കഥാസാരം
എണ്ണമറ്റ സ്വത്തിന്റെ അധീശത്വം ഉണ്ടായിരുന്ന മൂപ്പിൽ നായർ തന്റെ സ്വന്തം സുഖത്തിനു വേണ്ടി അടുക്കളക്കാരിയായ മാധവിയിൽ അനുരക്തനായി.ഉന്നതകുലജാതയായ ഒരു ഭാര്യയെയും അവരിൽ തനിക്കുണ്ടായ സന്താനങ്ങളെയും മറന്നാണു മൂപ്പിൽ നായർ മാധവിയെ പ്രാപിച്ചത്.മാധവിയിൽ മൂപ്പിൽ നായർക്കുണ്ടായ പുത്രനാണ് രാമു.ആ കുട്ടിയുമായി തന്നെ സമീപിച്ച മാധവിയിൽ നിന്നും ഒരു അഭിനവ വിശ്വാമിത്രൻ ആയി അഭിനയിച്ച് ഒഴിഞ്ഞു മാറുകയാണു മൂപ്പിൽ നായർ ചെയ്തത്.ബാലനായ രാമുവിനു പഠിച്ച് ഉയർന്ന നിലയിൽ എത്തണമെന്ന് അതിയായ ആഗ്രഹമുണ്ടായി.തന്റെ പിതാവ് ധനികനും പ്രതാപവാനും ആണെങ്കിലും തന്റെ പിതാവിന്റെ സന്താനങ്ങൾ കൊട്ടാര സദൃശമായ വാഹനങ്ങളിൽ സഞ്ചരിച്ച് സുഖിമാന്മാരായി ജീവിച്ചു വന്നുവെങ്കിലും രാമു ഒരു നേരത്തെ കഞ്ഞിക്കു പോലും നിവൃത്തിയില്ലാതെ നരകയാതന അനുഭവിച്ചു പോന്നു.ഒരു ദിവസം പുസ്തകങ്ങളില്ല എന്ന കാരണത്താൽ അവനെ സ്കൂളിൽ നിന്നും പുറത്താക്കി. തന്റെ സങ്കട നിവൃത്തിക്കായി സ്വപിതാവിനെ സമീപിച്ച രാമുവിനെ മൂപ്പിൽ നായരുടെ സഹോദരൻ അവിടെ നിന്നും ആട്ടിപ്പായിച്ചു.നിർദ്ധനനും അപമാനിതനുമായ രാമുവിനെ അവന്റെ സ്ക്കൂൾ മാനേജരായ സ്വാമിജിയാണു സഹായിച്ചത്.എല്ലാ ക്ലാസ്സിലും നല്ല നിലയിൽ ജയിച്ച രാമു സ്വാമിജിയുടെ സഹായത്താൽ ഇംഗ്ലണ്ടിൽ പോയി പതിച്ച് ഡോക്ടർ പരീക്ഷ ജയിച്ചു നാട്ടിൽ മടങ്ങിയെത്തി.ഏഴകളുടെ തോഴനും ഇല്ലാത്തവരുടെ ഉറ്റ സഹായിയുമായിത്തീർന്ന രാമു അന്നാട്ടിലെ ജനങ്ങളുടെ കണ്ണിലുണ്ണിയായി തീർന്നു.ധനികനായ ചെറുണ്ണിക്കിടാവിനു തന്റെ മകളെ രാമുവിനെക്കൊണ്ട് വിവാഹം ചെയ്യിക്കണം എന്ന ആഗ്രഹം ഉണ്ടായി.പക്ഷേ ധനത്തിന്റെയും പ്രതാപത്തിന്റെയും ദൂഷ്യവശങ്ങൾ തന്നിൽ ഏല്പിച്ച മാരകമായ മുറിവുകൾ ഹൃദയത്തിൽ നിന്നും ഇന്നും ഉണങ്ങിയിട്ടില്ലാത്ത രാമു പണക്കാരുമായുള്ള ബന്ധത്തിനു തീരെ ഇഷ്ടപ്പെട്ടില്ല.ഒരു കാലത്ത് ധനികന്റെ ദാസിയായി കഴിഞ്ഞിരുന്ന തന്റെ മാതാവ് അനുഭവിച്ച നരകയാതനകൾ മറന്നിട്ടില്ലായിരുന്ന രാമു തന്റെ ഹൃദയത്തിൽ സ്ഥാനം കൊടുത്തത് ഒരു വേലക്കാരി പെൺകുട്ടിയായ ലക്ഷ്മിക്കാണ്.നാളുകൾ പലതു കഴിഞ്ഞു.ഒരു കാലത്ത് ധനവാനും വീര പ്രതാപവാനുമായിരുന്ന മൂപ്പിൽ നായർ സഹോദരനുമായുള്ള വഴക്കിലും വക്കാണത്തിലും എല്ലാം നശിച്ച് ഇന്നു വഴിയാധാരമായിരിക്കയാണ് .ഒരു കാലത്ത് തന്നെ കാലു കൊണ്ട് തൊഴിച്ചു പുറത്താക്കിയ തന്റെ പിതാവ് രാമുവിന്റെ കാൽക്കൽ അഭയം പ്രാപിച്ചു.തന്റെ എല്ലാ ഉയർച്ചക്കും ജീവിത വിജയത്തിനും കാരണഭൂതനായ സ്വാമിജിയുടെ ഉപദേശപ്രകാരം രാമു മൂപ്പിൽനായരെ സ്വീകരിച്ചു തന്റെ കൂടെ താമസിപ്പിച്ചു.മാധവിക്ക് രാമു ഒരു ധനികപ്പെൺകുട്ടിയുടെ ഭർത്താവായി തീരണമെന്ന് ആഗ്രഹമുണ്ടായിരുന്നു.പക്ഷേ ഒരിക്കലും പണക്കാരുമായുള്ള വേഴ്ചക്ക് ഇഷ്ടമില്ലാതിരുന്ന രാമു താൻ സ്നേഹിച്ച ലക്ഷ്മിയെന്ന വേലക്കാരി പെൺകുട്ടിയെ വിവാഹം ചെയ്തു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍