ഗോവിന്ദൻ നായരുടെ മകൻ ഡോ. ജയൻ ആയിടെ ഉപരിപഠനം കഴിഞ്ഞ് വിദേശത്തു നിന്നും മടങ്ങിയെത്തി.നാട്ടിൽ മടങ്ങിയെത്തിയ ഉടൻ അയാൾ തന്റെ ഇഷ്ടകാമുകിയായ ജയശ്രീയുടെ വീട്ടിലേക്കാണു ഓടിയെത്തിയത്. പക്ഷേ താൻ വിദേശത്തായിരുന്നപ്പോൾ അവൾ മരണമടഞ്ഞു എന്ന വാർത്ത കേട്ട് അയാൾ നടുങ്ങിപ്പോയി. കൂനിന്മേൽ കുരുവെന്നതു പോലെ ഗോവിന്ദൻ നായരും മരിച്ചു. നിരാശയിൽ മുങ്ങിയ ജയനെ രവിയാണു സമാധാനിപ്പിച്ചത്.
ജയന്റെ ജീവിതത്തിനു ഒരു മാറ്റം വരട്ടെ എന്നു കരുതി രജനി എന്നൊരു പെൺകുട്ടിയെക്കൊണ്ട് അയാളെ വിവാഹം കഴിപ്പിക്കുന്നു . ജയൻ പഴയ ഉത്സാഹവും ഉന്മേഷവും വീണ്ടെടുത്തു തുടങ്ങിയതാണ്. പക്ഷേ ഒരു ദിവസം കുളിമുറിയിൽ വെച്ച് നുലവിളിച്ചു തറയിൽ വീണ രജനി അയാളുടെ മനസ്സിൽ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിച്ചു.ഭ്രാന്തിയെപ്പോലെയായിത്തീർന്ന രജനിക്ക് ചികിത്സകളെന്തൊക്കെ ചെയ്തിട്ടും ഒരു മാറ്റവും കണ്ടില്ല. ഗർഭിണിയായ രജനി ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു.സമനില തെറ്റിയ രജനിയെയും പിഞ്ചു പൈതലിനെയും സംരക്ഷിക്കുവാനായി രജനിയുടെ അനിയത്തി ശാലിനിയെ ജയന്റെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരുന്നു.നാളുകൾ ചെല്ലും തോറും ശാലിനിക്ക് രവിയോട് എന്തെന്നില്ലാത്ത ഒരാരാധനാഭാവം വളർന്നു. രവിയും അത് മനസ്സിലാക്കാതെയിരുന്നില്ല.എങ്കിലും അയാൾ അത് പുറത്തു കാട്ടിയില്ല.
മനസ്സിന്റെ സ്വസ്ഥതക്കു വേണ്ടി മയക്കുമരുന്നുകളിൽ അഭയം പ്രാപിച്ച ജയനു ഒരു ഓപ്പറേഷൻ ചെയ്തു തീർക്കാനുള്ള ശക്തി പോലും നഷ്ടപ്പെടുന്നു.
ഒരു ദിവസം രജനിയുടെ മാനസികനില മാറി. അവൾ പറഞ്ഞു - ജയൻ മരിച്ചു.
രജനി പറഞ്ഞത് സത്യമായിരുന്നു.ജയന്റെ മൃതദേഹം ഹോട്ടൽ മുറിയിൽ രവിയെ എതിരേറ്റു കിടപ്പുണ്ടായിരുന്നു.ജയൻ എഴുതി വെച്ചിരുന്ന കത്തിൽ നിന്ന് രവി പലതും അറിഞ്ഞു. ജയന്റെ പൂർവകാല കാമുകിയായ ജയശ്രീ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ജയൻ മൂലം ഗർഭിണിയായ അവൾ അപവാദഭീതി മൂലമാണു ആത്മഹത്യ ചെയ്തത്.രജനിയുടെ അസുഖത്തിനു കാരണം കാമുകിയുടെ ആത്മാവ് അവളിൽ പ്രവേശിച്ചതാണെന്ന് ജയൻ വിശ്വസിച്ചു. കുറ്റബോധത്തിന്റെ നിഴലിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണു ജയനും ആത്മഹത്യ ചെയ്തത്.
ജയൻ മരിച്ച വിവരം അതേ നിമിഷം തന്നെ രജനി എങ്ങനെ അറിഞ്ഞു ? ജയന്റെ മരണത്തിനും രജനിയുടെ അസുഖത്തിനും ജയന്റെ ആത്മാവുമായി ബന്ധമുണ്ടോ ? അല്ലെങ്കിൽ ജയന്റെ മരണത്തോടെ രജനിയുടെ രോഗം പൂർണ്ണമായും മാറാൻ കാരണമെന്ത് ? ഈ രഹസ്യങ്ങളുടെയെല്ലാം യവനിക ഉയർത്താൻ ശ്രമിച്ച രവിയുടെ അവസ്ഥയെന്ത് ? കാണുക മാനസവീണ !
കടപ്പാട് : പാട്ടുപുസ്തകം