ഒരു ക്രിസ്ത്യന്‍ കണ്വെണ്ഷനു വരുന്ന രണ്ട് കുടുംബങ്ങള്‍ താമസിയ്ക്കുന്നത് രണ്ട് കെട്ടുവള്ളങ്ങളില്‍ ആണ്. സിനിമയിലെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് ഈ കെട്ടുവള്ളങ്ങളിള് ആണ്. ബാക്കിയുള്ള ഭാഗങ്ങള്‍ നദീതീരത്തും. അതിലൂടെ പറയുന്ന പ്രണയകഥ
ആയിരം പാദസരങ്ങള്‍ കിലുങ്ങി എന്ന ഗാനം പോലെ മറക്കാനാവില്ല.
പ്രേംനസീര്‍ , മധു, തിക്കുറിശ്ശി, പി.ജെ. ആന്റണി, അടൂര്‍ഭാസി, ശങ്കരാടി, നെല്ലിക്കോടു ഭാസ്ക്കരൻ, ആലുംമൂടന്‍, ചാച്ചപ്പന്, ഡി. കെ. ചെല്ലപ്പന്, ശങ്കര്‍ മേനോന്, ശാരദ, അംബിക, കവിയൂര്‍ പൊന്നമ്മ, ടി.ആർ. ഓമന, അടൂര്‍ ഭവാനി, ജസ്സി, ബേബി സുമതി എന്നിവര്‍ അഭിനയിച്ച ഈ ചിത്രത്തിന്റെ കഥ പി.ജെ. ആന്റണിയും, സംഭാഷണം തോപ്പില്‍ ഭാസിയും എഴുതി. നദിയിലെ ആറു ഗാനങ്ങള്‍ യേശുദാസ്, പി.സുശീല എന്നിവര്‍ പിന്നണിയില്‍ പാടി.
കഥാസാരം
ഹരിതവശ്യതയാര്ന്ന കേരളത്തിന്റെ ശീതളസ്വാന്തങ്ങളായ കുഞ്ഞലകൾ പുളകച്ചാര്ത്തണിയിച്ചു്, അവിരാമം വഴിഞ്ഞൊഴുകുന്ന പെരിയാറ്റില്‍ കുളിക്കുവാനും അതിന്റെ തീരത്തെ മണല്‍പ്പരപ്പില്‍ ഉല്ലസിക്കുവാനും കെട്ടുവള്ളങ്ങളില്‍ ആലുവായിലെത്തുന്ന മൂന്നു കുടുംബങ്ങള്‍. മാട്ടുമ്മൽ തൊമ്മന്, അയാളുടെ അമ്മ, ഭാര്യ, മകന് ജോണി എന്നിവര്‍ വന്നടുത്തതു്, തൊമ്മന്റെ കുടുംബവിരോധിയായ മുല്ലക്കല്‍ വര്‍ക്കിയുടെ വള്ളത്തിനടുത്താണു്. വര്‍ക്കിയുടെ വിധവയായ മൂത്ത മകള്‍ ലീലയുടെ കൊച്ചുമോള് ബേബി, ജോണിയുടെ കൂട്ടുകാരിയായി. ലീലയുടെ അനുജത്തി സ്റ്റെല്ല, സഹോദരന് സണ്ണി, അവരുടെ അമ്മ എന്നിവര്‍ എപ്പോഴും തൊമ്മന്റെ വീട്ടുകാരുടെ കുറ്റം പറഞ്ഞു വിരോധത്തിനു് വീറു കൂട്ടിവന്നു. മറ്റൊരു വള്ളത്തില്‍ അവിടെ എത്തിയിരിക്കുന്ന ചിട്ടിക്കാരന് ഔസേപ്പിന്റെ മകനും സ്റ്റെല്ലയുമായുള്ള വിവാഹം നിശ്ചയിക്കപ്പെട്ടിരിക്കുകയാണു്.
ജോണിയും ബേബിമോളും എപ്പോഴും ഒന്നിച്ചു കളിച്ചും രസിച്ചും കഴിഞ്ഞുവന്നു. ഒരു ദിവസം ബേബിമോൾ കൊണ്ടുവന്ന ജോണിയുടെ ഫോട്ടോ സ്റ്റെല്ലയുടെ പുസ്തകത്തിലായി. അതുകണ്ടു് വര്‍ക്കിക്കു കലിയിളകി. സണ്ണി സ്റ്റെല്ലയുടെ കരണത്തടിച്ചു. താന്‍ കാരണം സ്റ്റെല്ല വേദന സഹിക്കേണ്ടി വന്നതില്‍ ജോണി അവളോടു് മാപ്പുചോദിച്ചു. ഈ രംഗം കണ്ട സണ്ണി ജോണിയുമായി ഏറ്റുമുട്ടി. ഈ സംഭവങ്ങള്‍ സ്റ്റെല്ലയുടെയും ജോണിയുടെയും ഹൃദയത്തില്‍ പ്രേമത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു. അവര്‍ അറിയാതെ ഹൃദയങ്ങള്‍ തമ്മിലടുത്തു. വീണ്ടും അവര്‍ കണ്ടുമുട്ടി.
സ്റ്റെല്ലയും ജോണിയും പ്രേമബന്ധത്തിലാണെന്ന വാര്‍ത്തയറിഞ്ഞ ചിട്ടിക്കാരന് മകന്റെ വിവാഹാലോചന വേണ്ടെന്നറിയിച്ചു് യാത്രയായി. ആ സംഭവത്തിൽ മനഃപ്രയാസം തോന്നിയ വർക്കി അമിതമായി കുടിച്ചു. ബോധം നശിച്ച വര്‍ക്കി ഭ്രാന്തിളകി മരണവെപ്രാളം കാട്ടി ബഹളമുണ്ടാക്കി. തക്കസമയത്തു് ഡോക്ടര്‍ വന്നതിനാല്‍ ജീവന് രക്ഷപെട്ടു. വീണ്ടും കുടിക്കരുതെന്നു് താക്കീതും നല്കി ഡോക്ടര്‍ പോയി. അവര്‍ സുഖവാസം അവസാനിപ്പിച്ചു് യാത്രയ്ക്കൊരുങ്ങി.
ജോണിയുടെ കൊച്ചുകൂട്ടുകാരി ബേബിമോളെ, പിരിയുന്നതോര്ത്തു് അവന് വല്ലാതെ വിഷമിച്ചു. അപ്പോഴാണു് ഒരു ബഹളം കേള്‍ക്കുന്നതു്. ബേബിമോളെ കാണാനില്ല. ഉല്ലാസയാത്രക്കാരുടെ കണ്ണിലുണ്ണിയായ അവളെ എല്ലാവരും കൂടി തിരഞ്ഞു. ഒടുവില്‍ ജോണി അവളുടെ നിര്‍ജ്ജീവമായ ഓമനശരീരം വര്‍ക്കിയുടെ വള്ളത്തില്‍ കൊണ്ടുവന്നു വെച്ചു. വെള്ളത്തില്‍ വീണു മരണമടഞ്ഞ ബേബിമോളുടെ ശവം അടക്കുന്നതിനുവേണ്ട ജോലികള്‍ ആ വിരോധികളായ വീട്ടുകാര്‍ യോജിച്ചുചെയ്തു. തൊമ്മന്റെ കാപ്പി വര്‍ക്കി കുടിച്ചു. ജോണിയാണു് ശവപ്പെട്ടി വാങ്ങിക്കൊണ്ടുവന്നതു്.
ബേബിമോള്ടെ ശരീരവുമായി ആ വിലാപയാത്ര പള്ളിയിലേക്കുനീങ്ങി. വൈരികളായി തമ്മിലടിച്ച ജോണിയും സണ്ണിയും ആ ശവപ്പെട്ടിയുടെ രണ്ടറ്റത്തും കൈകള്‍ കൊടുത്തുനടന്നു. ശോകം കുറയ്ക്കാന്‍ മദ്യം കഴിച്ച വര്ക്കിക്കു് ഇതിനിടയില്‍ പഴയ ഭ്രാന്തിളകി. ജോണിയാണു് ബേബിയെ കൊന്നതെന്നു് അയാളുടെ മനസ്സു മന്ത്രിച്ചു. അയാള്‍ തിരിച്ചുപോയി തോക്കുമായി പള്ളിയിലേക്കോടി.
ബേബിമോള്ടെ ശവപ്പെട്ടി കുഴിയിലേക്കു താഴ്ത്തുന്ന നേരം വര്‍ക്കി അലറിക്കൊണ്ടവിടെയെത്തി തോക്കിന്റെ നിറയൊഴിച്ചു. ജോണിയുടെ നേര്ക്കുവെച്ച വെടി ഇടയില്‍ ചാടിവീണ സണ്ണിയുടെ നെഞ്ചിലാണു് കൊണ്ടതു്. അന്ത്യനിമിഷങ്ങളിലേക്കു നീങ്ങിയ സണ്ണി, സ്റ്റെല്ലയുടെ കൈപിടിച്ചു് ജോണിയുടെ കൈകളില്‍ ഏല്പിച്ചശേഷം മരണമടയുന്നു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍