പോലീസ് വിവരം അറിയുന്നതിനും വേണു പിടിക്കപ്പെടുന്നതിനും മുൻപ് ഈ കൊലപാതകം കണ്ടു കൊണ്ടു നിന്ന ഒരാൾ വേണുവിനെ രക്ഷിച്ചു.ശവം മറവു ചെയ്യപ്പെട്ടു. പക്ഷേ ആ പേരിൽ അയാൾ വേണുവിൽ നിന്ന് പണം പിടുങ്ങാൻ തുടങ്ങി. അച്ഛന്റെ ദുർമ്മരണത്തോടെ മാനസികമായി തകർന്നു പോയ ഒരു സാധു സ്ത്രീയാണു വേണുവിന്റെ അമ്മ. വേണുവിനു നിസ്സാരമായി പോലും എന്തെങ്കിലും സംഭവിച്ചാൽ ആ അമ്മയുടെ ജീവൻ അപകടത്തിലാവുമെന്നും അയാൾ മനസ്സിലാക്കിയിരുന്നു.ആ കാരണത്താലും വേണുവിനെ അയാൾ അടിയ്ക്കടി പണത്തിനു വേണ്ടി ഉപദ്രവിച്ചു കൊണ്ടിരുന്നു.അയാളെ അനുസരിക്കാതിരിക്കാൻ വേണുവിനു കഴിഞ്ഞില്ല.
ഉല്ലാസവാനായിരുന്ന വേണു ഇതോടെ ദുഃഖിതനായി. ടെലഫോൺ ബെൽ കേൾക്കുമ്പോൾ ഭയം , ഉറക്കത്തെ നശിപ്പിക്കുന്ന ദുഃസ്വപ്നങ്ങൾ , ഞെട്ടിയുണരുമ്പോൾ ഭീകരങ്ങളായ കാഴ്ചകൾ. അല്പം ആശ്വാസവും സമാധാനവും കിട്ടിക്കൊണ്ടിരുന്നത് കാമുകിയായ ശ്യാമളയിൽ നിന്നാണ്.വേണു വളരെ ആഗ്രഹിച്ചിരുന്നതാണ് ശ്യാമളയുമായുള്ള വിവാഹം. എന്നാൽ വിവാഹത്തിന്റെ കാര്യം ശ്യാമള സൂചിപ്പിച്ചപ്പോൾ വേണു തന്നെ എതിർത്തു. എങ്കിലും രോഗിണിയായ മ്മയുടെയും ശ്യാമളയുടെ കണ്ണീരിന്റെയും മുന്നിൽ അവരുടെ നിർബന്ധത്താൽ ഇഷ്ടമല്ലെങ്കിലും ആ വിവാഹം വേണുവിനു നടത്തേണ്ടി വന്നു.
പ്രഥമ രാത്രിയിൽ തന്നെ ശ്യാമളയെ ഞെട്ടിപ്പിച്ച സംഭവം എന്താണ് ? വേണുവിന്റെ സുഹൃത്തുക്കളായ പത്മനും ചന്ദ്രപ്പനും ഒരു ഹോട്ടലിൽ വെച്ച് കള്ളനോട്ടുമായി വന്ന ചിലരെ പിടിച്ച് പോലീസിൽ ഏല്പ്പിച്ചപ്പോൾ വേണു സന്തോഷിച്ചു. എന്നാൽ കള്ളനോട്ടു കേസിനെപ്പറ്റി വേണുവിനു വിശദമായ വിവരങ്ങൾ കിട്ടിയിട്ടും എന്തുകൊണ്ട് അത് പോലീസിനെ അറിയിച്ചില്ല.വേണു ചെയ്ത കൊലപാതകത്തെക്കുറിച്ച് അറിവു കിട്ടിയ ഇൻസ്പെക്ടർ മറവു ചെയ്ത ശവപ്പെട്ടി തുറന്നു നോക്കിയപ്പോൾ എന്താണു കണ്ടത് ?
വേണു ഒരു രണ്ടാം വിവാഹത്തിനു തയ്യാറായത് എന്തു കൊണ്ട് ? വേണു വീണ്ടും വിവാഹിതനാവുന്നു എന്നറിഞ്ഞപ്പോൾ ശ്യാമള ഗർഭിണിയായിരുന്നിട്ടു പോലും എന്തിനു വേണുവിനെ അതിനു അനുവദിച്ചു ? ആരാണാ നവവധു .
ഭർത്താവിന്റെ സുഖത്തിനു വേണ്ടി അവസാനം വരെ കണ്ണീരു കുടിക്കുവാൻ തയ്യാറായ ശ്യാമളയ്ക്ക് പിന്നീട് ചില രഹസ്യങ്ങൾ മനസ്സിലായി. ആ രഹസ്യങ്ങൾ അവളെ ഞടുക്കിക്കളഞ്ഞു.
ഇതിനിടയിൽ രണ്ടാം വിവാഹത്തിനുള്ള നിമിഷങ്ങൾ അടുത്തു തുടങ്ങി.വേണുവിന്റെ സ്നേഹിതരായ പത്മനും ചന്ദ്രപ്പനും സാവിത്രിയും ചേർന്ന് ഇതൊഴിവാക്കാൻ പല ശ്രമങ്ങളും നടത്തി.ഒടുവിൽ വേണു ഉൾപ്പെടെ എല്ലാവരും ഒരജ്ഞാത താവളത്തിൽ ബന്ധിതരായി. വേണു ഇല്ലാതെ എങ്ങനെ വിവാഹം നടക്കും ? ഇതാ നിമിഷങ്ങൾ അടുത്തു കഴിഞ്ഞു. എല്ലാവരും നിസ്സഹായരായി നിൽക്കെ വിവാഹമണ്ഡപത്തിൽ മന്ത്രദ്ധ്വനി ഉയരാൻ തുടങ്ങി. ഒപ്പം ഞെട്ടിപ്പിക്കുന്ന കുറെ സംഭവങ്ങളുടെ ചുരുളുകളും നിവരാൻ തുടങ്ങി.എന്തായിരുന്നു അത് ? കാണുക രഹസ്യ രാത്രി !!
കടപ്പാട് : പാട്ടുപുസ്തകം