മോഹൻലാൽ-സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിലെ ലാലിൻറെ പ്രണവം ആർട്ട്സ് നിർമ്മിച്ച ചിത്രം. കെ വിശ്വനാഥിന്റെ കമൽഹാസൻ ചിത്രം 'സാഗരസംഗമം' (തെലുഗു) സ്വാധിനീച്ച സിനിമയാണ് കമലദളം. കൈതപ്രം-രവീന്ദ്രന്മാരുടെ ഗാനങ്ങൾ ഒരു കാലഘട്ടത്തിന്റെ തന്നെ ഹൃദയസ്പന്ദനമായിരുന്നു.
ഭാര്യയെ 'മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന' കേസിൽ ജോലി പോയ കേരള കലാമന്ദിരത്തിലെ നൃത്താധ്യാപകൻ നന്ദഗോപനെ (മോഹൻലാൽ) പൂർവാധിക പ്രാബല്യത്തോടെ തിരിച്ചെടുക്കുന്നതാണ് ആദ്യഭാഗം. മദ്യപാനിയാണെങ്കിലും ജ്ഞാനമുള്ള കലാകാരനാണ് നന്ദൻ. വിദ്യാർത്ഥിനിയായ മോനിഷ, അവളുടെ പിന്നാലെനടക്കുന്ന വിനീത്, വിനീതിന്റെ ചേട്ടൻ ഓട്ടൻതുള്ളൽ അദ്ധ്യാപകൻ മുരളി, മോനിഷയുടെ അച്ഛൻ പ്രിൻസിപ്പൽ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി നെടുമുടി, ചായക്കടക്കടക്കാരൻ മാമുക്കോയ അങ്ങനെ കഥാപാത്രനിരകൾ.
ഭാര്യയെക്കുറിച്ചുള്ള (പാർവതി) നന്ദന്റെ ഓർമ്മകൾ ദളം വിടർത്തുന്നു. ഭാര്യാ-ഭർതൃ സൗന്ദര്യപ്പിണക്കത്തിൽ 'നീ ചത്താൽ അത്രയും സ്വൈര്യമായി' എന്നോ മറ്റോ ഭർത്താവ് പറഞ്ഞത് കേട്ട് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാണ് ഭാര്യ. മുൻപും ആത്മഹത്യാ പ്രവണത കാണിച്ചിട്ടുള്ളയാൾ. ഭാര്യയുടെ ദുർബ്ബല മനസ്സ് ഓർത്താവും പിന്നീട് അനിയത്തിയെപ്പോലെ കണ്ടിരുന്ന മോനിഷയോടുള്ള കാർക്കശ്യം - അവളെ ശാക്തീകരിക്കാൻ വേണ്ടി.
നന്ദൻ നേരത്തെ ചിട്ടപ്പെടുത്തിയ 'സീതാരാമായണം' അവതരിപ്പിക്കാമെന്ന് മോനിഷ പറയുന്നു. അതിന്റെ ഒരുക്കങ്ങൾക്കിടയിൽ അടുത്തിടപഴുകുന്ന ലാൽ-മോനിഷമാരെ കണ്ട് വിനീതിന് രൗദ്രരസം. സീതാരാമായണം വേദിയിൽ മോഹൻലാലിന് കുടിക്കാനുള്ള കൂൾ ഡ്രിങ്കിൽ ഫ്യുറഡാൻ ചേർക്കുന്നു വിനീത്. ദുഖകരമായ ക്ളൈമാക്സ്.
9 ഗാനങ്ങളിൽ സായന്തനം, പ്രേമോദാരനായി, ആനന്ദനടനം തുടങ്ങിയ ഹിറ്റുകൾ കൂടാതെ എംജി ശ്രീകുമാർ-സുജാതമാർ പാടിയ കമലദളം മിഴിയിൽ കൂടി ഉണ്ടായിരുന്നു.
'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ൽ ഓഡീഷന് വരുമ്പോൾ ലാലിന് രണ്ട് മാർക്ക് കൊടുത്ത സിബി മലയിലിന്റെ ചിത്രങ്ങളിലാണ് പിന്നീട് ലാൽ-പ്രതിഭ കൂടുതൽ കണ്ടത്.