കഥാസാരം
നായാട്ടിനായി വനത്തിലെത്തിയ പന്തളത്തരചന് കാട്ടിൽ നിന്നും തേജോമയനായ ഒരു ശിശുവിനെ കണ്ടു കിട്ടി.പുത്രനില്ലാതെ തപിച്ചിരുന്ന രാജാവ് അതിനെ സന്തോഷപൂർവം കൊട്ടാരത്തിലേയ്ക്ക് കൊണ്ടുവന്നു.റാണിയാവട്ടെ ഈശ്വരപ്രസാദമായി കരുതി ആ ഓമനക്കുട്ടിയെ പാലൂട്ടി വളർത്തി.താമസിയാതെ റാണി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.അങ്ങനെ ആ രണ്ടു കുമാരന്മാരും – മണികണ്ഠനും രാജരാജനും രാജാവിന്റെ രണ്ട് കണ്മണികളായി വളർന്നു.വിദ്യാഭ്യാസപ്രായമായതോടെ രണ്ടു കുമാരന്മാരെയും രാജഗുരുവിന്റെ സമീപത്തേയ്ക്കയച്ചു..രാജരാജനെ യഥായോഗ്യം സ്വീകരിച്ച മണികണ്ഠനെ ശസ്ത്ര ശാസ്ത്രാദി വിദ്യകളുപദേശിക്കാൻ വിസമ്മതിച്ചു. മണികണ്ഠന്റെ മാതാപിതാക്കളാരെന്നറിയില്ല എന്നതായിരുന്നു ഗുരുവിന്റെ വിശദീകരണം.പക്ഷേ മണികണ്ഠൻ തന്റെ മഹത്വം കൊണ്ട് ജന്മനാ അന്ധനായിരുന്ന രാജഗുരുവിന്റെ ഏകപുത്രനു കാഴ്ച ഉണ്ടാക്കിക്കൊടുത്തു. അൽഭുത പരവശനായ രാജഗുരു പൂജാമുറിയിൽ കണ്ണുനീരൊഴുക്കിയിരുന്നപ്പോൾ യാദൃശ്ചികമായി കണ്ണിൽപ്പെട്ട ഒരു ഗ്രന്ഥത്തിൽ നിന്നും മണികണ്ഠന്റെ അവതാര കഥ മനസ്സിലാക്കി.ഈശ്വരാവതാരമാണ് മണികണ്ഠനെന്നറിഞ്ഞ ഗുരു ആ പാദങ്ങളിൽ സാഷ്ടാംഗ പ്രണാമം ചെയ്യുവാൻ കുതിച്ചു. പക്ഷേ ദേവകാര്യം രഹസ്യമായി സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച അശരീരി വാക്യത്തെ ആദരിച്ചു അദ്ദേഹം സ്വയം നിയന്ത്രിച്ചു.മണികണ്ഠൻ സകല ശാസ്ത്ര പരാംഗതനായി മടങ്ങിയെത്തി. സന്തുഷ്ടനായ രാജാവ് മണികണ്ഠനെ യുവരാജാവായി വാഴിക്കാൻ തീരുമാനിച്ചു.അതോടെ ദുഷ്ടനും ദുർബുദ്ധിയുമായ മന്ത്രി ഭാനുവിക്രമനും അയാളുടെ ഉപദേഷ്ടാവായ കുരുക്കളും ചേർന്ന് രാജാവിന്റെ തീരുമാനത്തിനെതിരായി ഗൂഢാലോചനകളാരംഭിച്ചു.ചതിയും വഞ്ചനയും കള്ളത്തരവും കൊണ്ട് സാദ്ധ്വിയായ റാണിയെപ്പോലും അവർ വശീകരിച്ചു.
മണികണ്ഠനെ യുവരാജാവാക്കാനുള്ള തീരുമാനത്തിനെതിരായുള്ള എല്ലാ നീക്കവും പരാജയപ്പെട്ടപ്പോൾ റാണിയെക്കൊണ്ട് അവർ ഒരു കപടരോഗം അഭിനയിപ്പിച്ചു. പുലിയുടെ പാലു മാത്രമേ ഈ രോഗത്തിനു ഔഷധമായുള്ളൂ എന്ന് മന്ത്രിയുടെ സേവകനായ ഒരു വൈദ്യനെക്കൊണ്ട് രാജസന്നിധിയിലുണർത്തിച്ചു.കൊട്ടാരം ശോകമൂകമായി.ആരാണു പുലിപ്പാലു കൊണ്ടു വരിക ? തന്റെ മാതാവിനു വേണ്ടി ജീവൻ പോലും തൃണവൽഗണിച്ചു കൊണ്ട് മണികണ്ഠൻ മുന്നോട്ടു വന്നു. രാജാവിന്റെ എതിർപ്പിനെപ്പോലും വക വെയ്ക്കാതെ കൗമാരം പോലും കഴിയാത്ത മണികണ്ഠൻ പുലിപ്പാലിനു വേണ്ടി വനത്തിലേയ്ക്കു പുറപ്പെട്ടു.ഹരിഹരപുത്രന്റെ അഴകൊഴുകുന്ന രൂപത്തിൽ ആകൃഷ്ടയായ മഹിഷി എന്ന രാക്ഷസി പുലിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് മണികണ്ഠനെ ഒരു മായാമന്ദിരത്തിലേയ്ക്കാനയിച്ചു. പക്ഷേ രാക്ഷസ്സിയെ തിരിച്ചറിഞ്ഞ ദിവ്യബാലൻ തന്റെ അവതാരോദ്ദേശമായ മഹിഷി മർദ്ദനം നടത്തുവാൻ പിന്നെ ഒട്ടും അമാന്തിച്ചില്ല.മഹിഷി മർദ്ദനം നടത്തി ദിവ്യ തേജോമയനായി പുലിപ്പുറത്തു തന്നെ മണികണ്ഠൻ കൊട്ടാരത്തിലെഴുന്നള്ളി. അത്ഭുത പരതന്ത്രരായ രാജകുടുംബം ഭക്തി പാരവശ്യത്തോടു കൂടി മണികണ്ഠനെ സ്വീകരിച്ചു.തന്റെ അവതാരത്തിന്റെ ഉദ്ദേശം സാധിച്ച ഹരിഹരപുത്രൻ തന്നെ ശബരിമലയിൽ ക്ഷേത്രമുണ്ടാക്കി അവിടെ പ്രതിഷ്ഠിക്കണമെന്ന് രാജാവിനോട് അഭ്യർത്ഥിച്ചു തിരോധാനം ചെയ്തു.
തിക്കുറിശ്ശി സുകുമാരൻ നായർ, അംബിക, കൊട്ടാരക്കര ശ്രീധരൻ നായർ, ജി കെ പിള്ള , എസ് പി പിള്ള ,ടി എസ് മുത്തയ്യ, പി എ തോമസ്, തങ്കപ്പൻ, രാജൻ, ഹരി, ജിതേന്ദ്രനാഥ്.ജോജി തോമസ്, വിനോദ്, എൻ ബാലു, മണവാളൻ ജോസഫ്, രാമചന്ദ്രൻ, മുരളീധരൻ, കുട്ടൻ പിള്ള , പത്മിനി, രാഗിണി എന്നിവരാണ് ഈ ചിത്രത്തിലഭിനയിച്ചത്.ജയാ ഫിലിംസ് വിതരണം നടത്തുന്ന ശബരിമല ശ്രീ അയ്യപ്പൻ 3.11.1961 ൽ പ്രദർശനത്തിനെത്തി
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്