മലയാളത്തിലെ രണ്ടാമത്തെ ചലച്ചിത്രമാണു് ശ്യാമളാ പിക്ച്ചേഴ്സ് കാഴ്ചവച്ച ജ്ഞാനാംബിക. സി. മാധവന് പിള്ളയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ഈ ചിത്രത്തിനു് സംഭാഷണം അദ്ദേഹം തന്നെ രചിച്ചു. മദ്രാസു് ന്യൂടോണ്‍ സ്റ്റുഡിയോയില്‍ വച്ചു് അഭ്രത്തിലേക്കു് പകര്‍ത്തിയ ജ്ഞാനാംബിക എസു്. നൊട്ടാണി സംവിധാനം ചെയ്തു. പുത്തന്‍കാവു് മാത്തന് തരകന് ചിത്രത്തിനു വേണ്ടി പതിന്നാലു ഗാനങ്ങല്‍ രചിച്ചു.
സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, ആലപ്പി വിന്‍സന്റു്, എം. വി. ശങ്കു, കെ. കെ. അരൂര്‍, സി. മാധവന് പിള്ള, ചെല്ലപ്പന് പിള്ള, എ. ബി. പയസു്, മാത്തപ്പന്, പാച്ചുപിള്ള, ജോര്‍ജ്ജു്, ആലുങ്കന്‍, സി. കെ. രാജം, പി. കെ. കമലാക്ഷി, റ്റി. ഐ. റോസു്, എല്‍. പൊന്നമ്മ, സി. എ. സീതാലക്ഷ്മി, കെ. അമ്മിണി, സി. ലക്ഷ്മിക്കുട്ടി. സി. പി. ദേവകി എന്നിവര്‍ അഭിനയിച്ചു.
രാധാപുരത്തിലെ വലിയ ധനവാനായിരുന്ന രാജശേഖരന്റെ ആദ്യ ഭാര്യയിലെ പുത്രിയാണു് ജ്ഞാനാംബിക. ഭാര്യയുടെ വിയോഗാനന്തരം രാജശേഖരന് പഠിപ്പും യുവത്വവുമുള്ള രാജാമണിയെ വിവാഹം ചെയ്തു. രാജാമണി സകല ദുര്ഗുണങ്ങലുടെയും വിളനിലമായിരുന്നു. വയോധികനായ രാജശേഖരനെ കബളിപ്പിച്ചു് രവീന്ദ്രനുമൊത്തു് അവള് ആടിപ്പാടി ഉല്ലസിച്ചു് പോന്നു. രാജശേഖരനു് വിധവയായ ഒരു സഹോദരിയുണ്ടായിരുന്നു, പത്മാവതി. അവരുടെ പുത്രന് ബി. എ. പാസ്സായ ശേഷം ജോലി തിരക്കി നടന്നു. പത്മാവതിയുടെ ഏക ആശ്രയമായിരുന്നു ചന്ദ്രന്.
ആണ്‍കുട്ടികളില്ലാതിരുന്ന രാജശേഖരന് തന്റെ സ്വത്തുക്കളെല്ലാം ജ്ഞാനാംബികയ്ക്കു് എഴുതിക്കൊടുത്തു് ചന്ദ്രനെക്കൊണ്ടു അവളെ വിവാഹം കഴിപ്പിക്കുവാന്‍ തീരുമാനിച്ചതായ വിവരം രാജാമണിയെ അറിയിച്ചു. രാജാമണിക്കു് അതു തീരെ പിടിച്ചില്ല. ശ്രീകുമാര്‍ എന്നൊരുവനെ തന്റെ സഹോദരനാണെന്ന വ്യാജേന അവള് വരുത്തി കൂടെ താമസിപ്പിച്ചുകൊണ്ടു് രാജശേഖരനെതിരായി അവരിരുവരും ചേര്‍ന്നു് ഗൂഢാലോചനകള്‍ നടത്തി വന്നു.
ഇതിനിടയില്‍ മലബാര്‍ ഇന്‍ഷുറന്‍സു് കമ്പനിയില്‍ ഒരു ഇന്‍സ്പെക്ടറെ ആവശ്യമുണ്ടെന്നറിഞ്ഞ രാജശേഖരന് അതു തന്റെ സഹോദരീപുത്രനായ ചന്ദനു് കൊടുക്കുവാന്‍ വേണ്ട ശുപാര്‍ശകള്‍ ചെയ്തു. ഇതറിഞ്ഞ രാജാമണി ഉടന്‍ തന്നെ കമ്പനിയിലെത്തി ജോലി ചന്ദ്രനു കൊടുക്കാതെ തന്റെ സ്നേഹിതനായ രവീന്ദ്രനു് കൊടുക്കുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.
രവീന്ദ്രന്റെ സഹപാഠിയായിരുന്ന ലേഡി ഡോക്ടര്‍ ഇന്ദുമതി അവനില്‍ അനുരക്തയായിരുന്നു. രവീന്ദ്രനാകട്ടെ രാജാമണിയുമൊത്തു സുഖിച്ചുപോരുകയായിരുന്നു. അവനു് ഇന്ദുമുഖിയുടെ അഭിലാഷങ്ങളോ ആഗ്രഹങ്ങളോ എന്തെന്നറിയുവാനും പാടില്ലായിരുന്നു. ഒരു ദിവസം ഇന്ദുമുഖിയുടെ മുത്തുമാല അവളറിയാതെ എടുത്തു രവീന്ദ്രന് കനകാംബുജം എന്ന ദാസിക്കു സമ്മാനിച്ചു. പിന്നീടു് അവളുമായി രമിച്ചു പോന്നു.
ഇന്‍ഷുറന്‍സു് കമ്പനിയിലേക്കു് പോയ രാജാമണിയെ കാത്തു നിന്നിരുന്ന രവീന്ദ്രനെ ഇന്ദുമുഖി അവളുടെ കാറില്‍ കൂട്ടിക്കൊണ്ടു പോയി. കമ്പനിയില്‍ നിന്നും പുറത്തേക്കു വന്ന രാജാമണി ഇതു കണ്ടു. അവള്‍ക്കു കഠിനമായ കോപമുണ്ടായി. രവീന്ദ്രനു് ജോലി കൊടുക്കരുതു് എന്നു് അവള് കമ്പനിയില്‍ ശട്ടം കെട്ടി. അന്നു മുതല്‍ അവള് രവീന്ദ്രനെ വെറുത്തുതുടങ്ങി.
രാജാമണിയാല് വെറുക്കപ്പെട്ട രവീന്ദ്രന് ഇന്ദുമുഖിയോടൊത്തു താമസമാക്കി. അവളുടെ പരിശുദ്ധമായ പ്രേമം രവീന്ദ്രന്റെ മനസ്സു് മാറ്റി. അവന് രാജാമണിയെ വെറുത്തു.
രാജശേഖരന് തന്റെ സ്വത്തിന്റെ പകുതി ജ്ഞാനാംബികയ്ക്കും ചന്ദ്രനുമായി എഴുതി കൊടുത്ത വിവരം ശ്രീകുമാറില്‍ നിന്നും രാജാമണി അറിഞ്ഞു. അവര്‍ ജ്ഞാനാംബികയേയും ചന്ദ്രനേയും വീട്ടില്‍ നിന്നും അടിച്ചിറക്കുവാന്‍ പ്ലാനിട്ടു. തന്റെ വയലുകളിലേക്കു പോയ രാജശേഖരന്റെ അഭാവത്തില്‍ മുന്നിശ്ചയിച്ചയമനുസരിച്ചു് ജ്ഞാനാംബികയെ ജയപുരം ജമീന്ദാര്ക്കു് 5000 രൂപയ്ക്കു് വിറ്റു. ചന്ദ്രനെയും അവര്‍ നാടു് വിടുവിച്ചു. ഇതു ചെയ്ത ശേഷം ജ്ഞാനാംബികയെ കാണുന്നില്ല എന്ന വിവരം രാജശേഖരനെ അറിയിച്ചു. തിരിച്ചു് വന്ന രജശേഖരനെ ചന്ദ്രനുമൊത്തു് ജ്ഞാനാംബിക സ്ഥലം വിട്ടതായി രാജാമണി പറഞ്ഞു വിശ്വസിപ്പിച്ചു. സങ്കടപ്പെട്ട രാജശേഖരന് ചന്ദ്രനും ജ്ഞാനാംബികയും ഒളിച്ചോടിപ്പോകുവാന്‍ കാരണം പത്മാവതിയാണെന്നു കുറ്റപ്പെടുത്തി. താന്‍ നിരപരാധിയാണെന്നു് പത്മാവതി അറിയിച്ചെങ്കിലും അതു് വകവയ്ക്കാതെ അവരെ പോലീസിലേല്പ്പിക്കുവാന് രാജശേഖരന് തീരുമാനിച്ചു. നിരാശയും അപമാനവും സഹിക്കുവാന്‍ നിവൃത്തിയില്ലാതെ പത്മാവതി ആത്മഹത്യ ചെയ്യുവാനായി അടുത്തുള്ള ആറ്റില്‍ ചാടി. അതുവഴി വന്ന രവീന്ദ്രന് പത്മാവതിയെ രക്ഷിച്ചു് ലേഡി ഡോക്ടര്‍ ഇന്ദുമതിയുടെ വീട്ടിലെത്തിച്ചു.
ശ്രീകുമാറും രാജാമണിയും കൂടി രാജശേഖരനെയും ഒഴിവാക്കുവാനായി അയാള്‍ക്കു വിഷം കൊടുക്കുവാന്‍ തീരുമാനിച്ചുറച്ചു. അതിനുള്ള ഒരുക്കവും ചെയ്തു. പക്ഷെ രവീന്ദ്രന് തക്ക സമയത്തെത്തി രാജശേഖരനെ രക്ഷിച്ചു. മരണത്തില്‍ നിന്നു് രക്ഷപെട്ടെങ്കിലും രാജശേഖരനു് രാജാമണിയുടെയും ശ്രീകുമാറിന്റെയും അടിമയെപ്പോലെയുള്ള ജീവിതമാണു് നയിക്കേണ്ടിവന്നതു്.
ജ്ഞാനാംബികയെ എങ്ങിനെയെങ്കിലും കണ്ടുപിടിക്കുവാനുള്ള പരിശ്രമത്തിലായിരുന്ന രവീന്ദ്രന് അവസാനം അവളെ ജയപുരം ജമീന്ദാരായ നവകോടി മതലിയാരുടെ ബംഗ്ലാവില്‍ കണ്ടെത്തി. അവിടെ നിന്നും രക്ഷപെടുത്തി. ജ്ഞാനാംബികയെ അയാള്‍ ഇന്ദുമതിയുടെ വസതിയിലെത്തിച്ചു. ഈ പരിശ്രമങ്ങള്‍ക്കിടയില്‍ രവീന്ദ്രനും പല അപകടങ്ങളെയും തരണം ചെയ്യേണ്ടതായി വന്നുകൂടി.
ജ്ഞാനാംബികയെ രക്ഷപ്പെടുത്തിയ ശേഷം രവീന്ദ്രന്റെ ശ്രദ്ധ മുഴുവന്‍ കുടിലയും ദുര്വൃത്തയുമായ രാജാമണിയുടെയും അവളുടെ കാമുകന് ശ്രീകുമാറിന്റെയും ദുഷു്പ്രവര്ത്തികളും കൊള്ളരുതായ്മകളും വെളിച്ചത്തു് കൊണ്ടുവരുവാനായി തിരിഞ്ഞു. മകള്‍ ചന്ദ്രനുമായി സ്ഥലം വിട്ടതാണെന്നു ധരിപ്പിച്ച ശേഷം സ്വത്തു് മുഴുവന്‍ രാജശേഖരനില്‍ നിന്നും എഴുതി വാങ്ങിയതും മറ്റും രവീന്ദ്രന്റെ പിരശ്രമഫലമായി പുറത്തു വന്നു.
ശ്രീകുമാറും രാജാമണിയും കാട്ടി വിക്രിയകളുടെ സ്വഭാവം മുഴുവന്‍ രാജശേഖരനു മനസ്സിലായി. അതോടെ അവര്‍ പുറത്താക്കപ്പെടുകയും ചെയ്തു. രവീന്ദ്രനും ഇന്ദുമുഖിയുമായും ചന്ദ്രനും ജ്ഞാനാംബികയുമായുള്ള വിവാഹം മംഗളകരമാി നടന്നു. ശ്രീകുമാറാകട്ടെ നിയമത്തിന്റെയും നീതിയുടെയും ബലിഷ്ഠകരങ്ങളില്‍ അമര്‍ന്നു.
1940ല്‍ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
ശ്രീ ബി വിജയകുമാറിന്റെ പ്രത്യേക കുറിപ്പ്:
നോവൽ സിനിമയാക്കിയപ്പോൾ കഥയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു.സിനിമയിൽ നായികയായ ജ്ഞാനാംബികയുടെ അച്ഛൻ രാജശേഖരൻ അതിസമ്പന്നനായ ഒരു വ്യക്തിയായാണു് അവതരിപ്പിച്ചിട്ടുള്ളതു്. പക്ഷേ നോവലിൽ രാജശേഖരൻ ഒരു പോലീസ് ഓഫീസർ ആണു്. രാജശേഖരന്റെ സഹോദരിയും, നായകൻ ചന്ദ്രന്റെ അമ്മയുമായ പത്മാവതി നദിയിൽ ചാടി ആത്മഹത്യക്കു ശ്രമിക്കുകയും, രവീന്ദ്രൻ അവരെ രക്ഷപ്പെടുത്തുന്നതുമായാണു് സിനിമയിൽ. എന്നാൽ പത്മാവതി നദിയിൽ ചാടി ആത്മഹത്യചെയ്യുന്നതായാണു് നോവലിൽ പറഞ്ഞിരിക്കുന്നതു്.