കഥാസാരം :
മണിനഗരം രാജാവിനെ അഹങ്കാരിയും ദുര്മ്മോഹിയുമായ റീജന്റു് ചന്ദ്രവര്‍മ്മന്‍ രാജഗുരുവിന്റെ സഹായത്തോടെ സ്ഥാനഭ്രഷ്ടനാക്കി. ദുര്‍ഭരണത്തില്‍ വീര്‍പ്പുമുട്ടിയ സാധാരണജനത്തിനു് ഒരേയൊരു ആശാകേന്ദ്രം സേനാപതിയായ രാജേന്ദ്രനായിരുന്നു. അനീതിയെ എതിര്‍ത്ത രാജേന്ദ്രനെ ജയിലിലടച്ചു. മറ്റൊരു തടവുപുള്ളിയുടെ സഹായത്താല്‍ ജയില്‍ ചാടി ഒരു പരിചാരികയായ ഹേമയുടെ വീട്ടില്‍ രാജേന്ദ്രന് അഭയം തേടുന്നു. ജയില്‍ ചാടിയവരെ പിടിക്കാനെത്തിയ പടയാളികളുമായി ഏറ്റുമുട്ടിയ രാജേന്ദ്രന് മാരകമായ മുറിവുകളേറ്റു് കടലില്‍ വീണുപോയി. ദുര്‍ഭരണം കൊടികുത്തി വാണു. ജനശബ്ദം അതിനെതിരായി ഉയര്‍ന്നു. ആ കൂട്ടത്തില്‍ ഒരു സിംഹഗര്‍ജ്ജനവും. ജനങ്ങള്‍ ആഹ്ലാദിച്ചു. അവര്‍ക്കൊരു നേതാവു് 'കേരള കേസരി ' . ചന്ദ്രവര്മ്മനെതിരായ കേരളകേസരിയുടെ മുന്നേറ്റത്തില്‍ ആ വീരനെ സഹായിക്കുവാന്‍ തന്റെ പിതാവിന്റെ മരണത്തിനു് പകരം ചോദിക്കുവാന്‍ കാപ്പു കെട്ടിയ ഒരു കര്ഷകമങ്കയും കൂടിയിരുന്നു, ഭവാനി. ശത്രുക്കള്‍ ശക്തിപ്രാപിക്കുന്നുവെന്നറിഞ്ഞ ചന്ദ്രവര്‍മ്മന്‍ കേരളകേസരിയുടെ തലയ്ക്കു് പതിനായിരം രൂപ പാരിതോഷികം നല്‍കാമെന്നു വിളംബരം ചെയ്തു.
അടുപ്പവും സഹകരിച്ച പ്രവര്‍ത്തനവും ഭവാനിയുടെ ഹൃദയത്തില്‍ ആ വീരകേസരിയുടെ ചിത്രം മായാത്തവണ്ണം പതിഞ്ഞുപോയി. ഏകാന്തതിയിലിരുന്നവള് ഭവാനിയിലൂടെ കേരളകേസരിയുടെ രൂപം ദര്‍ശിച്ചു പുളകം കൊണ്ടു.
കേരളകേസരിയും ഹേമയുമായി എന്തോ ബന്ധമുണ്ടെന്നു മനസ്സിലാക്കിയ ചന്ദ്രവര്‍മ്മന്‍ അവളെ കൊട്ടാരത്തില്‍ വരുത്തി സൂക്ഷിച്ചു. പക്ഷെ അവളെ അവിടെ നിന്നും രക്ഷിക്കുവാന്‍ കേസരിക്കു് വലിയ ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നില്ല. കേരളകേസരിയുടെ സംരക്ഷണയില്‍ ഒളിച്ചുകഴിഞ്ഞുവരവേ ഹേമയുടെ വീടിനു് തീ പീടിച്ചു. പ്രായമായ പിതാവു് അതില്‍ വെന്തു മരിക്കുമെന്നു് ഭയന്ന ഹേമ അവിടേയ്ക്കു് ഓടിയെത്തി. പക്ഷെ ചെന്നുപെട്ടതു് പടയാളികളുടെ കൈകളിലേക്കാണു്. രാജഗുരുവിന്റെ ഉപദേശപ്രകാരം അവളെ വിട്ടയക്കുന്നു. അതൊരു തന്ത്രമായിരുന്നു. ഹേമയെ പിന്തുടര്ന്നു് കേരളകേസരിയുടെ ഇരിപ്പിടം കണ്ടുപിടിക്കുവാന്‍ ചന്ദ്രവര്‍മ്മന്റെ പടയാളികള്ക്കു് കഴിഞ്ഞു. അവിടെ നടന്ന ഉഗ്രമായ സംഘട്ടനത്തിനിടയില്‍ ഭവാനിയുടെ വാളിനിരയായി വീണ പ്രതാപനെന്ന സേനാനി കേരളികേസരിയുടെ നേര്‍ക്കു് വെടി വെച്ചു. അതു തടയാനായി മുന്നോട്ടു് പാഞ്ഞ ഹേമയുടെ മാറിലാണു് വെടിയുണ്ട പാഞ്ഞതു്. ആ അവിചാരിത സംഭവത്തില്‍ അന്തംവിട്ടുനിന്ന കേരളകേസരിയേ പടയാളികള്‍ ബന്ധനസ്ഥനാക്കി.
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസരിയെ കോടതി വിസ്ഥരിച്ചു. കുറ്റം ഏറ്റുപറഞ്ഞ കേസരിയുടെ ശിക്ഷയെന്തെന്നറിയാന് കാത്തുനിന്ന ജനസമൂഹത്തിന്റെ മുന്നിലേക്കു് ഒരു വയോധികന് കടന്നു വന്നു. ചന്ദ്രവര്മ്മന്റേയും രാജഗുരുവിന്റേയും ചതിയുടെ കഥ ജനങ്ങളെ അറിയിക്കുന്നു. നിയമപാലകര്‍ റീജന്റിനേയും രാജഗുരുവിനേയും കാരാഗ്രഹത്തിലടച്ചു. പഴയ രാജാവായിരുന്നു ആ വൃദ്ധന്. ജനങ്ങള്‍ ഹര്‍ഷാരവം മുഴക്കി. കേരളകേസരിയായ രാജേന്ദ്രനെ രാജാവു് അഭിനന്ദിച്ചു. ഭവാനിയുടെ ഭാവന സത്യമായി മാറി. രാജേന്ദ്രന് അവളുടെ കരം ഗ്രഹിച്ചു.
വൈക്കം വാസുദേവന്‍ നായര്‍, അക്ബര്‍ ശങ്കരപ്പിള്ള. കെ. കെ. അരൂര്‍, വൈക്കം രാജു, പത്മനാഭന്‍കുട്ടി, വി. എന്‍. രാമന് നായര്‍, കാലാക്കല്‍ കുമാരന്, എം. ആര്. ഭരതന്, കെ. എന്‍. ഗോപാലന് നായര്‍, പി.മഹാദേവന്, ലാറന്സു്, തങ്കം, വാസുദേവന്‍ നായര്‍, ദുര്ഗ്ഗവര്മ്മ, ഭവാനി, പാര്‍വ്വതി, ബി. ശാന്ത എന്നിവരാണു് ഈ ചിത്രത്തിലെ അഭിനേതാക്കള്‍.
17-06-1951ല്‍ റിലീസായ ഈ ചിത്രം ജിയോപിക്ചേഴ്സു് വിതരണെം ചെയ്തു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍