പ്രേംനസീര്‍, ഷീല, കൊട്ടാരക്കര ശ്രീധരന് നായര്‍, ടി. എസ്. മുത്തയ്യ, മണവാളൻ ജോസഫ്, അംബിക, ആറന്മുള പൊന്നമ്മ എന്നിവര്‍ അഭിനയിച്ച 'കളക്ടര്‍ മാലതി' തിരുമേനി പിൿച്ചേഴ്സാണു് വിതരണം നടത്തിയതു്. 14 - 9- 1967- ൽ ചിത്രം പ്രദര്‍ശനം ആരംഭിച്ചു.
കഥാസാരം
കോവിലകത്തെ കൊച്ചുതമ്പുരാനായ രവിവര്‍മ്മയും പുലയനായ ചാത്തന് മാസ്റ്ററുടെ മകള്‍ മാലതിയും കുഞ്ഞുനാളിലെ മുതല്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നുവന്നു. കോവിലകത്തിനടുത്തു താമസമായിരുന്ന ചാത്തന് പലപ്പോഴും മകളെ വിലക്കി. പക്ഷെ കുഞ്ഞുങ്ങള്‍ അതൊന്നും വകവെച്ചില്ല.
രവിവര്‍മ്മയുടെ അച്ഛന് മരിച്ചു. അമ്മ സുഭദ്രത്തമ്പുരാട്ടിയുമൊത്തു് രവി കോവിലകത്തുതന്നെ താമസമുറപ്പിച്ചു. വളര്‍ന്നുവന്ന രവിയുടെ കരളില്‍ മാലതി നിറഞ്ഞുനിന്നിരുന്നു.
വമ്പിച്ച സ്വത്തുക്കളുണ്ടായിരുന്ന ശ്രീവാഴും കോവിലകം ക്ഷയിച്ചുതുടങ്ങി. ഭൂസ്വത്തുക്കള്‍ മുഴുവന്‍ അന്യാധീനപ്പെട്ടു. പാട്ടക്കാര് ഭൂമി ഒഴിഞ്ഞുകൊടുക്കുവാന്‍ വിസമ്മതിച്ചു.
ഇന്ദുമതി രവിയുടെ അമ്മാവന് ഭാനുവിക്രമവര്മ്മയുടെ പുത്രിയാണു്. അവന്റെ മുറപ്പെണ്ണും. അവള് രവിയില്‍ അനുരക്തയാണു്. ഒരു നൂറായിരം കൂട്ടങ്ങള്‍ രവിയോടു് ചോദിക്കുവാനും പറയുവാനും അവള്ക്കാഗ്രഹമുണ്ടു്. ഭാനുവിക്രമവര്മ്മയാകട്ടെ രവിയുമായുള്ള മകളുടെ വിവാഹം തീര്ച്ചപ്പെടുത്തിക്കഴിഞ്ഞിരിക്കയുമാണു്.
രവി കോളേജ് വിദ്യാഭ്യാസത്തിനു പോയി. പഠിക്കുവാനായി എത്തിയ മാലതിയെ രവി അവിടെവെച്ചു് കണ്ടുമുട്ടി. പഠിത്തം പുരോഗമിച്ചതോടൊപ്പം അവരുടെ ഹൃദയങ്ങളും അടുത്തു. ഭാവി ജീവിതം ഒന്നിച്ചാണെന്ന ദൃഢപ്രതിജ്ഞയോടെ അവര്‍ വിദ്യാഭ്യാസം കഴിഞ്ഞു നാട്ടിലെത്തി.
പക്ഷെ രവിയെ സ്വാഗതം ചെയ്തതു് തന്റെ കല്യാണപ്പന്തലാണു്. ശേഷിച്ച അമ്പലപ്പറമ്പും പാട്ടത്തിനു കൊടുത്തു് അമ്മാവന് വിവാഹത്തിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. ഇന്ദുമതി തന്റെ സഹോദരിയാണെന്നും അവളെ വിവാഹം കഴിക്കുവാന്‍ സാദ്ധ്യമല്ലെന്നും ആയിരുന്നു രവിയുടെ വാദം. അവസാനം രവി അമ്മയെക്കണ്ടു് കാര്യങ്ങള്‍ തുറന്നു സംസാരിച്ചു. ബുദ്ധിമതിയായ സുഭദ്രത്തമ്പുരാട്ടി കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കി. അന്നുരാത്രി ആരുമറിയാതെ തമ്പുരാട്ടി ചാത്തന്മാസ്റ്ററുടെ കുടിലില്‍ എത്തി. തന്റെ മകനെ രക്ഷിക്കുവാന്‍ ആ അമ്മ മാലതിയോടപേക്ഷിച്ചു. കോവിലകത്തിന്റെ തറവാടിത്വവും ഉഗ്രനായ കാരണവരുടെ അഭിമാനവും രക്ഷിക്കുവാനും അവര്‍ അവളുടെ സഹായം അഭ്യർത്ഥിച്ചു. മാലതി ധര്‍മ്മസങ്കടത്തിലായി. തന്റെ ജീവന് ബലിയര്പ്പിച്ചായാലുംശരി രവി സുഖമായിരിക്കണം എന്നുറച്ച മാലതി തമ്പുരാട്ടിയെ സ്വാന്തനപ്പെടുത്തി മടക്കിയയച്ചു. മാലതിയും മാസ്റ്ററും അവിടം വിട്ടു് അകലെയൊരിടത്തു് താമസമാക്കി. പക്ഷെ രവി മാലതിയെ തേടി അവിടെയെത്തി. എന്നാല്‍ മാലതി രവിയെ കയ്യൊഴിയുകയാണു് ചെയ്തതു്.
ഹതാശനായി നാടുവിട്ടുപോകുവാന്‍ തീരുമാനിച്ചിറങ്ങിയ രവിയെ നേരിട്ടതു് സുഭദ്രത്തമ്പുരാട്ടിയായിരുന്നു.
രവിവര്‍മ്മ ഇന്ദുമതിയെ വിവാഹം ചെയ്തു. കാലം കടന്നുപോയി. ശ്രീവാഴും കോവിലകം കാലത്തിന്റെ മാറ്റത്തിനടിമപ്പെട്ടു് ക്ഷയിച്ചു. വസ്തുവകകള്‍ ഒന്നുമില്ലാതായി. ജീവിക്കുവാന്‍ പോലും മാര്‍ഗ്ഗമില്ലാതെ രവി കളക്റേറ്റിലെ ഒരു ക്ലാര്‍ക്കായി ജോലി സ്വീകരിച്ചു. ഇന്ദുമതി, ഭാര്യയാണെങ്കിലും ഒരു ഭര്‍ത്താവില്‍നിന്നും കിട്ടേണ്ട യാതൊരുവിധ പെരുമാറ്റവും അവള്‍ക്കു രവിയില്‍നിന്നും ലഭിച്ചില്ല.
ഒരു സാധാരണ 'എന്‍. ജി. ഓ.' ആയിക്കഴിഞ്ഞിരുന്ന രവി ഒരു ദിവസം മേലാവിക്കുള്ള ഫയലുകളുമായി കളക്ടറെ സമീപിച്ചു. അയാള്‍ ഞെട്ടിപ്പോയി.പുതിയ കളക്ടറായി വന്നിരിക്കുന്നതു മാലതിയാണു്.
ശ്രീവാഴുംകോവിലകത്തെ പരദേവതാക്ഷേത്രം പോലും ജീര്‍ണ്ണിച്ച നിലയിലായി. അമ്പലപ്പറമ്പു് പാട്ടക്കാരന്റെ ദുരാഗ്രഹത്തിനിരയായി. തകര്‍ച്ചയുടെ നെല്ലിപ്പലകകണ്ട ഭാനുവിക്രമവര്മ്മ എല്ലാം നശിച്ചെങ്കിലും തന്റെ മാനബിന്ദുവായ പരദേവതാക്ഷേത്രമെങ്കിലും സുരക്ഷിതമാക്കാന്‍ തീരുമാനിച്ചു. ആ പാവം സങ്കടനിവൃത്തിക്കായി ജില്ലാ അധികാരികളെ സമീപിച്ചു. കളക്ടറെക്കണ്ട വര്‍മ്മയ്ക്കു് തന്റെ കണ്ണുകളെ വിശ്വസിക്കുവാന്‍ സാധിച്ചില്ല. കാര്യസ്ഥന് വാര്യര്‍ കളക്ടറാരാണെന്നു പറഞ്ഞു മനസ്സിലാക്കി.
കുനിഞ്ഞ ശിരസ്സും, വേദനിക്കുന്ന ഹൃദയവുമായി ഭാനുവിക്രമവര്മ്മ കോവിലകത്തേക്കു മടങ്ങി. പക്ഷെ താന്‍ മടങ്ങിയെത്തിക്കഴിഞ്ഞപ്പോഴേക്കും പാട്ടക്കാരന് സ്വമനസ്സാലെ അമ്പലപ്പറമ്പു് ഒഴിഞ്ഞുകൊടുക്കുവാൻ തയ്യാറായി കോവിലകത്തെത്തി. വര്‍മ്മ നെഞ്ചത്തു കൈവെച്ചു പരദേവതയെ വിളിച്ചുപോയി. കോവിലകത്തിന്റെ മാനംകാത്ത പരദേവത ആരാണെന്നു് കാര്യസ്ഥന് വാര്യര്‍ എളുപ്പത്തില്‍ മനസ്സിലാക്കി.
മകന് രവിയുടെയും മരുമകള്‍ ഇന്ദുമതിയുടെയും ഹൃദയവേദനകള്‍ സുഭദ്രത്തമ്പുരാട്ടിയെ വല്ലാതെ അലട്ടി. അവര്‍ മാലതിയെ കാണുവാന്‍ ആഗ്രഹിച്ചു. കോവിലകത്തെത്തിയ മാലതിയില്‍ രവിയേയും ഇന്ദുമതിയേയും പരസ്പരം അടുപ്പിക്കേണ്ട ചുമതല സുഭദ്രത്തമ്പുരാട്ടി നിക്ഷേപിച്ചു. മാലതി അതിനു സന്തോഷത്തോടെ സമ്മതം മൂളി.പക്ഷെ മാലതിക്കു് അതുമാത്രം സാദ്ധ്യമായില്ല. രവി ഇതിനകം തന്റെ ജീവിതം അവസാനിപ്പിച്ചുകഴിഞ്ഞിരുന്നു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍