒരുമിച്ചാലപിച്ച "കണ്ണിനിമനീളെ..."യാണ് ശ്രദ്ധനേടുന്ന മറ്റൊരു ഗാനം.
സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ ഇഷ്ടമുള്ള പ്രേക്ഷകരെ ഉദ്ദേശിച്ചു ചെതിട്ടുള്ള ചിത്രമാണ് അന്‍വര്‍. അതിനാല്‍ തന്നെ അത്തരം ചിത്രം ഇഷ്ടമുള്ളവര്‍ക്ക് തീര്‍ച്ചയായും ഈ ചിത്രം ഇഷ്ടപ്പെടും.