ഈ ഗാനങ്ങൾ ആദ്യമായ് പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിന് വേണ്ടി 1985-1986 കാലഘട്ടത്തിൽ റിക്കാർഡ് ചെയ്തതാണ്. ഈ ചിത്രത്തിന്റെ പേര് ആദ്യം കാണാൻ പോകുന്ന പൂരം എന്നായിരുന്നെങ്കിലും പിന്നീട് പിടികിട്ടാപ്പുള്ളി എന്ന പേരിൽ റിലീസ് ചെയ്തിരുന്നു.
കുറച്ച് വർഷങ്ങൾക്ക് ശേഷം കെ എസ് ഗോപാലകൃഷ്ണൻ ജന്മശത്രു എന്ന ചിത്രം സംവിധാനം ചെയ്തപ്പോൾ ഇതേ ഗാനങ്ങൾ ആ ചിത്രത്തിൽ വീണ്ടും ഉപയോഗിച്ചു. ഇത്തരം സംഭവങ്ങൾ വളരെ വിരളമായേ ഉണ്ടായിട്ടുള്ളൂ എങ്കിലും ഒരേ സംവിധായകരും, നിർമ്മാതാക്കളും വരുമ്പോൾ അത്ര ആശ്ചര്യപ്പെടാനില്ല എന്നതാണ് സത്യം.
ജന്മശത്രു എന്ന ചിത്രത്തിന്റെ പ്രിന്റ് ലഭ്യമായത് കൊണ്ട് ഈ ഗാനങ്ങൾ അതിൽ കാണാം. പിടികിട്ടാപ്പുള്ളിയുടെ പ്രിന്റ് ഇപ്പോൾ ലഭ്യമല്ലാത്തത് കൊണ്ട് പഴയകാല ചരിത്ര പുസ്തകത്തിൽ രേഖപ്പെടുത്തിയ വിവരങ്ങളാണ് ഞങ്ങൾ ഉപയോഗിച്ചിരിക്കുന്നത്.
ഗാനങ്ങൾ രചിച്ചത് (രണ്ടിലും വരുന്നവ) ഭരണിക്കാവ് ശിവകുമാർ തന്നെയാണ് എന്നത് സംശയമില്ല. എങ്കിലും സംഗീതസംവിധായകന്റെ പേർ കൊച്ചിൻ അലക്സ് എന്ന് മാത്രമാണ് ജന്മശത്രുവന്റെ ടൈറ്റിൽ കാണിച്ചിരിക്കുന്നത്. കൂടുതൽ സാധ്യത ഇതിലെ നാലാമത്തെ ഗാനം (വി സി ഡിയിൽ കാണാത്ത) ഗാനമാണ് കൊച്ചിൻ അലക്സ് സംഗീതം നൽകിയത് എന്നതാണ്. എങ്കിലും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത് വരെ രണ്ടു പേരുടെയും പേരുകൾ കൊടുത്തിട്ടുണ്ട്.
|