കഥാസാരം :
നൂറ്റാണ്ടുകള്‍ക്കു് മുമ്പുള്ള റോമന്‍ ചരിത്രത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരേടാണു് ജനോവ. പരാക്രമിയായ ആര്ദ്ദിനാ രാജാവു് സിപ്രസോ സുന്ദരിയായ ജനോവ രാജകുമാരിയെ പരിഗ്രഹിച്ചു. മധുവിധുകാലം കഴിയുംമുമ്പേ രാജാവു് അതിര്ത്തിയാക്രമിച്ച ശത്രു സംഹാരത്തിനായി യുദ്ധാങ്കണത്തിലേക്കു് യാത്രയായി. ആ തിരക്കിനിടയില്‍ താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത രാജാവിനെ അറിയിക്കുവാന്‍ ജനോവയ്ക്കു് സാധിച്ചില്ല.
രാജ്ഞിയുടെ സ്നേഹമസൃണമായ പെരുമാറ്റം പ്രേമമാണെന്നു തെറ്റിദ്ധരിച്ച പ്രധാനമന്ത്രി ഗോലോ തന്റെ അഭിനിവേശം രാജ്ഞിയോടുണര്ത്തിച്ചു. കോപാകുലയായി അന്തഃപ്പുരം വിട്ടുപോകാന്‍ ആജ്ഞാപിച്ച റാണിയെ ബലാല്ക്കാരം ചെയ്യാന്‍ ആ ദുഷ്ടബുദ്ധി ശ്രമിച്ചു. രാജ്ഞിയെ രക്ഷിക്കാന്‍ ഗാര്ത്തുസു് എന്ന വിശ്വസ്ത ഭൃത്യന് ഓടിയെത്തി. പക്ഷെ ഗോലോ തന്ത്രപരമായി ബഹളമുണ്ടാക്കി ഗാര്ത്തൂസു് രാജ്ഞിയുടെ ജാരനാണെന്നു് ഓടിക്കൂടിയ പരിചാരകരെ വിശ്വസിപ്പിച്ചു. അങ്ങിനെ ജെനോവയേയും ഗാര്ത്തൂസിനേയും അയാള്‍ കാരാഗ്രഹത്തിലടച്ചു. ഇരുമ്പഴിക്കുള്ളില്‍ കിടന്നു് ആ രാജകന്യക ഒരാണ്‍കുട്ടിയെ പ്രസവിച്ചു.
യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ രാജാവിനേയും തെറ്റിദ്ധരിപ്പിക്കുവാന്‍ മന്ത്രിയ്ക്കു കഴിഞ്ഞു. കോപാന്ധനായ രാജാവു് ഗാര്ത്തൂസിന്റെ തല വെട്ടാനും രാജ്ഞിയേയും കുഞ്ഞിനേയും കാട്ടില്‍ കൊണ്ടുപേക്ഷിക്കുവാനും കല്‍പ്പന നല്കി. ഇഷ്ടജനങ്ങളാല്‍ പരിത്യക്തയ ആ സാദ്ധ്വിയേയും കുഞ്ഞിനേയും വിശുദ്ധമാതാ മറിയം അനുഗ്രഹിച്ചു. അവള് തപസ്വിനിയായി നാള് കഴിച്ചു.
മന്ത്രിയുടേയും സൈന്യാധിപനായ അന്നാസിന്റേയും കുചേഷ്ടിതങ്ങള്‍ രാജാവിനു് മനസ്സിലായി. സംശയാലുവായ സിപ്രസോവിനെ ഇനിയും വഞ്ചിക്കുക സാദ്ധ്യമല്ലെന്നു മനസ്സിലാക്കിയ മന്ത്രി അദ്ദേഹത്തിനു് ഭ്രാന്താണെന്നു പറഞ്ഞുപരത്തി. രാജാവിനെ ബന്ധനസ്ഥനാക്കുകയും സ്വയം രാജ്യഭരണം ഏറ്റെടുക്കുകയും ചെയ്തു. രാജാവിനെ ഗോലോ കൊന്നതിനുശേഷം ഗോലോയെ നിഗ്രഹിച്ചു് രാജ്യം തട്ടിയെടുക്കാമെന്നാണു് സൈന്യാധിപനായ അന്നാസിന്റെ മോഹം. രാജാവിനെ കൊല്ലാനുള്ള ശ്രമമറിഞ്ഞ വിശ്വസ്തരായ പരിചാരകര്‍ സൂത്രത്തില്‍ അദ്ദേഹത്തെ മോചിപ്പിച്ചു. രാജാവും ഗോപാലവും ഏറ്റുമുട്ടി. അതിനിടയില്‍ അന്നാസു് കൊല്ലപ്പെടുന്നു. ഗോലോ തോറ്റോടിയതോടെ തന്റെ പ്രിയ പത്നിയേയും കുട്ടിയേയും തേടി രാജാവു് കാട്ടിലേക്കു പോകുന്നു. അവിടെവച്ചു് വീണ്ടും ഗോലോയുമായി ഏറ്റുമുട്ടുന്നു. ദ്വന്ദ്വയുദ്ധത്തില്‍ ഗോലോയെ കൊന്നു. അവശനായി ഒരു അരുവിയുടെ തീരത്തു് വീണുകിടന്ന രാജാവിനെ ഒരു കൊച്ചുകുമാരന് കൂട്ടി അമ്മയുടെ സമീപം എത്തിക്കുന്നു. അങ്ങനെ സിപ്രസോ രാജാവു് ജനോവയെ വീണ്ടും കണ്ടുമുട്ടി. കാത്തിരുന്ന പ്രജകളുടെ നടുവിലേക്കു ചെന്നെത്തിയ രാജകുടുംബത്തെ ആഹ്ലാദാരവത്തോടെ അവര്‍ സ്വീകരിച്ചു.
ഈ ചിത്രം രാധാകൃഷ്ണ ഫിലുംസു് ലിമിറ്റഡു് റിലീസു് ചെയ്തു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |