കഥാസാരം :
വസന്തവിലാസു് ജമീന്ദാര് തന്റെ ഏകപുത്രിയ്ക്കു് മാല എന്നു് പേരിട്ടു. അവളുടെ പേരു് കൊത്തിയ ഒരു പതക്കവും അവളെ അണിയിച്ചു. പ്രസ്തുത സന്തെഷകരമായ സന്ദര്‍ഭത്തില്‍ ജമിന്ദാരുടെ സെക്രട്ടറിയായ പ്രസാദിനു് മാത്രം മനസ്സില്‍ രോഷം ആളിക്കത്തി. സന്തതികളില്ലാതിരുന്ന ജമീന്ദാരുടെ അവകാശിയായി പ്രസാദിന്റ മകന് അശോകനെ ദത്തെടുക്കാമെന്നു് വാക്കു് പറഞ്ഞിരുന്നു. പക്ഷെ ഒരു മകള്‍ ജനിച്ചതുമൂലം ആ ചടങ്ങിന്റെ ആവശ്യമില്ലാതായി.
പ്രതാപവും പണവും പ്രതീക്ഷിച്ച പ്രസാദു് വെറുതെയിരുന്നില്ല. മാലയെന്ന പെണ്‍കുട്ടി ഇല്ലെന്നു വന്നാല്‍ തന്റെ മകന് ജമീന്ദാരാകുമെന്നു് അയാള്‍ക്കറിയാം. ഭൃത്യന്മാരെ സ്വാധീനം ചെയ്തു ജമീന്ദാരിണിയുടെ ഉറക്കറയില്‍ നിന്നും ആ ഓമനപൈതലിനെ അപഹരിച്ചു. വനാന്തരങ്ങളില്‍ കൊണ്ടുപോയി കൊല ചെയ്യുന്നതിനായി ബാബു എന്ന ഭൃത്യനെ ഏര്‍പ്പിച്ചു.
പതിനാറു് വര്‍ഷങ്ങള്‍ കടന്നു പോയി. ജമീന്ദാരിണി കിടക്ക വിട്ടെഴുന്നേല്ക്കാതായി. സുഖവാസത്തിനായി അവരുടെ ശിവലോകം എന്ന തോട്ടത്തില്‍ പോയി താമസിക്കുവാന്‍ ജമീന്ദാര്, പ്രസാദു്, എന്നിവരുമായി പുറപ്പെട്ടു.
കാട്ടുജാതിക്കാരാണവിടെ താമസിക്കുന്നവര്‍, ഒരു വൃദ്ധനും അയാളുടെ ഭാര്യയും മകളും. ആ മകള്‍ക്കൊരു കഥയുണ്ടു്. കാട്ടാനയുടെ തുമ്പിക്കയ്യില്‍ തൂങ്ങിയാണവള് വീട്ടിലെത്തിയതു്. മക്കളില്ലാത്ത ദമ്പതികള്‍ അവളെ സ്വന്തം കുഞ്ഞിനെപ്പോലെ വളര്‍ത്തി. അവള് കാട്ടുമൃഗങ്ങളുടെ കൂടെ വനറാണിയായി വളര്‍ന്നു, നളിനി എന്ന പേരില്‍.
ശിവലോകം തോട്ടത്തില്‍ താമസമാക്കിയ അശോകന് കൂട്ടുകാരനായ ഗുണ്ടുമണിയുമായി മൃഗയാവിനോദത്തിനിറങ്ങി. ഒരു മാനിനെ ലക്ഷ്യമാക്കി വെടിവെയ്ക്കാനൊരുമ്പെട്ട അശോകന്റെ തോക്കും തെറിച്ചു പോയി. അതാ അതിനു പുറകേ ഒരു കാട്ടുറാണിയുടെ പ്രഹരവും. അവിചാരിതമായി മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ അമ്പരന്നു് ആകെ മറന്നുനിന്നുപോയി. മിന്നല്‍പ്പിണര്‍ പോലെ വന്നു മറഞ്ഞ ആ യുവ സുന്ദരിയില്‍ അശോകന് ആകൃഷ്ടനായി.
ജമീന്ദാരുടെ നിര്‍ദ്ദേശപ്രകാരം വന്യമൃഗങ്ങളെ പിടിച്ച കൂട്ടത്തില്‍ നമ്മുടെ സുന്ദരിയുടെ ആനയും പെട്ടുപോയി. അവള് അവിടെ പാഞ്ഞെത്തി ആനയെ രക്ഷിക്കുകയും സേവകരെ പ്രഹരിക്കുകയും ചെയ്തു.
പക്ഷെ അശോകനോടു് അവള് പരാജയമടഞ്ഞു. അതോടൊപ്പം യുവസഹജമായ മൃദുലവികാരങ്ങളുടെ ഒരു വേലിയേറ്റം അവളുടെ മനസ്സില്‍ ഉണ്ടാവുകയും ചെയ്തു. അശോകന്റെ കൂട്ടുകാരാനായ ഗുണ്ടുവിനും ഒരു പങ്കാളിയെ കിട്ടി. അശോകനും നളിനിയും ഗുണ്ടുമണിയും ലില്ലിയും പ്രേമഗീതം പാടി കാനന നിഴലുകളില്‍ രാഗരസമനുഭവിച്ചുല്ലസിച്ചു. ബാബുവില്‍ നിന്നും വിവരമറിഞ്ഞ പ്രസാദു് അശോകനും ഗുണ്ടുമണിയും ഉടന്‍ നാട്ടിലേക്കു് പോകാന്‍ ആജ്ഞ നല്കി. പ്രസാദിനു കിട്ടിയ വിവരങ്ങളില്‍ നിന്നും ആ വനസുന്ദരി ജമീന്ദാരുടെ മകള്‍ മാലയാണെന്നു മനസ്സിലായി. അവളെ ഒരു നിമിഷം പോലും ജീവനോടുകൂടി വച്ചുകൊണ്ടിരിക്കുന്നതു് ആപത്താണെന്നു് കരുതി അവളെ വധിക്കുവാന്‍ വേഷംമാറി അയാളും പുറപ്പെട്ടു.
നാട്ടിലേക്കു് പോകുവാന്‍ ആജ്ഞകിട്ടിയ അശോകനും ഗുണ്ടുവും കാമിനിമാരെ പിരിയാന്‍ മനസ്സുവരാതെ പ്രഛന്നവേഷത്തില് കാട്ടില്‍ തന്നെ കഴിഞ്ഞു. നളിനിയെ കൊല്ലാനെത്തിയ വേഷം മാറിയ പ്രസാദും അശോകനും തമ്മില്‍ അറിയാതെ ഏറ്റുമുട്ടി. ഉഗ്ര സമരത്തിനിടയില്‍ നളിനിയുടെ കഠാരിയുടെ കുത്തേറ്റു് പ്രസാദു് മരണമടയുന്നു. ജമീന്ദാരും സഹധര്‍മ്മിണിയും അവളെ അശോകനെക്കൊണ്ടു് വിവാഹം കഴിപ്പിക്കുന്നു.
ശ്രീ പി. കുഞ്ഞുകൃഷ്ണമേനോനാണു് പാട്ടുകള്‍ എഴുതിയതു്. ഗാനസംവിധായകന്‍ പി. എസു്. ദിവാരന്. ക്യാമറാ ആറുമുഖം. പിന്നണി ഗായകര്‍ മെഹബൂബു്, കൃഷ്ണവേണി (ജിക്കി ), രേവതിയില്‍ പാട്ടുകള്‍ റിക്കാര്‍ഡു് ചെയ്തു. രാധാകൃഷ്ണന് നൃത്തസംവിധാനം നടത്തി.
പി. കെ. തോമസു്, എസു്. പി. പിള്ള, മുതുകുളം കാര്ത്തികേയന് നായര്‍, കണ്ടിയൂര്‍ പരമേശ്വരന്‍കുട്ടി, രാജു, എന്‍. കോമളം, സുമതിക്കുട്ടിയമ്മ, അമ്മിണി, കാഞ്ചന, കമലാഭാര്ഗ്ഗവന്, ലക്ഷ്മി എന്ന ആനയും ഇതില്‍ അഭിനയിച്ചു. ഈ ചിത്രം ചന്ദ്രുഫിലിംസു് വിതരണം നടത്തി.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍