കഥാസാരം:
നാടകനടിയായി പ്രസിദ്ധി നേടിയ രാധികയെ സമുദായം വേശ്യയെന്നു് വിളിച്ചു. തന്റെ സഹോദരി മാലതിയ്ക്കു് ആ അനുഭവം ഉണ്ടാകാതിരിക്കുവാന്‍ അവളെ സിംഗപ്പൂര്‍ ഗോപാലനെന്ന പണക്കൊതിയനെ ഒരു പ്രഭുകുമാരിയെന്ന വ്യാജേന ഏല്‍പ്പിക്കുന്നു. അവിടെ വളര്‍ന്ന മാലതിയും തന്റെ യഥാര്‍ത്ഥ സ്ഥിതിയറിഞ്ഞിരുന്നില്ല.
മാലതിയ്ക്കായി പണം അയക്കുവാന്‍ രാധികയ്ക്കു് ദുഃസ്വഭാവിയും സ്ത്രീലമ്പടനുമായ രതീഷിന്റെ നാടകക്കമ്പനിയില്‍ ചേരേണ്ടിവരുന്നു. മാലതിയുടെ രഹസ്യം അറിയാമായിരുന്ന രതീഷു് ഭീഷണി കൊണ്ടു് രാധികയെ ഉപദ്രവിച്ചു. മാലതിയുടെ ഭാവിജീവിതത്തിനു കളങ്കം വരാതിരിക്കുവാന്‍ രാധിക എല്ലാ വ്യവസ്ഥകള്‍ക്കും സമ്മതിച്ചു. ആ കമ്പനിയിലെ പ്രധാന നടനും നല്ലവനുമായ പ്രഫുല്ലചന്ദ്രനെ സുഹൃത്തായി ലഭിക്കുവാന്‍ രാധികയ്ക്കു കഴിഞ്ഞു. സിംഗപ്പൂര്‍ ഗോപാലന്റെ മകന് വസന്തകുമാറും മാലതിയും തമ്മില്‍ പ്രണയബന്ധത്തില്‍ എത്തിക്കഴിഞ്ഞു. എന്നറിഞ്ഞു രാധിക സന്തോഷിക്കുന്നു.
തന്റെ ദുരുദ്ദേശങ്ങള്ക്കു് അടിമയാകാന്‍ രാധിക തയ്യാറായില്ലെന്നു വന്നപ്പോള്‍ രതീഷിന്റെ ഭാവം മാറി. പ്രതികാരത്തിനായി അയാള്‍ കളമൊരുക്കി. സിംഗപ്പൂര്‍ ഗോപാലന്റെ പത്നി കനകത്തിനെ സ്വാധീനം ചെയ്തു് അവരുടെ വീട്ടില്‍ ഒരു ബന്ധുവായി കൂടി. വസന്തകുമാറിനെ വിവരങ്ങള്‍ അറിയിക്കുന്നു.
ഈ അവസരത്തില്‍ വിദേശത്തു് പഠിക്കുവാന്‍ പോയിരുന്ന മോഹനന് ( രാധികയുടെ അച്ഛന്റെ അനന്തരവന് ) തിരിച്ചെത്തുന്നു. തന്നെ വിവാഹം ചെയ്യാന്‍ അയാള്‍ രാധികയോടാവശ്യപ്പെടുന്നു. എന്നാല്‍ തന്റെ ഹൃദയം എന്നേ പ്രഫുല്ലചന്ദ്രന്റെ കാലടിയില്‍ അര്‍പ്പിച്ചു കഴിഞ്ഞിരുന്ന രാധിക ആ ക്ഷണം നിരാകരിച്ചു.
ലോകരാല്‍ നിന്ദിക്കപ്പെട്ട ഒരു നാടകക്കാരിയുടെ സഹോദരിയാണു് തന്റെ കാമുകിയെന്നറിഞ്ഞ വസന്തകുമാര്‍ മാലതിയെ വെറുത്തു. കരഞ്ഞു പറഞ്ഞിട്ടും കൂട്ടാക്കാതിരുന്നപ്പോള്‍ മാലതി തന്റെ ഗതികേടിനു് കാരണക്കാരിയായ ചേച്ചിയോടു് പ്രതികാരം ചോദിക്കുവാന്‍ അവരെ തേടിയിറങ്ങി. രാധികയെ നേരില്‍ കണ്ടപ്പോള്‍ ആ സ്നേഹനിധിയെ അവള് ബഹുമാനിച്ചു. അവര്‍ ഒന്നിച്ചു കഴിയുവാന്‍ തീരുമാനിച്ചു.
രതീഷിന്റെ കുതന്ത്രത്താല്‍ പുറത്താക്കപ്പെട്ട വസന്തകുമാറിനെ രാധിക കണ്ടു് നിഷ്ക്കളങ്കയായ മാലതിയെ വിവാഹം ചെയ്യുവാന്‍ അപേക്ഷിക്കുന്നു. പക്ഷെ ആ ബന്ധത്തിനു തടസ്സമായി നില്ക്കുന്നതു് രാധികയാണെന്നയാള് തുറന്നു പറഞ്ഞു. രാധിക നിരാശയായി ആത്മഹത്യ ചെയ്യുവാന്‍ തീരുമാനിച്ചു.
രതീഷിന്റെ അടുത്ത ലക്ഷ്യം വസന്തകുമാറിനെ കൊല്ലുക എന്നതായിരുന്നു. അതില്‍ നിന്നും കുമാറിനെ പ്രഫുല്ലചന്ദ്രന് രക്ഷിക്കുന്നു. ചന്ദ്രനില്‍ നിന്നും രാധികയെപ്പറ്റിയറിഞ്ഞ വസന്തകുമാര്‍ മാലതിയെക്കണ്ടു ക്ഷമായാചനം നടത്തി. അപ്പോഴാണു് രാധികയുടെ അന്തിമ സന്ദേശം അവര്‍ക്കു് കിട്ടിയതു്. എല്ലാവരും ഒന്നിച്ചു് രാധികയെ മരണത്തില്‍ നിന്നും രക്ഷിക്കുവാനോടി. ഏകയായിക്കഴിഞ്ഞ മാലതി രതീഷിന്റെ കൈയ്യില്‍ പെടുന്നു.
സിംഗപ്പൂര്‍ ഗോപാലന്റെ സ്വത്തു് അപഹരിക്കുവാന്‍ തന്റെ പത്നിയോടൊപ്പം ശ്രമം നടത്തിയ രതീഷിന്റെ കാപട്യം മനസ്സിലാക്കിയ അയാള്‍ രതീഷിനെ തേടിപ്പിടിക്കുന്നു. അങ്ങിനെ മാലതി രക്ഷപെട്ടു. കനകത്തിന്റെ ദുഷ്ടതയ്ക്കു അവള്‍ക്കും കൂലി കിട്ടി. അനുരാഗനദിയ്ക്കു് വിഘ്നം കൂടാതെ ഒഴുക്കനുവദിച്ചുകൊണ്ടു് കഥ അവസാനിക്കുന്നു.
മിസ്സു് കുമാരി, ഓമന, ആറന്മുള പൊന്നമ്മ, എം. എല്‍. സരസ്വതി, രാജമ്മ, പി. കെ. വാസുദേവക്കുറുപ്പു്, ജി. എന്‍. രാജു, കൊട്ടാരക്കര ശ്രീധരന് നായര്‍, എസു്. പി. പിള്ള, കെ. എസു്. കൃഷ്ണപിള്ള, കെ. സി. നാരായണന്, അമ്പലപ്പുഴ കൃഷ്ണമൂര്‍ത്തി, പോത്തന്പുതുമന, കേരളന്‍ ഉണ്ണിത്താന്, എസു്. എ. ഫാരിഡു്, മാധവന് ഇവരാണു് ഈ ചിത്രത്തില്‍ അഭിനയിച്ചവര്‍.
അഭയദേവിന്റെ പതിനൊന്നു് ഗാനങ്ങള്‍ ജി. കെ. വെങ്കിടേശു്, സംവിധാനം ചെയ്തു. പാടിയതു് കവിയൂര്‍ രേവമ്മ, മോഹന്കുമാരി, തിരുവന്തപുരം ലക്ഷ്മി, കലിംഗറാവു, വെങ്കിടേശു്, വി. എന്‍. രാജന്. ക്യാമറാമാന് ബി. ദൊരരാജു്. ശ്രീ പി. ജി. മോഹന്‍ എഡിറ്റു ചെയ്തു. സ്റ്റുഡിയോ രത്നാ സേലം.
ഈ ചിത്രത്തിന്റെ വിതരണം കൊച്ചിന് പിക്ചേഴ്സു് നടത്തി. സ്ക്രീന്‍പ്ലേയും സംവിധാനവും ശ്രീ ടി. ജാനകിറാം നിര്‍വ്വഹിച്ചു. പ്രദര്‍ശനം 15-12-1950ല്‍ ആരംഭിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍