കഥാസാരം :
ചങ്ങനാശ്ശേരിക്കടുത്തുള്ള ഒരു പുരാതന കത്തോലിക്ക കുടുംബത്തിലെ കാരണവരായ തൊമ്മച്ചന്റെയും ഭാര്യ മറിയാമ്മയുടെയും ഏക പുത്രിയാണു് ലില്ലി. തൃശൂരിലുള്ള ഒരു നല്ല കുടുംബാഗമായ അന്തോണിച്ചന്റെ പുത്രന് ബേബിയ്ക്കു ലില്ലിയെ വിവാഹം കഴിച്ചുകൊടുത്തു. ബേബിയുടെ മാതാവു് മരിച്ചു പോയിരുന്നു. അയാളുടെ സഹോദരി മേരിക്കുട്ടി വിധവയും രണ്ടു് കുട്ടികളുടെ മാതാവുമാണു്. ബേബിയ്ക്കു ഒരു രണ്ടാനമ്മയും അവര്‍ക്കു് റോസി എന്നൊരു മകളുമുണ്ടു്.
വിവാഹാനന്തരം ബേബിയും ലില്ലിയും മധുവിധു കൊണ്ടാടി. മധുവിധുകാലത്തു് ബേബി ലില്ലിയ്ക്കു് ഒരു പാര്‍ക്കര്‍ പേന സമ്മാനിച്ചു.
അവര്‍ ഇരുവരും ബേബിയുടെ വസതിയില്‍ താമസമാക്കി. റോസി ശരിയായ ഒരു അസൂയക്കുടുക്കയായിരുന്നു. അവളുടെ മാതാവു് ശരിയായ ഒരു അമ്മായിയമ്മയും. വീട്ടുജോലികള്‍ എല്ലാം അവര്‍ ലില്ലിയെക്കൊണ്ടു് ചെയ്യിച്ചു പോന്നു. കുടുംബപാരമ്പര്യവും സ്വഭാവമഹിമയുമുള്ള ലില്ലി എല്ലാം സന്തോഷത്തോടും ക്ഷമയോടുംകൂടി സഹിച്ചു. ബേബി തന്നെ പ്രാണനുതുല്യം സ്നേഹിക്കുന്നു എന്നതവള്ക്കു് കൂടുതല്‍ ധൈര്യവും ആശ്വാസവുമേകി.
അങ്ങിനെയിരിക്കെ ലില്ലിയുടെ കാലില്‍ ഒരു വൃണം വന്നു. ദൈനംദിനം അതു വലുതായി തുടങ്ങി. ഡോക്ടര്‍ അതു കുഷ്ഠം എന്ന മഹാവ്യാധിയാണെന്നു വിധിയെഴുതി. റോസിയും മാതാവും അവളെ കൂടുതല്‍ ക്ലേശിപ്പിക്കുവാന്‍ തുടങ്ങി. മകളെ കൊണ്ടുപോയി ചികിത്സിപ്പിക്കുവാന്‍ അന്തോണിച്ചന് തൊമ്മച്ചനു് എഴുതി.
ലില്ലിയെ രണ്ടാനമ്മ ബേബിയുടെ മുറിയില്‍ നിന്നും മാറ്റി വൃത്തികെട്ട ഒരു കൊച്ചുമുറിയില്‍ കൊണ്ടു കിടത്തി. തന്റെ ദയനീയസ്ഥിതിയെപ്പറ്റി ചിന്തിച്ചു് വ്യാകുലയായ ലില്ലി വീടു് വിട്ടിറങ്ങി. വഴിക്കു കാല് തട്ടി വീണു. പരമകാരുണികനായ യേശുദേവന് ഒരു കുഷ്ഠരോഗിയെ രക്ഷപെടുത്തിയതായുള്ള പാനവായന അവള് അടുത്ത വീട്ടില്‍ നിന്നും കേട്ടു. എന്തുവന്നാലും എല്ലാം ക്ഷമയോടെ സഹിക്കുവാന്‍ അവളുറച്ചു. ഭര്ത്തൃഗൃഹത്തിലേക്കു് തന്നെ മടങ്ങിപ്പോയി.
മുന്‍പൊരിക്കല്‍ റോസി ആവശ്യപ്പെട്ടതനുസരിച്ചു ലില്ലിയ്ക്കു കിട്ടിയ പാര്‍ക്കര്‍ പേന ലില്ലി അവള്‍ക്കു് കൊടുത്തു. അയല്‍വാസിയായ ഫ്രാന്സിസിനു് റോസി ആ പേന സമ്മാനിച്ചു. തന്റെ ഉറ്റമിത്രമായ ഫ്രാന്‍സിസിന്റെ കയ്യില്‍ താന്‍ ലില്ലിയ്ക്കു് സമ്മാനിച്ച പേന കണ്ട ബേബിയുടെ ഹൃദയത്തില്‍ സംശയങ്ങള്‍ അലതല്ലി. തൊമ്മച്ചനുമായി വീട്ടിലേക്കു പോകുവാന്‍ യാത്ര ചോദിക്കുവാന്‍ ചെന്ന ലില്ലിയെ ബേബി തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. വ്രണിതഹൃദയയായി നിറകണ്ണോടെ അവള് പിതാവുമൊത്തു് ഭര്‍ത്തൃഗൃഹം വിട്ടു.
പല ചികിത്സയും ഫലിച്ചു കാണായ്കയാല്‍ തൊമ്മന് മകളുമായി മദ്രാസിലെത്തി. ചികിത്സിച്ചാല്‍ ഭേദമാകുന്ന സുഖക്കേടല്ലെന്നു് പറഞ്ഞ ഡോക്ടര്‍ അവരെ മടക്കി. പക്ഷെ അവര്‍ മടങ്ങിപ്പോരുന്നതിനുമുന്പു് മദിരാശിയിലെ കൃസ്തീയ ദേവാലയങ്ങളെല്ലാം സന്ദര്‍ശിച്ചു.
വീട്ടില്‍ എത്തിയ ശേഷം ചെയ്ത ചികിത്സകള്‍ക്കും ഫലമൊന്നുമുണ്ടായില്ല. യഥാര്‍ത്ഥത്തില്‍ ലില്ലിയെ വേദനിപ്പിച്ചതു് അവള് ബേബിക്കയച്ച കത്തുകള്‍ക്കൊന്നും മറുപടി ലഭിക്കാതിരുന്നതാണു്.
ഒരു ദിവസം മേരിക്കുട്ടി ലില്ലിയെ കാണുവാനെത്തി. ലില്ലി തന്റെ യഥാര്‍ത്ഥ വ്യധ മേരിക്കുട്ടിയെ പറഞ്ഞു മനസ്സിലാക്കി. ബേബിയെക്കണ്ടു് ഇതിന്റെ കാരണമറിയണമെന്നുറച്ചു മേരിക്കുട്ടി മടങ്ങി.
ലില്ലിയുടെ പേരു പോലും കേള്‍ക്കുവാന്‍ ബേബി ഇഷ്ടപ്പെട്ടില്ല. അവളുടെ കത്തുകളൊന്നും ബേബിയ്ക്കു് കിട്ടിയില്ല എന്ന വാര്‍ത്ത കേട്ടു മേരിക്കുട്ടി മിഴിച്ചു നിന്നു പോയി.
അല്‍ഫോണ്‍സാമ്മയോടുള്ള അപേക്ഷ വഴി അനേകം പേര്‍ക്കു് രോഗശാന്തി ലഭിക്കുന്നു എന്ന വാര്‍ത്ത കേട്ട തൊമ്മച്ചനും ലില്ലിയും ഭരങ്ങാനത്തേക്കു് തീര്‍ത്ഥയാത്ര നടത്തി. ഒരു രാത്രി ഒരു കന്യാസ്ത്രീ തന്റെ കിടക്കയ്ക്കരികില്‍ വന്നു തന്നെ അനുഗ്രഹിക്കുന്നതായി സ്വപ്നം കണ്ട ലില്ലി പെട്ടെന്നെഴുന്നേറ്റു കാലിലെ കെട്ടഴിച്ചു നോക്കി. അവള്‍ക്കു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. വൃണം മാറിയിരിക്കുന്നു. അത്ഭുതസ്തബ്ധരായ മാതാപിതാക്കളും ലില്ലിയും സന്തോഷത്തിലാറാടി. റോസി പനിയായി കിടക്കുകയാണു്. പച്ച സാരി വേണമെന്നവള്ക്കു് നിര്‍ബന്ധം. മേരിക്കുട്ടി സാരി എടുക്കുവാന്‍ റോസിയുടെ അലമാര തുറന്നു. ലില്ലി ബേബിക്കയച്ച കത്തുകളെല്ലാം അവള് അലമാരിയില്‍ കണ്ടു. കത്തുകള്‍ കണ്ട ബേബിയ്ക്കു് സംശയം മാറിയില്ല. താന്‍ സമ്മാനിച്ച പേന എങ്ങനെ ഫ്രാന്‍സിസിന്റെ കയ്യില്‍ എത്തി?
ലില്ലിയുടെ സുഖക്കേടു് അത്ഭുതകരമാം വണ്ണം ഭേദപ്പെട്ട വാര്‍ത്ത പത്രങ്ങളില്‍ വന്നു. വിവരമറിഞ്ഞ മേരിക്കുട്ടി ബേബി സ്ഥലത്തില്ലായ്ക നിമിത്തം പോയി ലില്ലിക്കുട്ടിയെ കൂട്ടിക്കൊണ്ടുവന്നു.
റോസിയുടെ മാതാവിനെ പേപ്പട്ടി കടിച്ചു. പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. പേയിളകി രണ്ടാനമ്മയെ പിടിച്ചു് പണ്ടവര് ലില്ലിയെ മാറ്റി താമസിച്ച വൃത്തികെട്ട മുറിയില്‍ കൊണ്ടാക്കി.
റോസി ആസന്ന മരണയായി. മേരിക്കുട്ടി റോസിയെ നല്മരണത്തിനൊരുക്കി. പാപ പരിഹാരത്തിനായി കൃസ്തുദേവന് ചൊരിഞ്ഞ ദിവ്യരക്തത്തില് റൊസിയുടെ പാപങ്ങളെല്ലാം കഴുകി. ആത്മാവു് ശുദ്ധമാക്കി അവള് ക്രൂശിതനായ ശ്രീയേശുവില് ചെന്നു ചേര്‍ന്നു.
സിറ്റാഡല്‍ സ്റ്റുഡിയോയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രം അഭ്രത്തിലാക്കിയതും സംവിധാനം ചെയ്തതും ശ്രീ തൊട്ടാന്‍ തന്നെയാണു്. തങ്കപ്പന് നൃത്തസംവിധാനവും, എസു്. എ. കാലിക്കു് വേഷവിധാനവും, വിമലന് ശബ്ദലേഖനവും, കൃഷ്ണനാശാരി കലാസംവിധാനവും, എന്‍. എം. ശങ്കര്‍ ചിത്രസംയോജനവും നിര്‍വ്വഹിച്ചു.
ആര് സുരേന്ദ്രനാഥു്, പി. കെ. മോഹന്‍, ഇ. സി. ജേക്കബു്, ജോസു്പ്രകാശു്, ആന്സലിസു്, അബ്രഹാം, കുമാരി, റോസു്, പി. കെ. കമലാക്ഷി, ആനി, സി. ആര്. ലക്ഷ്മിദേവി എന്നിവര്‍ അഭിനയിച്ചു. ജിയോ പിക്ചേഴ്സു് കോട്ടയം ആണു് കേരളത്തിലെ വിതരണാവകാശികള്‍.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍