കഥാസാരം :
ചെറുപ്പക്കാരനായ മാത്തുര്‍ ജമീന്ദാര് നല്ലവനാണു്, പക്ഷെ പാകത വന്നിട്ടില്ല. സഹപാഠിയായ മനോഹര്‍ ഒരു മില്ലുപണിയാന് പ്രേരിപ്പിച്ചു് അതിന്റെ നിര്മ്മിതിവഴി അയാള്‍ ജമീന്ദാരുടെ പണം ചൂഷണം ചെയ്തുവന്നു. ആ കൂട്ടത്തില്‍ ഭാനുമതിയെന്ന ഒരു വേശ്യാകുമാരിയെ ജമീന്ദാരായ പുഷ്പനാഥു് പരിചയപ്പെടുത്തിക്കൊടുത്തു. ഭാനുമതിയില്‍ ഭ്രമിച്ചുകഴിഞ്ഞ പുഷ്പനാഥന്‍ പഴയ കണക്കുപ്പിള്ളയായ നീലമേഘം പിള്ളയുടെ പൗത്രിയായ കാഞ്ചനയെ കണ്ടുമുട്ടിയ നിമിഷം അവളിലും അനുരക്തനായി. കാഞ്ചനയുടെ സഹോദരന് സപേശന്‍ ഡോക്ടര്പരീക്ഷ പാസ്സായി സഹപ്രവര്‍ത്തകയായ ഡോ: സീതയില്‍ പ്രേമബന്ധം സൃഷ്ടിച്ചുകഴിഞ്ഞിരുന്നു.
പുഷ്പനാഥന്‍ കാഞ്ചനയെ വിവാഹം കഴിച്ചു. പക്ഷെ ഭാനുമതിയെ ഉപേക്ഷിക്കുവാന്‍ മനസ്സുവരാതെ അവളെ ഒരു വെപ്പാട്ടിയായി സ്വീകരിച്ചുകഴിഞ്ഞു. ഭാനുമതിയും കാഞ്ചനയും ഈ പൊരുത്തക്കേടില്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞു. മനോഹറിന്റെ സഹകരണം പുഷ്പനാഥനെ വലിയ കടക്കാരനാക്കിത്തീര്ത്തു. കാഞ്ചനയുടെ ദരിദ്രകുടുംബത്തെ ആക്ഷേപിച്ചു സംസാരിക്കുകയും മുത്തച്ഛനെ അപമാനിക്കുകയും ചെയ്യുന്നതു് പുഷ്പനാഥന്റെ മനസ്സുമാറ്റത്തിന്റെ തുടക്കമായിരുന്നു. ഡോ: സീതയെ കണ്ടപ്പോള്‍ അയാളുടെ അഭിനിവേശം അവരുടെ നേര്‍ക്കായി. സീതയുടെ മുന്പില് വച്ചു് കാഞ്ചനയെ ഒരു ദിവസം നിഷ്കരുണം ദേഹോപദ്രവമേല്‍പ്പിച്ചു. പൊറുതിമുട്ടിയ കാഞ്ചന തന്റെ മകനുമായി വീടുവിട്ടുപോയി. സീതയും അവിടം വിട്ടു. പക്ഷെ സീതയുടെ നടപടിയില്‍ സംശയാലുവായിത്തീര്ന്ന സപേശന്‍ നാടു് വിട്ടു. പുഷ്പനാഥന്‍ ആകെ പാപ്പരായി. അയാള്‍ ഭാനുമതിയെ വെറുത്തു. കൂട്ടുകാരനായ മനോഹരന് ധനാഗമമാര്‍ഗ്ഗങ്ങള്‍ അടഞ്ഞപ്പോള്‍ വലിഞ്ഞുകളഞ്ഞു. പുഷ്പനാഥന്‍ നിരാകരിച്ചെങ്കിലും, തന്റെ സമ്പാദ്യം മുഴുവന്‍ അയാളുടെ കുട്ടിയ്ക്കു് (കാഞ്ചനയുടെ ) എഴുതിവച്ചശേഷം ഭാനുമതി മരണമടയുന്നു. അവളുടെ അന്തിമസന്ദേശങ്ങളില് നിന്നു് വിവരങ്ങള്‍ മനസ്സിലാക്കി എല്ലാവരും സന്തുഷ്ടരായിക്കഴിയുന്നു.
കെ. ആര്. രാമസ്വാമി, ദൊരരാജു്, നമ്പ്യാര്‍, പി. എ. തോമസു്, എന്‍. എസു്. നാരായണപിള്ള, കണ്ണയ്യ, ലളിത, പത്മിനി, കുമാരി, ആറന്മുള പൊന്നമ്മ, തങ്കമ്മ, കമലം, തങ്കം എന്നിവരാണിതില്‍ അഭിനയിച്ചതു്. അഭയദേവു് എഴുതിയ എട്ടു ഗാനങ്ങളുണ്ടിതില്. അവ സംവിധാനം ചെയ്തതു് എം. എസു്. സുബ്ബയ്യയാണു്. പിന്നണിഗായകര്‍ പി. എ. പെരിയനായകി, എം. എല്‍. വസന്തകുമാരി, ജയലക്ഷ്മി, രാമസ്വാമി. നൃത്തസംവിധാനം ഗോപിനാഥു്. കോയമ്പത്തൂര്‍ പക്ഷിരാജാസ്റ്റുഡിയോയില് ഛായാഗ്രഹണം നിര്‍വ്വഹിച്ചതു് ശൈലന്ബോസ്സാണു്. അസ്സോഷിയേറ്റഡു് പിക്ചേഴ്സു് ഈ ചിത്രം വിതരണം ചെയ്തു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍