വിമലാ ഫിലിംസ് റിലീസ് ചെയ്ത കാണാത്ത വേഷങ്ങൾ 17 - 8 - 1967 -ൽ പ്രദർശനശാലകളിൽ എത്തി.
കഥാസാരം
റംകൂണിൽനിന്നും ധാരാളം പണവുമായി എത്തിയ രാജശേഖരന് തമ്പിയും അന്തസ്സും ആഭിജാത്യവുമുള്ള സത്യവാനായ പണക്കാരന് കരുണാകരൻ കര്‍ത്താവും കൂടി യുണൈറ്റഡ് പ്ലാന്റേഷൻസ് എന്ന ഒരു കമ്പനി തുടങ്ങി. തനിക്കു തോന്നുന്നതെല്ലാം ചെയ്യുകയും താന്‍ വച്ചതെല്ലാം ചട്ടമായി കരുതണമെന്നു് നിര്ബ്ബന്ധവുമുള്ള തമ്പിയായിരുന്നു മാനേജിംഗ് ഡയറക്ടര്‍. റംകൂണിൽ വളര്ന്നതുകൊണ്ടു് പാശ്ചാത്യ രീതികളിൽ ഭ്രമമുള്ള തമ്പിയുടെ സഹോദരി വാസന്തിയും കര്‍ത്താവിന്റെ മകള്‍ ഗീതയും ഉറ്റ തോഴിമാരാണു്. വാസന്തിയില്‍ നിന്നും പാശ്ചാത്യജീവിതാനുകരണഭ്രമം ഗീതയിലേക്കും പകര്‍ന്നു.
തമ്പിയുടെ പ്രവര്‍ത്തനങ്ങള്‍ പലതായിരുന്നു. സംശയഗ്രസ്തരായ അധികാരികളുടെ നിര്‍ദ്ദേശപ്രകാരം ഇവയുടെ സത്യാവസ്ഥകള്‍ കണ്ടുപിടിക്കുവാനും മറ്റുമായി ഒരു സി. ഐ. ഡി. ഉദ്യോഗസ്ഥന് - പിച്ചാത്തിപ്പാച്ചന് - എന്ന പേരില്‍ അവിടെയെത്തി. ഗൌരിക്കുട്ടി എന്ന ഒരു സ്ത്രീയും തമ്പിയുടെ വീട്ടിലെ വേലക്കാരിയായി എത്തി.
നിർദ്ദോഷിയും സ്നേഹസമ്പന്നനുമായ നമ്പ്യാരാണു് കരുണാകരൻ കര്‍ത്താവിന്റെ സെക്രട്ടറി. പിച്ചാത്തിപ്പാച്ചന് തന്റെ ഔദ്യോഗിക നിര്‍വ്വഹണത്തില്‍ ശ്രദ്ധിച്ചു തുടങ്ങി. അയാള്‍ വാസന്തിയുമായി പരിചയപ്പെട്ടു.
ഇതിനിടയില്‍ ലോകം വിരട്ടി ജീവിക്കുന്ന ‘ജാവാസേട്ടു്’ എന്ന പ്രമാണിയും സ്ഥലത്തു വന്നു താമസം തുടങ്ങി. ജാവാസേട്ടു് അതീവ ബുദ്ധിമാനും തന്റെ ലക്ഷ്യങ്ങളിലെത്തുവാന് ഏതു മാര്‍ഗ്ഗം ഉപയോഗിക്കുവാന്‍ മടിയില്ലാത്തവനുമായിരുന്നു.
പിച്ചാത്തിപ്പാച്ചനും സേട്ടുവുമായി ഏറ്റുമുട്ടി. പക്ഷെ പാച്ചനു് സേട്ടുവിന്റെയടുക്കൽ അടിയറ പറയേണ്ടതായി വന്നു.
സേട്ടുവിന്റെ കൂട്ടുകാരനായ രാജപ്പന് സേട്ടുവിന്റെ എല്ലാ പ്രവര്‍ത്തികളിലും പങ്കുകാരനായിരുന്നു. അതേസമയം തമ്പിക്കുവേണ്ടി എന്തും ചെയ്യുവാന്‍ മടിയില്ലാത്ത വിശ്വസ്തസേവകനായിരുന്നു സാന്ഡോ മാധവന്.
വാസന്തി ആടിപ്പാടി നടക്കാനും ഉല്ലാസവതിയായി ജീവിക്കുവാനുമല്ലാതെ തന്റെ സഹോദരന്റെ പ്രവര്‍ത്തികള്‍ എന്തെല്ലാമാണെന്നു് അറിയാനോ മനസ്സിലാക്കാനോ മിനക്കെട്ടില്ല. കൂടാതെ പിച്ചാത്തിപ്പാച്ചനുമായുള്ള അടുപ്പത്തില്‍ വാസന്തി അനുരക്തയാകുകയും ചെയ്തു. ഇതിനിടയില്‍ തമ്പിയുടെ വീട്ടില്‍ വേലക്കാരിയായി വന്ന ഗൌരിക്കുട്ടിയില്‍ നമ്പ്യാരും ആകൃഷ്ടനായി. പക്ഷെ അവള് അതത്രക്കൊന്നും കാര്യമായെടുത്തില്ല. പാച്ചന് രാജശേഖരന് തമ്പിയുടെ നിഗൂഢപ്രവര്ത്തികളുടെ ഏകദേശരൂപം മനസ്സിലാക്കുവാനുള്ള ശ്രമത്തില്‍ വ്യാപൃതനായി കഴിഞ്ഞുകൂടുകയായിരുന്നു.
ഒരു ദിവസം യദൃശ്ച്യാ കരുണാകരന് കര്‍ത്താവിന്റെ മകള്‍ ഇലക്ട്രിക്ക് ഉപകരണങ്ങളില്‍ തട്ടി ഷോക്കിനിരയായി. അവിടെയെത്തിയ പാച്ചന് അവളെ രക്ഷപെടുത്തി. ഈ രംഗങ്ങള്‍ കണ്ടുകൊണ്ടുവന്ന വാസന്തി തെറ്റിദ്ധരിച്ചു. പക്ഷെ അവളുടെ തെറ്റിദ്ധാരണ മാറ്റുന്നതില്‍ പാച്ചനു് വലിയ താല്‍പ്പര്യമൊന്നും ഇല്ലായിരുന്നു.
തന്റെ പങ്കാളിയായ കരുണാകരന് കര്‍ത്താവിന്റെ സ്വത്തിലും, മകള്‍ ഗീതയിലും തമ്പിക്കു കണ്ണുണ്ടായിരുന്നു. എങ്കിലും തന്റെ പരിപാടികള്‍ മുഴുമിപ്പിക്കാനുള്ള സൗകര്യം തമ്പിക്കു കിട്ടിയില്ല. അതിനു മുന്‍പേ തന്നെ പാച്ചന് ഇണക്കിയിരുന്ന വലയില്‍ തമ്പി കുടുങ്ങിക്കഴിഞ്ഞിരുന്നു.
തുടര്‍ന്നു് ഉഗ്രമായ പോരാട്ടങ്ങളും സംഘട്ടനങ്ങളും തമ്പിയുടെ അനുയായികളും പാച്ചനുമായി നടന്നു. പാച്ചന് തമ്പിയുമായി ഏറ്റുമുട്ടി. രാജശേഖരന് തമ്പിയും ജാവാസേട്ടുമായി പ്രത്യക്ഷപ്പെട്ടിരുന്നതു് തമ്പിതന്നെ ആണെന്നുള്ള സത്യം വെളിപ്പെട്ടു. വാസന്തിയും, കര്‍ത്താവും, കുറുപ്പും അത്ഭുതസ്തബ്ധരായി. തമ്പിയുടെ വീട്ടില്‍ വേലക്കാരിയായി വന്ന ഗൌരിക്കുട്ടി പാച്ചനെന്ന സി.ഐ.ഡി. ഉദ്യോഗസ്ഥന്റെ സെക്രട്ടറിയായിരുന്നു എന്നും വെളിപ്പെട്ടു.
തന്നില്‍ നിക്ഷിപ്തമായ ജോലി വിജയകരമാംവണ്ണം അവസാനിപ്പിക്കുകയും കൊള്ളയും കൊള്ളരുതായ്മകളും നടത്തി വന്ന രാജശേഖരന് തമ്പിയെ നിയമത്തിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുകയും ചെയ്തതോടെ സി.ഐ.ഡി. പാച്ചനും ഗൌരിക്കുട്ടിയും സ്ഥലം വിട്ടു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍