ലൈന്‍ബസ്സിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നു -
സരസമ്മ : ഉന്നതവിദ്യാഭ്യാസത്തിനു സാമ്പത്തിക പരാധീനതകള്‍ വിലങ്ങുതടിയായി വന്നതുകൊണ്ടാണു് എന്റെ സഹോദരന് പട്ടാളത്തില്‍ പോയതു്. SSLC പാസ്സായ എനിക്കു കോളേജില്‍ ചേര്‍ന്നു പഠിക്കണമെന്നു് ആശ തോന്നിയതു കുറ്റമാണോ? ചേട്ടന് എല്ലാ മാസവും പണമയച്ചുകൊണ്ടിരുന്നതു് കൊണ്ടു് അച്ഛനും എന്റെ ആഗ്രഹത്തിനു വഴങ്ങി. വിദൂരമല്ലാത്ത പട്ടണത്തിലുള്ള കോളേജില്‍ ഒരു ദിവസം അച്ഛന് എന്നെ കൊണ്ടുചെന്നു ചേര്‍ത്തു. പത്മിനി ബസ്സിലാണു് ഞങ്ങള്‍ ടൗണിലേക്കു് പോയതു്. അതിലെ ചെക്കര്‍ ഗോപിക്കുട്ടന് എന്നെ കോളേജില്‍ ചേര്‍ക്കുന്നതിനും മറ്റും ഞങ്ങളെ വളരെയേറെ സഹായിച്ചു. കവലച്ചട്ടമ്പികളുടെയും കോളേജ് കാമുകന്മാരുടേയും ഇടയില്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കാര്യം എനിക്കു അത്ര എളുപ്പമല്ലായിരുന്നു. എങ്കിലും ഗോപിച്ചേട്ടനുമായുള്ള അടുപ്പം എനിക്കു് ആത്മധൈര്യം നല്കി. പക്ഷെ കോളേജിലെ കാമുകകിങ്കരന്മാരുടെ നേതാവായ ചന്ദ്രസേനന്റെ വിരോധത്തിനു് ഗോപിച്ചേട്ടന് പാത്രമാകേണ്ടിവന്നു.
ഗോപി : ചന്ദ്രസേനനെപ്പോലുള്ള കുറച്ചു റൗഡികളെ പെറ്റു വളര്‍ത്തി നാട്ടിലുള്ള പെണ്‍കുട്ടികളെയെല്ലാം വഴിയാധാരമാക്കാന്‍ ലൈസന്‍സും പണവും നല്കി വിദ്യാഭ്യാസത്തിന്റെ പേരും പറഞ്ഞു് കോളേജിലേക്കയക്കുന്ന അച്ഛനമ്മമാര്‍ ഒന്നു ചിന്തിക്കുന്നതു് നന്നായിരിക്കും. പഴയ കാലം മാറിയിരിക്കുന്നു. കണ്ണു തുറന്നു സ്വബോധത്തോടുകൂടി ചുറ്റുപാടും നോക്കിക്കാണുക. ജഡ്ജിയുടെ മകനായതുകൊണ്ടു് സ്വാധീനം ചെലുത്ത എനിക്കു ഉദ്യോഗം ഇല്ലാതാക്കാനല്ലേ ചന്ദ്രസേനനു കഴിയുള്ളു. ഇന്നു ഞാന്‍ സ്വതന്ത്രനാണു്. അരക്കൈ നോക്കിക്കളയാം.
കൂടന് : അമ്മ പങ്കീ. നീ എന്തോവാ ഈ പറയുന്നതു്. ഗോപിയെപ്പോലെ ഇത്രയും നല്ല കൊച്ചനെ എന്റെ ഈ പ്രായത്തിനോടിടയ്ക്കു് ഞാന്‍ വേറെ കണ്ടിട്ടില്ല. അവനെന്താ ഒരു കുറവു്? നല്ല ചുണക്കുട്ടിയല്ല്യോ? പിന്നെ, സരസമ്മയുടെ ഫീസിനും മറ്റുമായി അവനു കുറച്ചു കാശു ചെലവുണ്ടു്. അതു നിന്റെ മോന്റെ രൂപ വരുമ്പോളങ്ങു കൊടുത്താല്‍ തീര്‍ന്നില്ലേ? ആ പൂടവറീതു് ഇപ്പം വരും. അയാളോടു ഞാന്‍ ഇനിയും എങ്ങനെയാണു് അവധി പറയുന്നതു്?
ചന്ദ്രസേനന് : ദൈവം പെണ്ണിനെ സൃഷ്ടിച്ചതു് എന്നെപ്പോലുള്ള ആണുങ്ങള്‍ക്കു സുഖിക്കാന്‍ വേണ്ടിയാണു്. ദൈവത്തിന്റെ വിധികള്‍ മനുഷ്യനിര്‍മ്മിതമായ അതിര് വരമ്പുകള്‍ കൊണ്ടു ഒതുക്കി നിര്‍ത്തുന്നതു് തെറ്റാണു്. കുറ്റമാണു്. ഈ ചന്ദ്രസേനന്റെ കരവലയത്തില്‍ ഒതുങ്ങിയ സുന്ദരികള്‍ എത്രയെത്ര. ഗോപി എനിക്കൊരു പ്രശ്നമേ അല്ല. എന്റെ മുഖത്തു കരിതേച്ച അവനോടു ഞാന്‍ പകരം വീട്ടും. എയ്തവന് മുമ്പില്‍ നില്ക്കുന്നു. അമ്പു് എന്തു കുറ്റമാണു് ചെയ്തതു്. സരസമ്മ. പാവം.
പൂടവറീതു് : പിള്ളേച്ചാ. മോന്റെ പണം വരും വരും എന്നു പറയാന്‍ തുടങ്ങിയിട്ടു മാസം രണ്ടു കഴിഞ്ഞു. വറീതിനു് ഇതുപോലെ നാലു പേരു് അവധി പറഞ്ഞാല്‍ കച്ചവടം നിര്‍ത്തേണ്ടിവരും. ആകട്ടെ. ഞാനൊന്നു ചെയ്യാം. ഈ കറവപ്പശുവിനെ ഞാനങ്ങു കൊണ്ടുപോകാം. പറ്റു കഴിഞ്ഞു് ബാക്കി അഞ്ചോ പത്തോ തരികയും ചെയ്യാം.
മോഹങ്ങളും മോഹഭംഗങ്ങളും അലയടിച്ചുയരുന്ന ഒരു കൊച്ചു കുടുംബം. വളരാന്‍ ആഗ്രഹിച്ചു. പക്ഷെ വാടിക്കരിഞ്ഞു.
|