കഥാസാരം
നൃത്ത നൃത്യാദികളിൽ അതി നിപുണയായിരുന്ന ചിന്താമണിയുടെ നൃത്തങ്ങൾ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ദീപാരാധനവേളയിൽ അനേകമാളുകളെ ആകർഷിച്ചു കൊണ്ടിരുന്നു.മധുരമായ സംഗീതവും മാദകമായ നൃത്തവും മനം മയക്കുന്ന സൗന്ദര്യവും കൊണ്ട് ചിന്താമണി പ്രഭുകുടുംബങ്ങളിലെ അനേകം യുവകോമളന്മാരെ അവളുടെ ആരാധകരാക്കി മാറ്റി. അവർ നൽകിയ രത്നാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള സംഭാവനകളും അവൾ നിരസിക്കുകയാണു ചെയ്തത്. പക്ഷേ ചിന്താമണിയുടെ അമ്മ പാരിജാതം അവയെല്ലാം സ്വീകരിച്ചു പോന്നു.ആ ദേവനർത്തകിയുടെ യശസ്സ് അന്യനാടുകളിലേയ്ക്ക് അതിവേഗം കുതിച്ചു ചാടി.ചിന്താമണിയുടേ കലാപ്രകടനം ആസ്വദിക്കുവാൻ മറുനാടുകളിൽ പ്രഭുക്കന്മാരുടെയും അധികാരികളുടെയും ഒരു മഹാപ്രവാഹം തന്നെയുണ്ടായി.ചിന്താമണിയുടെ സന്തതസഹചാരിയായ താരയും ഇതിനൊരു കാരണമായിരുന്നു. ചെറുപ്പത്തിലെ തന്നെ നർത്തകീശിരോമണിയായ ചിന്താമണിയിൽ കണ്ണു നട്ടിരുന്ന വിശ്വേശരൻ എന്ന ധനാഢ്യനിൽ നിന്നും പാരിജാതം ധാരാളം പണം സ്വീകരിച്ചു പോന്നു.സദാ കൃഷ്ണ ഭഗവാനിൽ തന്നെ മനസ്സുറപ്പിച്ചു കഴിയുന്ന ചിന്താമണിയ്ക്ക് വിവാഹം ഒരു പ്രശ്നമായിരുന്നില്ല.വിശ്വേശരന്റെ നിർബന്ധവും അമ്മയുടെ നിരന്തരമായ അഭ്യർഥനയും സഹിക്ക വയ്യാതായപ്പോൾ ഒരു മണ്ഡലക്കാലത്തെ അവധി അവൾ ആവശ്യപ്പെട്ടു.മനസ്സില്ലാമനസ്സോടേ വിശ്വേശരൻ അതു സമ്മതിച്ചു.ഒരു ദിവസം ചിന്താമണിയുടെ നൃത്തം കൂത്തമ്പലത്തിൽ നടക്കുമ്പോൾ ഒരു മനുഷ്യൻ മാത്രം ശ്രീകോവിലിനുള്ളിൽ നിന്നു ഭഗവാനെ ധ്യാനിച്ചു.പണ്ഡിതാഗ്രഗണ്യനായിരുന്ന വില്വമംഗലമായിരുന്നു അത്.ഗാനനൃത്തമേളങ്ങൾ അദ്ദേഹത്തിനെ ഏകാഗ്രതയെ അല്പമൊന്നു പിടിച്ചു കുലുക്കി.വില്വമംഗലം പുറത്തിറങ്ങി പ്രദക്ഷിണം വെച്ച് കൂത്തമ്പലത്തിലെത്തിയതോടെ ചിന്താമണിയുടെ കാൽച്ചിലങ്ക പൊട്ടിത്തെറിച്ചു.സുന്ദരിയും സുശീലയുമായ സുമംഗലയാണു വില്വമംഗലത്തിന്റെ ഭാര്യ.ദാമ്പത്യ നന്ദനോദ്യാനത്തിലെ ആനന്ദ നളിനീപുളനത്തിൽ നീന്തിത്തുടിച്ചും തത്തിക്കളിച്ചും കഴിഞ്ഞ രണ്ടു കളഹംസങ്ങളായിരുന്നു വില്വമംഗലവും സുമംഗലയും.ചിന്താമണി നൽകിയ കുറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുവാനായി വിശ്വേശ്വരൻ വില്വമംഗലത്തെ ശരണം പ്രാപിച്ചു.ആ ഉത്തരങ്ങൾ വില്വമംഗലത്തിനെ ചിന്താമണിയുമായി ഒരു പാണ്ഡിത്യ മൽസരത്തിലേയ്ക്ക് എത്തിച്ചു. മത്സരത്തിൽ ചിന്താമണി അടിയറവു പറഞ്ഞു.കാലചക്രത്തിന്റെ കറക്കത്തിൽ വില്വമഗലം ചിന്താമണിയുടെ മനസ്സിലും മണിയറയിലും സ്ഥിരതാമസമായി.അവളുടെ സംഗീതവും നൃത്തവും സൗന്ദര്യവും അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ മഥിച്ചു.രോഗശയ്യയിൽ കിടക്കുന്ന വൃദ്ധനായ പിതാവിനെയും സുചരിതയായ സുമംഗലയെയും വില്വമംഗലം പാടെ മറന്നു. ഒരു ദുർബല മുഹൂർത്തത്തിൽ സ്വഭവനത്തിലെത്തിയ വില്വമംഗലം ഒരു ദുരന്ത രംഗം സൃഷ്ടിച്ച് പൊടുന്നനവേ അവിടെ നിന്നും മടങ്ങി.നേരം അർദ്ധരാത്രി കഴിഞ്ഞിരുന്നു.അതിഭയങ്കരമായ ഘോരമാരിയും മിന്നല്പ്പിണരുകളും ഇടിമുഴക്കങ്ങളുമുള്ള ആ ഭയാനക രാത്രിയിൽ കുറ്റാകുറ്റിരുട്ടത്ത് കൂലംകുത്തിപ്പായുന്ന നദീതീരത്തെത്തി.ഒഴുകിവന്ന ഒരു തടിക്കക്ഷണത്തിൽ പിടിച്ച് നീന്തിക്കയറി തൂങ്ങിക്കിടന്ന ചകിരിക്കയറിൽ പിടിച്ചു മതിൽ കയറി അദ്ദേഹം ചിന്താമണിയുടെ ഉറക്കറയിൽ എത്തി.പക്ഷേ ആ തടിക്കഷണത്തിനു മാംസവും ചകിരിക്കയറിനു ജീവനുമുണ്ടായിരുന്നു.ഉറക്കറയിലെത്തിയ വില്വമംഗലവും ചിന്താമണിയും തമ്മിൽ ഉഗ്രമായ വാഗ്സമരം നടന്നു.അതിനെത്തുടർന്ന് അവർ നദീതീരത്തെത്തി.കര പറ്റിക്കിടന്ന ഒരു സ്ത്രീയുടേ പ്രേതം അവർ കണ്ടു.മതിൽ ചാടിക്കടന്നത് ഉഗ്രനായ ഒരു വിഷസർപ്പത്തെ പിടിച്ചാണെന്നും നദി നീന്തിക്കടന്നത് തന്റെ എല്ലാമെല്ലാമായിരുന്ന സുമംഗലയുടെ ജഡത്തിൽ കെട്ടിപ്പുണർന്നാണെന്നും വില്വമംഗലത്തിനു മനസ്സിലായി.നദീതീരത്തു കണ്ട പ്രേതത്തെ വാരിപ്പുണർന്ന് വില്വമംഗലം വാവിട്ടു കരഞ്ഞു.എല്ലാം കണ്ടു നിന്ന ചിന്താമണിയിൽ നിന്നും പൊട്ടിച്ചിതറിയ ഇടിനാദം പോലെയുള്ള വാക്കുകൾ അദ്ദേഹത്തിന്റെ അന്തരാത്മാവിൽ തറച്ചു കൊണ്ടു.ഒരു കൊടുങ്കാറ്റു പോലെ ചിന്താമണി ഓടി മറഞ്ഞു.പൂട്ടിക്കിടന്നിരുന്ന ശ്രീകൃഷ്ണക്ഷേത്രത്തിന്റെ എല്ലാ വാതിലുകളും മണികിലുക്കത്തോടേ തുറക്കപ്പെട്ടു. ചിന്താമണിയുടെ പ്രാർത്ഥനയുടേയും പ്രരോദനത്തിന്റെയും ആത്മവീര്യത്തിന്റെയും അത്ഭുത ശക്തിയാണ് ആ കവാട വിപാടനത്തിനുള്ള ഹേതു.കളഭാഭിഷിക്തമായ അഞ്ജന വിഗ്രഹത്തിൽ നിന്നും ഉണ്ണിക്കൃഷ്ണൻ എഴുന്നള്ളി ചെന്താമരക്കൈകൾ പൊക്കി ചിന്താമണിയെ അനുഗ്രഹിച്ചു.ചിന്താമണി വൃദ്ധയായി മാറി.അവൾക്കും ഭക്തിയുടെ ലഹരി പിടിപെട്ടു. ആ ലഹരിയിൽ അവൾ വൃന്ദാവനം തേടി പുറപ്പെട്ടു. കൈയ്യിൽ കാലി മേയ്ക്കുന്ന കോലും കണ്ണിൽ കരുണാ കടാക്ഷവുമായി ഒരു സാധാരണ ഗോപാല ബാലൻ അവൾക്കു വഴി തെളിച്ചു.വില്വമംഗലം അന്ധനായി. ശ്രീകൃഷ്ണ ഭഗവാനെ മാത്രം ധ്യാനിച്ചു കഴിഞ്ഞിരുന്ന അദ്ദേഹം പല അത്ഭുത സിദ്ധികളും സ്വായത്തമാക്കി.സദാസമയവും പ്രാർത്ഥനയിൽ മാത്രം മുഴുകിക്കഴിഞ്ഞിരുന്ന വില്വമംഗലം ഒരു നാൾ പൂജ ചെയ്തു കൊണ്ടിരുന്ന അവസരത്തിൽ ഒരു കൊച്ചു ബാലൻ തടസ്സമുണ്ടാക്കി. ആ ബാലനെ ഈർഷ്യയോടെ അന്ധനായ പൂജാരി കൈകൊണ്ടു തട്ടിമാറ്റി. ഇനിയും തന്നെക്കാണണമെങ്കിൽ അനന്തൻ കാട്ടിൽ ചെല്ലണമെന്ന് അരുളിച്ചെയ്ത് ആ കൊച്ചു ബാലൻ അപ്രത്യക്ഷനായി.തന്റെ സർവസ്വവുമായ കൃഷ്ണ ഭഗവാനെയാണു കൈ കൊണ്ടു തട്ടി മാറ്റിയതെന്ന് മനസ്സിലായ വില്വമംഗലം ഭക്തി പരവശനായി അനന്തൻ കാടു തേടി പുറപ്പെട്ടു.അങ്ങനെ വില്വമംഗലവും ചിന്താമണിയും ശ്രീകൃഷ്ണപ്രേമത്തിന്റെ ഒരേവഴിയിൽക്കൂടി , രണ്ടിടത്തു നിന്നും തിരിച്ചുവെങ്കിലും അനന്തൻ കാട്ടിലെത്തി ഭഗവൽ സന്നിധിയിൽ വെച്ചു വീണ്ടും കണ്ടു മുട്ടുന്നിടത്തു വെച്ച് ചിലമ്പൊലിയുടെ കഥ അവസാനിക്കുന്നു.
എഴുതിയത് : ജിജാ സുബ്രമണ്യന്
അവലംബം: സിനിമാ ഡയറക്ട്ടറി
കടപ്പാട് : ബി വിജയകുമാര്