കഥാസാരം :
ധനവാനും വിദ്യാസമ്പന്നനുമായ കുറുപ്പു്. കൊച്ചങ്ങുന്നു് എന്നാണു് അദ്ദേഹം അറിയപ്പെടുന്നതു്. പിതാവിന്റെ മരണശേഷം കുഴഞ്ഞുമറിഞ്ഞു കിടന്നിരുന്ന എസ്റ്റേറ്റു് പ്രശ്നം പരിഹരിക്കുവാന്‍ കുറുപ്പു് തീര്‍ച്ചയാക്കി. നെറികെട്ട തന്റെ കാര്യസ്ഥനുമായി കുറുപ്പു് എസ്റ്റേറ്റിലെത്തി. കൃഷിക്കാരെ വെറുംകയ്യോടെ ഭൂമിയില്‍ നിന്നും ഇറക്കി വിടണമെന്നുള്ളതായിരുന്നു കുറുപ്പിന്റെ പ്ലാന്‍.
പക്ഷെ കൊച്ചങ്ങുന്നു വിചാരിച്ചതുപോലെ കാര്യം ക്ഷിപ്രസാദ്ധ്യമായിരുന്നില്ല. ചുറുചുറുക്കും തന്റേടവുമുള്ള കര്ഷകയുവാവായ ഗോപിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ സംഘടിച്ചു. "കൃഷിഭൂമി കര്‍ഷകനു് " അതായിരുന്നു അവരുടെ മുദ്രാവാക്യം.
കുടിയിറക്കില്‍ കൊച്ചങ്ങുന്നു പരാജയപ്പെട്ടെങ്കിലും ഒരു പ്രേമവ്യാപാരത്തില് അയാള്‍ വിജയിച്ചു. കുടിയിറക്കു പ്രശ്നത്തില്‍ കുറുപ്പിനെ മുട്ടുകുത്തിച്ചവരില് ഒരുവനും, വെന്തെരിയുന്ന ഒരു കുടിലില്‍ നിന്നും ഒരു ജീവനെ രക്ഷിക്കുവാന്‍ ചെയ്ത ശ്രമത്തില്‍ കണ്ണുകള്‍ നഷ്ടപ്പെട്ടവനുമായ ഒരു കര്‍ഷകന്റെ മകള്‍ ദേവകിയെ കുറുപ്പു വശത്താക്കി. അവളുടെ യുവത്വവും സൗന്ദര്യവും അവോളം ആസ്വദിച്ച ശേഷം അയാള്‍ സ്ഥലം വിട്ടു. പോകുന്നതിനു മുമ്പു് താന്‍ തിരിച്ചു വന്നാലുടന്‍ വിവാഹം ചെയ്തുകൊള്ളാമെന്നു സത്യം ചെയ്യുവാനും അയാള്‍ മറന്നില്ല.
നാട്ടിലെത്തിയ കുറുപ്പു് മഹിളാസംഘം പ്രവര്‍ത്തകയും ധനാഢ്യയുമായി രാധയെ വിവാഹം കഴിച്ചു. സ്ത്രീയുടെ വിലയേറിയ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന പുരുഷമേധാവിത്വത്തിനെതിരെയുള്ള ശക്തിയായ വെല്ലുവിളിയായിരുന്നു രാധ. സത്യസന്ധ്യതയും പൗരുഷത്വവും നിറഞ്ഞ ഒരു ഭര്‍ത്താവിനെയാണു് അവള് പ്രതീക്ഷിച്ചതു്. പക്ഷെ കുറുപ്പിന്റെ കൊള്ളരുതായ്മകള്‍ കണ്ടു് അവള് മടുത്തു. എന്തിനധികം. ആ ദാമ്പത്യബന്ധം അടിമുതല്‍ മുടിവരെ ഉലഞ്ഞു തുടങ്ങി.
കൊച്ചങ്ങുന്നിന്റെ വിവാഹവാര്‍ത്ത ദേവകിയുടെ ചെവിയിലെത്തി. തന്റെ പ്രേമരഹസ്യം മുഴുവന്‍ അവള് അച്ഛനെയും ഗോപിയേയും അറിയിച്ചു. അവര്‍ നടുങ്ങി.
ഒരു ദിവസം ദേവകിയേയും കൂട്ടി അവളുടെ പിതാവു് കുറുപ്പിന്റെ കൈലാസു് ബംഗ്ലാവിലെത്തി. രാധ മാന്യമായ രീതിയില്‍ സ്വീകരിച്ചു. അവരില്‍ നിന്നും എല്ലാ വിവരങ്ങളും അവള് അറിഞ്ഞു.
ദേവകിയും പിതാവും വീട്ടില്‍ വന്നിരിക്കുന്ന വിവരമറിയാതെ എത്തിയ കുറുപ്പു് കോപാക്രാന്തനായി. ദേവകിയെ അയാള്‍ കോണിപ്പടിയില്‍ നിന്നും തള്ളിയിട്ടു. നിലത്തു വീണു പരിക്കേറ്റ ദേവകിയെ രാധ ആശുപത്രിയിലാക്കി. ഈ സംഭവം അഭിമാനിയായ കര്‍ഷകരെ ഞെട്ടിച്ചു. കൊച്ചങ്ങുന്നിന്റെ ധിക്കാരത്തിനും വഞ്ചനക്കുമെതിരെ പകരം ചോദിക്കുവാന്‍ അവര്‍ തീരുമാനിച്ചു. ഗോപിയുടെ നേതൃത്വത്തില്‍ കര്‍ഷകരെല്ലാം കൂടി ജാഥയായി കോച്ചങ്ങുന്നിന്റെ മുറ്റത്തെത്തി. സംഭവങ്ങളുടെ ഗൗരവസ്ഥിതി മനസ്സിലാക്കിയ പോലീസും സ്ഥലത്തെത്തി. അവര്‍ കുറുപ്പിനെ അറസ്റ്റു് ചെയ്തു.
ഈ സംഭവവികാസങ്ങളറിഞ്ഞ ദേവകി ആശുപത്രിയില്‍ നിന്നുമിറങ്ങി ഓടി കൈലാസം ബംഗ്ലാവിലെത്തി. തനിക്കു കൊച്ചങ്ങുന്നിന്റെ പേരില്‍ യാതൊരു പരാതിയുമില്ലെന്നു അവള് ബോധിപ്പിച്ചു. അങ്ങിനെ തന്റെ ഹൃദയവല്ലഭനെ നിയമത്തിന്റെ ബലിഷ്ഠഹസ്തങ്ങളില് നിന്നും മോചിപ്പിച്ചു.
മാനസാന്തരം വന്ന കൊച്ചങ്ങുന്നു തന്റെ തെറ്റുകള്‍ തിരുത്തി കര്‍ഷകരോടൊത്തു ചേര്‍ന്നു.
ശ്രീ പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും തയ്യാറാക്കി. ശ്രീ വി. കൃഷ്ണന് ചിത്രം സംവീധാനം ചെയ്തു. പി. ഭാസ്ക്കരന്‍ രചിച്ച 11 ഗാനങ്ങള്‍ വി. ദക്ഷിണാമൂര്‍ത്തി നല്കിയ ഈണത്തിലും രാഗത്തിലും കോഴിക്കോടു് അബ്ദുള്‍ ഖാദര്‍, സി. കെ. രേവമ്മ, പി. ലീല എന്നിവര്‍ പാടി. ശ്രീ പി. കെ. മാധവന് നായര്‍ ഛായാഗ്രഹണം നടത്തി. ശ്രീ കെ. ഡി. ജോര്‍ജ്ജു് ചിത്രസംയോജനം നിര്‍വ്വഹിച്ചു.
രാധാകൃഷ്ണ ഫിലിംസു് പ്രൈവറ്റു് ലിമിറ്റഡു് വിതരണം ചെയ്ത നവലോകം 29-03-1951 ല്‍ പ്രദര്‍ശനം ആരംഭിച്ചു.
മിസ്സു് കുമാരി, സേതുലക്ഷ്മി, ലളിത, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, കുഞ്ഞുകുഞ്ഞു് ഭാഗവതര്‍, വഞ്ചിയൂര്‍ മാധവന് നായര്‍, മുതുകുളം രാഘവന്‍പിള്ള, റ്റി. എസ്സു്. മുത്തയ്യ, ഭാസ്കരന്, സദാശിവന് എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |