ആനന്ദമന്ദിരത്തിലെ പണിക്കരുടെ ഏക സന്താനമാണു് ശശിധരന്. പ്രതാപശാലിയും സമ്പന്നനുമായ പണിക്കരുടെ നിലയും വിലയുമുള്ള മകനായതുകൊണ്ടു് ബി. എ. പാസ്സായ ശശിധരനെ നാട്ടുകാര്‍ക്കൊക്കെ ബഹുമാനമായിരുന്നു.
ചെമ്പകശ്ശേരിയിലെ നിര്‍ദ്ധനയായ കല്ല്യാണിയമ്മയുടെ മകളാണു് കേളേജു വിദ്യാര്‍ത്ഥിനിയായ വിലാസിനി. വിഷയലമ്പടനും കുടിലചിത്തനുമായ രാജശേഖരന് ഒരു ദിവസം തന്റെ അനുയായികളെ വഴിയില്‍ നിര്‍ത്തി വിലാസിനിയെ അപഹരിക്കാന്‍ ശ്രമിച്ചു. യാദൃശ്ചികമായി ആ വഴി കാറില്‍ വന്ന ശശിധരന് വിലാസിനിയെ രക്ഷിച്ചു. രാജശേഖരനു കോപം ഉണ്ടായി. എങ്ങനെയെങ്കിലും വിലാസിനിയെ കൈക്കലാക്കുമെന്നു് രാജശേഖരന് പ്രതിജ്ഞ ചെയ്തു. തന്നെ രക്ഷിച്ച ശശിധരനിലാണു് വിലാസിനിക്കു പ്രേമമുദിച്ചതു്.
പത്രാധിപരെന്നു പറഞ്ഞു് പരദൂഷണം നടത്തി ജീവിക്കുന്ന ഒരു വങ്കന് ശശിധരനു വേണ്ടി വിവാഹാലോചനകള്‍ നടത്തി വന്നു. എന്നാല്‍ ശശിധരന് വിലാസിനിയെ ജീവിതസഖിയായി തെരഞ്ഞെടുത്തുകഴിഞ്ഞിരുന്നു. അച്ഛന്റെ ആജ്ഞയ്ക്കു വഴിപ്പെടാതിരുന്ന ശശിധരനെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ ആ പിതാവു മടിച്ചില്ല. കല്ല്യാണിയമ്മക്കു പണത്തോടാണു് മോഹം. വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട ശശിധരനു പണമില്ലെന്നു കണ്ടു് അവര്‍ മകളെ അയാള്‍ക്കു വിവാഹം ചെയ്തു കൊടുക്കാന്‍ മടിച്ചു. ധനം സമ്പാദിച്ചു് കാമിനിയെ കൈക്കലാക്കാമെന്നുറച്ച ശശിധരന് സ്നേഹിതനായ മധുവിന്റെ ഉപദേശപ്രകാരം മലയായിലേക്കു പോയി.
ശശിധരന്റെ വരവും കാത്തു് കണ്ണീരും കൈയുമായിരുന്ന വിലാസിനിയെ കൈക്കലാക്കുവാന്‍ രാജശേഖരന് ശ്രമമാരംഭിച്ചു. പത്രാധിപര്‍ അതിനു കൂട്ടു നില്‍ക്കുകയും ചെയ്തു.
മലയായിലെത്തിയ ശശിധരന് ക്രമേണ വലിയ തൊഴിലാളി നേതാവായി. എസ്റ്റേറ്റുടമസ്ഥന്റെ മകള്‍ ഇന്ദുബാല ശശിധരനില്‍ അനുരക്തയായി. പക്ഷെ വിലാസിനിയെ ധ്യാനിച്ചു കഴിയുന്ന ശശിധരന് അവളോടു് സത്യം തുറന്നു പറഞ്ഞു. ഇന്ദുബാലയുടെ പ്രേമാഭ്യര്‍ത്ഥന വിഫലമായി.
മലയായില്‍ നിന്നും മടങ്ങിയെത്തിയ ശശിധരന് വിലാസിനിയെ തേടി. പക്ഷെ ഇതിനകം കുടിലനായ രാജശേഖരന് വിലാസിനിയെ ഭാര്യയാക്കിക്കഴിഞ്ഞിരുന്നു. ശശിധരന് നിരാശാഗര്ത്തിലാണ്ടു.
തനിക്കു് വിലാസിനിയെ അവസാനമായി ഒന്നു കാണണമെന്നു് പ്രേമാര്ത്തനായ ശശിധരനു് ഒരാഗ്രഹം. ആ യുവാവു് അതിനു വേണ്ടി അവള് താമസിച്ചുകൊണ്ടിരുന്ന രാജശേഖരന്റെ ബംഗ്ലാവിനു ചുറ്റും അലഞ്ഞുനടന്നു. ശശിധരന് മലയായില്‍ നിന്നും മടങ്ങി എത്തിയിരിക്കുന്നുവെന്നും, വിലാസിനി ദര്‍ശനം കൊതിച്ചു കഴിയുകയാണെന്നും, കുടിലനായ പത്രാധിപരില്‍ നിന്നും അറിഞ്ഞ രാജശേഖരന്, വിലാസിനിയുടെ ആജ്ഞപ്രകാരമാണെന്നു പറഞ്ഞുകൊണ്ടു്, ആ യുവാവിനെ ദേഹോപദ്രവമേല്പ്പിക്കുവാന് ഏതാനം ഖലന്മാരെ നിയോഗിച്ചു. ശശിധരന് മൃഗീയമായി മര്‍ദ്ദിക്കപ്പെട്ടു. ഒരു കാലത്തു് ആത്മാര്‍ത്ഥമായി തന്നെ പ്രേമിക്കുകയും, മലയായില്‍ നിന്നും താന്‍ അപ്പപ്പോള്‍ അയച്ചു കൊടുത്തിരുന്ന പണം എല്ലാം സ്വീകരിക്കുകയും ചെയ്ത വിലാസിനി, തന്നെ കൊലപ്പെടുത്തുവാന്‍ ഏതാനം ദുഷ്ടന്മാരെ അയച്ചു എന്നു ധരിച്ചു പോയ ശശിധരന്, ഏതാണ്ടു് ഒരു ഭ്രാന്തനെപ്പോലെയായി.
പാവം വിലാസിനി, അവള് ശശിധരനെ സ്വജീവനേക്കാള്‍ ഉപരിയായി സ്നേഹിച്ചു. ആ യുവാവു് മലയായില്ക്കിടന്നു മരിച്ചു പോയി എന്നു് തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനു ശേഷം മാത്രമാണു് രാജശേഖരനുമായുള്ള വിവാഹത്തിനു അവള് സമ്മതിച്ചതു്. അതും തന്റെ ഏകാവലംബമായ അമ്മയുടെ നിര്‍ബ്ബന്ധപൂര്‍വ്വമായ നിര്‍ദ്ദേശം കൊണ്ടു മാത്രം. അവളുടെ പേര്‍ക്കു് മലയായില്‍ നിന്നും ശശിധരന് അയച്ച പണം അയച്ചതും, ആ പണം എല്ലാം രാജശേഖരന് കൃത്രിമം കാട്ടി കൈപ്പറ്റിയതും ഒന്നും അവള് അറിഞ്ഞില്ല.
മറ്റൊരു യുവതിയെ വിവാഹം ചെയ്യുവാന്‍ വെമ്പല്‍കൊള്ളുന്ന തന്റെ ഭര്‍ത്താവില്‍ നിന്നും അടിക്കടി ക്രൂരമായ പെരുമാറ്റം അനുഭവപ്പെടുവാന്‍ തുടങ്ങിയതോടെ, അതിനിടയില്‍ ഗര്ഭിണിയായിത്തീര്ന്നിരുന്ന വിലാസിനി, തന്റെ പൂര്വ്വകാമുകനെപ്പറ്റി ഓര്ത്തു് അത്യധികം ഖേദിച്ചു. ഒരു ദിവസം അവള് തന്റെ വിശ്വസ്ഥയായ പിരചാരിക മീനുവില്‍ നിന്നറിഞ്ഞു, അടുത്തൊരിടത്തു് യാവാവായ ഒരു കിറുക്കന്, താനും തന്റെ കാമുകനും ചേര്‍ന്നു് പണ്ടു് രഹസ്യമായി പാടിയിരുന്ന ഒരു യുഗ്മഗാനം പാടിക്കൊണ്ടിരിക്കുന്നു എന്നു്. ആരായിരിക്കാം ആ കിറുക്കന്? തന്റെ കാമുകനാണെങ്കില്‍ മലയായില്‍ വച്ചു മരിച്ചു പോയി എന്നാണു് തനിക്കുള്ള അറിവു്. ആ അറിവു് ശരിയല്ലെന്നു വരുമോ? ഏതായാലും രഹസ്യമായി ആ മനുഷ്യനെ ഒന്നു കാണുക തന്നെ എന്നവള്‍ തീര്‍ച്ചപ്പെടുത്തി.
ഇടിയും മിന്നലും ആയി മഴ തകര്‍ത്തു പെയ്തുകൊണ്ടിരുന്ന ഒരു രാത്രിയില്‍, വിലാസിനി ആ അജ്ഞാത ഗായകനെ കാണാന്‍ പുറപ്പെട്ടു. ആളിനെ കണ്ടയുടന്‍ അവള്‍ക്കു മനസ്സിലായി, അതു തന്റെ ഹൃദയേശ്വരനായ ശശിധരനാണെന്നു്. വിലാസിനി തനിക്കു പറ്റിയ അമളി വിവരിച്ചു് ആ യുവാവിനോടു മാപ്പു ചോദിക്കുവാന്‍ ഉദ്യമിക്കുന്നതിനിടയില് അവള് അറിയാതെ അവളെ പിന്തുടര്ന്നു വന്നിരുന്ന രാജശേഖരന് അവളെ വെടി വെച്ചു കൊന്നു.
തന്റെ ഭാര്യ വിലാസിനിയെ അവളുടെ കാമുകനായിരുന്ന ശശിധരന് വെടി വെച്ചു കൊന്നിരിക്കുന്നു എന്നുള്ള രാജശേഖരന്റെ പരാതിയിന്മേല് പോലീസു് ശശിധരനെ അറസ്റ്റു് ചെയ്തു് ജയിലിലടച്ചു. കേസു് കേടതിയില്‍ എത്തി. ആ അവസരത്തില്‍, പിതാവിന്റെ മരണത്തെത്തുടര്‍ന്നു മലയായില്‍ തന്റെ വസ്തുവകകളെല്ലാം വിറ്റു കിട്ടിയ പണവുമായി ഇന്ദുബാല ശശിധരനെ തേടി നാട്ടിലെത്തി. വിലാസിനി വധിക്കപ്പെട്ടു എന്നും ശശിധരന് ജയിലിലാണു് എന്നും ഉള്ള വിവരങ്ങള്‍ അവള് അറിഞ്ഞു. അവളുടെ ശ്രമഫലമായി യഥാര്‍ത്ഥ ഘാതകനായ രാജശേഖരനും അയാളുടെ കൂട്ടുകാരനായ പത്രാധിപരും അറസ്റ്റു് ചെയ്യപ്പെട്ടു. നിര്‍ദ്ദോഷിയെന്നു ബോദ്ധ്യമായതിനെ തടര്‍ന്നു കോടതി ശശിധരനെ വെറുതെ വിട്ടു. ശശിധരനും ഇന്ദുബാലയും പ്രേമസ്വരൂപിണിയായിരുന്ന വിലാസിനിയുടെ ശവകുടീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.
കൈലാസു് പിക്ചേഴ്സിനു വേണ്ടി ശ്രീ കെ. കെ. നാരായണന് ആലപ്പുഴ ഉദയാസ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ഈ ചിത്രത്തിനു കഥയും സംഭാഷണവും ശ്രീ എന്‍. പി. ചെല്ലപ്പന് നായര്‍ രചിച്ചു. പി. കലിംഗറാവു സംവിധാനം ചെയ്ത പതിനാലു് പാട്ടുകള്‍ രചിച്ചതു് തുമ്പമണ്‍ പത്മനാഭന്കുട്ടിയാണു്. സി. കെ. രേവമ്മ മുതല്പേര് പിന്നണിയില്‍ പാടി. പി. ദൊരരാജു് ക്യാമറ കൈകാര്യം ചെയ്തു. എന്‍. രാമമൂര്‍ത്തി, ബി. ശിവശങ്കരന് നായര്‍ എന്നിവരുടെ സഹായത്തോടെ എം. നടരാജന് ശബ്ദലേഖനവും, പാര്‍ത്ഥസാരഥി, ഉറുമീസു് എന്നിവര്‍ വേഷവിധാനവും നിര്‍വ്വഹിച്ചു. ശ്രീ ടി. ജാനകിറാം ചിത്രം സംവിധാനം ചെയ്തു.
കുമാരി, ഓമന, ആറന്മുളപൊന്നമ്മ, രേവമ്മ, പി. കെ. കമലാക്ഷി, കുട്ടിയമ്മ, പി. കെ. വിക്രമന് നായര്‍, എന്‍. പി. ചെല്ലപ്പന് നായര്‍, കൊട്ടാരക്കര ശ്രീധരന് നായര്‍, വൈക്കം മണി, നാഗവള്ളി ആര്. എസു്. കുറുപ്പു്, ആര്. കുമാരന്ഭാഗവതര്, കെ. കെ. പത്മനാഭന്‍കുട്ടി, എസു്. പി. പിള്ള, അമ്പലപ്പുഴ കൃഷ്ണമൂര്‍ത്തി, പോത്തന് പി പുതുമന, എം. വര്‍ഗ്ഗീസു്, കെ. കുഞ്ഞുകൃഷ്ണന്‍ എന്നിവര്‍ അഭിനയിച്ചു.
ശശിധരന് 1950ല്‍ പ്രദര്‍ശനമാരംഭിച്ചു.
കൊച്ചിന് പിക്ചേഴ്സു് എറണാകുളം വിതരണം നടത്തി.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍