പാട്ടക്കാരാരും തന്നെ പാട്ടം കൊടുക്കുന്നില്ലെന്നതോ പോകട്ടെ കണ്ടാൽ മിണ്ടില്ലെന്നു കൂടെയായി. അതിൽ ഒരു പാട്ടക്കാരനായ അവറാച്ചൻ മാത്രം വ്യത്യസ്തനായിരുന്നു. ഒരു കുടിയാന്റെ മകനായ അയാൾ കോവിലകം വക നൂറേക്കർ ഭൂമി പാട്ടത്തിനേറ്റെടുത്തിരുന്നു. അതിലെ ആദായം കൊണ്ടു മാത്രം നല്ലൊരു നിലയിലെത്തി അവറാച്ചൻ.
കോവിലകത്തെ ദാരിദ്ര്യവും ദയനീയ സ്ഥിതികളും കണ്ട് അനുകമ്പ തോന്നിയ അവറാച്ചൻ തമ്പുരാനെ സമീപിച്ചു ഏർപ്പാടു തീർക്കുവാൻ.തമ്പുരാൻ അപേക്ഷിച്ചു – അവറാച്ചനിന്നു നല്ലൊരു സ്ഥിതി ഉണ്ടല്ലോ. കുറേക്കൂടി തന്ന് ഏർപ്പാടു തീർത്താൽ വലിയ രക്ഷയായി.
അവറാച്ചനുണർത്തിച്ചു.അടിയനുമാകെ പരുങ്ങലിലാണു തമ്പുരാനെ. ഒരു അംബാസഡർ കാർ ബുക്കു ചെയ്തത് ഡെലിവറി എടുക്കാൻ അയ്യായിരം രൂപയുടെ കുറവുണ്ട്.അതെങ്ങനെയുണ്ടാക്കുമെന്ന് ചിന്തിക്കയാണടിയൻ.
ജന്മിക്ക് റേഷൻ വാങ്ങാൻ പോലും ബുദ്ധിമുട്ട്.അടിയാനു കാറു വാങ്ങാൻ ബദ്ധപ്പാട് .ഇതുമൊരു ജീവിത വൈരുദ്ധ്യം.
തമ്പുരാന്റെ മകൾ ശ്രീദേവിക്ക് തൃശ്ശൂർ എഞ്ചിനീയർ ആഫീസിൽ ഒരു ജോലി കിട്ടി. തമ്പുരാന്റെ പഴയ കാര്യസ്ഥനായിരുന്ന ഗോവിന്ദപ്പണിക്കരുടെ വീട്ടിൽ താമസസൗകര്യവും തമ്പുരാൻ ഏർപ്പാടു ചെയ്തു കൊടുത്തു. പണിക്കരുടെ മകൻ രാജൻ അവിടത്തെ ജൂനിയർ എഞ്ചിനീയറാണ്. സൗന്ദര്യത്തിന്റെ നിറകുടമായ ശ്രീദേവിയിൽ അവൻ അനുരക്തനായി. ഒരു രാത്രി അനിയന്ത്രിതമായ വികാരത്തള്ളലാൽ അവൻ ശ്രീഡെവിയെ ഒന്നു വാരിപ്പുണരുവാൻ ശ്രമിച്ചു.അതിൽ അപമാനിതയായ ശ്രീദേവി അവധിക്കപേക്ഷയും കൊടുത്ത് വീട്ടിലേക്ക് മടങ്ങി.
ബിരുദധാരിയായ മകൻ കൊച്ചനിയനു ബോംബെയിൽ ജോലി കിട്ടി. മകന്റെ ശമ്പളം കൊണ്ടു ജീവിക്കാമെന്നാശിച്ചിരുന്ന തമ്പുരാന്റെ അടുത്തേക്ക് ഒരു സുപ്രഭാതത്തിൽ മുടിയും ദീക്ഷയും വളർത്തി പ്രാകൃതമായൊരു വേഷത്തിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ കൊച്ചനിയനും മടങ്ങിയെത്തി. തമ്പുരാൻ , തമ്പുരാട്ടി, കൊച്ചനിയൻ, ശ്രീദേവി ഈ നാലു വിശക്കുന്ന വയറുകൾക്ക് ഭക്ഷണം കണ്ടെത്താൻ തമ്പുരാനു കിട്ടുന്നിടത്തെല്ലാം നിന്നു കടം വാങ്ങാതെ ഗത്യന്തരമില്ലാതായി.
സംഗീതത്തിൽ അല്പ്പം ജ്ഞാനം നേടിയിരുന്ന കൊച്ചനിയൻ ഈ ജീവിതക്ലേശങ്ങളും മനോദുഃഖവുമെല്ലാം തന്റെ സിത്താർ മീട്ടി പാടി മറക്കുവാൻ ശ്രമിച്ചു.ഒരു യോഗിയെപ്പോലെ സംഗീതത്തിൽ നിർവൃതി കണ്ടെത്തിയ ആ യുവാവ് മാനസിക സ്വസ്ഥത ലഭിക്കുവാൻ വേണ്ടി ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരിക്കുവാൻ പോയി.
അവിടെ വെച്ച് ഒരു മുടന്തിയും നിരാശ്രയയുമായ ഒരു യുവതിയെ കണ്ടെത്തി.മീനു. അവളോടനുകമ്പയും സഹാനുഭൂതിയും തോന്നിയ കൊച്ചനിയൻ അവളെ തന്റെ സഹധർമ്മിണിയാക്കി.
ഭജനവും പൂർത്തിയാക്കി ഭാര്യാസമേതം കോവിലകത്തു മടങ്ങിയെത്തിയ കൊച്ചനിയനെ കണ്ടു തമ്പുരാൻ ക്ഷുഭിതനായി. വിവാഹം ചെയ്തതിലല്ല, ഒരു വയറിനു കൂടി ഇനി ആഹാരമുണ്ടാക്കണമല്ലോ എന്ന വലിയ പ്രശ്നമാണു തമ്പുരാൻ അവതരിപ്പിച്ചത്.
അവളുടെ ആഗമനത്തോടെ അകന്നു നിന്നിരുന്ന ഐശ്വര്യലക്ഷ്മിയും ആ കോവിലകത്തേക്ക് നോക്കി തുടങ്ങി. ശ്രീദേവിയ്ക്ക് അവധിക്കാല ശമ്പളത്തോടു കൂടി സ്ഥലത്തു തന്നെ നിയമനം ലഭിച്ചു. കൊച്ചനിയനു ഒരു സഹകരണ സംഘത്തിലും ജോലി കിട്ടി. വയറു നിറച്ചുണ്ണൂവാനുള്ള വക മക്കൾ കൊണ്ടു വന്നപ്പോൾ പഴയ സംതൃപ്തി വീണ്ടു കിട്ടി തമ്പുരാന്. പക്ഷേ ? ഒരു കൊടുങ്കാറ്റിന്റെ തുടക്കവും കുറിച്ചു കൊണ്ടൊരു കഥാപാത്രം “ അപ്പുണ്ണി “ വന്നെത്തി.
ആ കോവിലകം യുദ്ധഭൂമിയായി മാറി. തമ്പുരാന്റെ മാനം പോലും ത്രാസ്സിൽ തൂങ്ങി.ക്രിമിനൽ കുറ്റത്തിനു ജാമ്യമില്ലാത്ത വാറണ്ടുമായി കോടതി ശിപായി ആ മുറ്റത്തു കാവലായി.അന്നു രാത്രി ആ മാനധനൻ ഹൃദയം പൊട്ടി മരിച്ചു.
കൊച്ചനിയന്റെ മാനസിക സമനിലയാകെ തെറ്റി.ഭ്രാന്തു പിടിച്ചു. തുറ്റലിലായി. നാലു ഭാഗത്തു നിന്നുള്ള ആക്രമണങ്ങൾ അസഹനീയമായപ്പോൾ ഭാരതയുദ്ധത്തിൽ തേരു തെളിച്ച സുഭദ്രയെപ്പോലെ ആ അടർക്കളത്തിലേക്ക് അരയും തലയും മുറുക്കിയിറങ്ങുവാൻ ഭദ്രത്തമ്പുരാട്ടി കച്ച കെട്ടി.വഞ്ചനയും കപടതയും നിറഞ്ഞ അധർമ്മ യോദ്ധാക്കൾ അണിൻ നിരന്ന ആ കുരുക്ഷേത്ര ഭൂമിയിലേക്ക് ആ ധീരവനിത സധൈര്യമിറങ്ങിത്തിരിച്ചു. ധർമ്മം വീണ്ടെടുക്കുവാൻ. ഈ ധർമ്മയുദ്ധത്തിൽ വിജയം ആർക്കെന്നു പ്രവചിക്കുക സാദ്ധ്യമല്ല.ഗീതോപദേശവുമായൊരു ശ്രീകൃഷ്ണ ഭഗവാൻ ആ രണഭൂമിയിൽ പ്രത്യക്ഷപ്പെടുമോ ? ആ പുല്ലാങ്കുഴൽ വിളി അകലെ കേൾക്കുന്നുണ്ടോ ? ശ്രദ്ധിക്കൂ..മലയാളത്തിലെ മികച്ച സേനാനിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ധർമ്മയുദ്ധം കാണുക.
കടപ്പാട് : പാട്ടുപുസ്തകം