കഥാസാരം :
വിറകുവെട്ടി ജീവിതം കഴിച്ചു പോന്ന ധീരനായ യുവാവാണു് ബാലന്. ജാഗീര്ദാരന്മാരുടെ വലംകയ്യായ ജയു്സിങ്ങു് നാടുനീളേ ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടു് രസിക്കുന്ന കാലം. അത്യുഷ്ണമുള്ള ഒരു ദിവസം ഉച്ചയ്ക്കു് ബാലന്റെ പിതാവിനു സുഖക്കേടു് വര്‍ദ്ധിച്ചു. പിതാവിനു് മരുന്നു വാങ്ങാന്‍ പോയ ബാലന് തിരിച്ചു വന്നപ്പോഴേക്കും ജയസിങ്ങിന്റെ മര്‍ദ്ദനമേറ്റു് പിതാവു് മൃതിയടഞ്ഞു. അച്ഛന്റെ അന്തിമ കര്‍മ്മങ്ങള്‍ കഴിച്ചു ബാലന് ദുഃഖിതനായി മടങ്ങി. മര്‍ദ്ദനവും ചൂഷകനുമായ ജയു്സിങ്ങിനോടും അയാള്‍ക്കു് താങ്ങും തണലുമായി നിന്ന ജാഗീര്‍ദാര്‍ പരിഷകളോടും അടങ്ങാത്ത വെറുപ്പും വിദ്വേഷവും ബാലനുണ്ടായി. യുവത്വം തുളുമ്പി നിന്ന ബാലന് വിപ്ലവത്തിന്റെ കാഹളമൂതി. ആ ഘട്ടത്തില്‍ തന്റെ ബാല്യകാല സുഹൃത്തായിരുന്ന സുന്ദരിയായ മീന ബാലനു് പ്രചോദനം നല്കി. മര്‍ദ്ദനമേറ്റു വലഞ്ഞ ആയിരമായിരം ജനങ്ങള്‍ ബാലന്റെ അനുയായികളായി. ബാലന് പാവപ്പെട്ടവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന പടനായകനായി മാറി. സമ്പന്നന്മാരായ ജാഗീര്ദാരന്മാരെ കൊള്ള ചെയ്തു കിട്ടുന്നതു് മുഴുവന്‍ സാധുജനങ്ങള്ക്കു് വിതരണം ചെയ്യുകയായിരുന്നു ബാലന്റെ ലക്ഷ്യം.
ജാഗിര്ദാര്മാരുടെ നേതാവിന്റെ സുന്ദരിയായ മകള്‍ രാധയെന്ന യുവതിയെ ബാലന്റെ അനുയായികള്‍ പിടികൂടി. വിവരമറിഞ്ഞ ബാലന് അവളെ രക്ഷപെടുത്തി. തന്നെ രക്ഷിച്ച പുരുഷനില്‍ രാധയ്ക്കു പ്രേമമുദിച്ചു. ബാലനെ ആരാധിച്ചു തന്റെ ഹൃദയം അവനടിയറവച്ച മീന ഇതറിഞ്ഞിട്ടും കുലുങ്ങിയില്ല.
ബാലനെ ബന്ധിക്കുവാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായപ്പോള്‍ രാജാവിനു ദേഷ്യമായി. ബാലനെ തടവിലാക്കുവാന്‍ സഹായിക്കാത്തപക്ഷം ജാഗിര്‍ദാര്‍ നേതാവിനെതിരായി നടപടികളെടുക്കുമെന്നായി രാജാവു്. കാമുകന് രാജശത്രുവായ ബാലനാണെന്നറിഞ്ഞ രാധ അവനെ വെറുത്തു. പക്ഷെ മീനയില്‍ നിന്നും സത്യസ്ഥിതിയറിഞ്ഞപ്പോള് രാധയുടെ വെറുപ്പെല്ലാം മാറി.
തന്റെ പിതാവിന്റെ രക്ഷയെക്കരുതി ബാലനെ രാജകൊട്ടാരത്തിലെത്തിക്കാമെന്നു രാധ ഏറ്റു. പക്ഷെ അയാളെ ഉപദ്രവിക്കുകയില്ലെന്നു അവള്‍ക്കു് വാക്കു് കൊടുക്കണം. ജയസിങ്ങിന്റെ പാവ മാത്രമായിരുന്ന ജാഗിര്‍ദാര്‍ നേതാവു് അതിനു വഴങ്ങി. രാധയുടെ ആവശ്യപ്രകാരം വിപ്ലവ നേതാവായ ബാലന് കൊട്ടാരത്തിലെത്തി. പക്ഷെ ചതിയനായ ജയസിങ്ങിന്റെ നിര്‍ദ്ദേശപ്രകാരം ബാലന് ബന്ധനത്തിലാക്കപ്പെട്ടു.
ഇതില്‍ കുപിതയായ രാധ തടവുചാടുവാന് ബാലനെ സഹായിച്ചു. ബാലന്റെ സ്ഥിതിഗതികള്‍ നേരിട്ടറിയുന്നതിനു വേഷപ്രഛന്നനായി രാജാവു് ബാലന്റെ ഗുഹയിലെത്തി. ഒരു വ്യാപാരിയാണെന്നു ധരിപ്പിച്ചു് രാജാവു് കുറച്ചുനാള്‍ ബാലനോടൊത്തു കഴിഞ്ഞു. തന്റെ പ്രജകള്‍ ജാഗിര്ദാരന്മാരുടേയും അവരുടെ പിണിയാളായി പ്രവര്‍ത്തിച്ചുപോന്ന ജയസിങ്ങിന്റെയും നേതൃത്വത്തില്‍ അനുഭവിക്കുന്ന അക്രമങ്ങളും പീഡനങ്ങളും നേരില്‍ക്കണ്ട രാജാവു് കൊട്ടാരത്തിലെത്തി ദുഷ്ടരായ ജാഗിര്ദാരന്മാരേയും ജയസിങ്ങിനേയും വേണ്ട വിധത്തില്‍ ശിക്ഷിച്ചു.രാജഭൃത്യന്മാരില്‍ വേട്ടയാടപ്പെട്ടവനായി കഴിഞ്ഞുപോന്ന ബാലന് സ്വതന്ത്രനായി. രാജ്യത്തു ധര്‍മ്മവും നീതിയും പുനഃസ്ഥാപിക്കപ്പെട്ടു. ചെറുപ്പത്തില്‍ മുതല്‍ തന്നെ ഹൃദയേശ്വരനായി പൂജിച്ചുവന്ന മീനയുമായി ബാലന് ഒന്നിച്ചു ചേര്‍ന്നു.
ദേശഭക്തന് 13-04-1952 മുതല്‍ പ്രദര്‍ശനത്തിനു കേരളത്തിലെ വിവിധ തിയേറ്ററുകളിലെത്തി.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍