1996 ക്രിസ്തുമസിനോട് അടുത്ത് റിലീസ് ചെയ്ത സിബി മലയിൽ ചിത്രമാണ് കളിവീട്. ജയറാം-മഞ്ജുവാര്യർ കലഹിക്കുന്ന ദമ്പതികളുടെ വേഷത്തിൽ. ശശിധരൻ ആറാട്ടുവഴിയുടെ കഥ. പുരുഷാധിപത്യം, സ്ത്രീകളെ എങ്ങനെ മര്യാദ പഠിപ്പിക്കാം, പുതിയ കാമിനിയെക്കാൾ പഴയ ഭാര്യ നല്ലത് തുടങ്ങിയ തീമുകളാണ് 'കളിവീടി'ൽ. നിർമ്മാണം ദിനേശ് പണിക്കർ.
മിലിട്ടറി പശ്ചാലത്തിൽ വളർന്ന ജയറാമിന്റെ കഥാപാത്രം ദാസിയായ ഭാര്യയെ പ്രതീക്ഷിക്കുന്നു. പക്ഷെ മഞ്ജു വാര്യർ വിട്ടു കൊടുക്കുമോ? ('ഭാര്യേടെ കൈ കൊണ്ട് വച്ചു വിളമ്പണോന്നൊക്കെ വാശി പിടിക്കാൻ ഇത് പഴേ കാലൊന്നൊല്ല'.) മഞ്ജുവിനെ മര്യാദ പഠിപ്പിക്കാൻ ഒരു വേലക്കാരിയുടെ വേഷത്തിൽ സുനിത വരുന്നു. ജയറാമിന്റെ സുഹൃത്തിന്റെ ഭാര്യയാണ് വേലക്കാരിയായി ചമഞ്ഞ് വരുന്നത്. വെളുക്കാൻ തേച്ചത് പാണ്ടായി! മഞ്ജു വിട്ടു പോയി. ഇനി മര്യാദ പഠിക്കേണ്ടത് ജയറാം.
മോഹൻ സിത്താരയുടെ പാട്ടുകൾ ഹിറ്റായിരുന്നു. എസ് രമേശൻ നായരുടെ 'മനസ് ഒരു മാന്ത്രികക്കൂട്', കൈതപ്രത്തിന്റെ 'ദീപാങ്കുരം പൂത്തൊരുങ്ങുമാകാശം', 'സീമന്തയാമിനിയിൽ' ശ്രദ്ധ നേടി. ചിത്രത്തിന് ശ്രദ്ധ നേടാൻ കഴിഞ്ഞത് തീയറ്ററിലേക്കാൾ ടിവിയിലാണ്.
(കഥാപാത്രങ്ങൾക്ക് പകരം നടീനടന്മാരുടെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്.)