സെവൻ ആർട്ട്സിന്റെ ബാനറിൽ നിർമ്മിച്ച ക്രൈം ത്രില്ലർ ഡ്രാമ, എസ് എൻ സ്വാമി-ജോഷി-മോഹൻലാൽ ടീമിന്റെ തകർപ്പൻ ഹിറ്റ് 'നാടുവാഴികൾ' റിലീസായത് 1989 മെയ് 5 ന്. അച്ഛന്റെ ശത്രുക്കളാൽ ജീവിതം മാറിമറയുമ്പോൾ ആയുധം കൈയിലെടുക്കുന്ന നായകന്റെ കഥയാണ് ചിത്രം പറഞ്ഞത്. ഹോളിവുഡ് ചിത്രമായ 'ഗോഡ്ഫാദറി'ന്റെ സ്വാധീനമുള്ള കഥയിൽ മോഹൻലാലിൻറെ അച്ഛനായി മധു, സഹോദരിയായി സിതാര, കാമുകിയായി രൂപിണി, ശത്രുക്കളായി ദേവൻ, മുരളി, ബാബു നമ്പൂതിരി സഖ്യം എന്നിങ്ങനെയായിരുന്നു താരനിര.
ബാംഗ്ളൂരിൽ വിദ്യാർത്ഥിയായ അർജുൻ (ലാൽ) അച്ഛന്റെ അറസ്റ്റ് വാർത്തയറിഞ്ഞ് നാട്ടിലെത്തുന്നു. ജയിലിലായ അച്ഛന്റെ ബിസിനസ് കടിഞ്ഞാൺ കൈയിലെടുക്കുന്നതും, ബിസിനസ് രംഗത്തെ ശത്രുക്കൾ തുടർച്ചയായി കേസുകളിൽ കുടുക്കാൻ ശ്രമിക്കുന്നു. രാത്രിയിൽ നായകന്റെ വീട് റെയ്ഡ് ചെയ്യാൻ വന്ന ഉദ്യോഗസ്ഥർക്ക് ചായയിൽ വിം പൗഡർ കലക്കിക്കൊടുത്ത് വയറിളക്കം ഉണ്ടാക്കി കൈയടി വാങ്ങിയ സീൻ അടക്കം കുടുക്കൽ ശ്രമങ്ങളാണ് അടുത്തത്. പലിശയ്ക്ക് വായ്പ വാങ്ങിയ പണപ്പെട്ടിയിൽ സ്വർണ ബിസ്ക്കറ്റുകൾ ഒളിപ്പിച്ച് പോലീസിനെക്കൊണ്ട് പിടിപ്പിക്കാനുള്ള ശത്രു ശ്രമവും മറികടക്കുന്നത് അടക്കം നായകന്റെ അതിജീവനശ്രമങ്ങളാണ് പിന്നെ. വില്ലനെ കൊല്ലാൻ നായകൻ ശവപ്പെട്ടിയിൽ വരുന്നതാണ് ക്ളൈമാക്സ്.
ഷിബു ചക്രവർത്തി-ശ്യാം ടീമിന്റെ ഗാനങ്ങളിൽ രാവിൽ പൂന്തേൻ ജനപ്രിയമായി. ചിത്രത്തെപ്പോലെ തന്നെ.
ഈ ചിത്രത്തിന് ശേഷം ജോഷിയുടെ 3 ചിത്രങ്ങൾ കൂടി സെവൻ ആർട്ട്സ് നിർമ്മിച്ചു - പത്രം, ലേലം, വാഴുന്നോർ.