കഥാസാരം :
തിരുവനന്തപുരത്തെ ഒരു കുലീന കുടുംബനാഥനാണു് ശ്രീധരപ്പണിക്കര്‍. അയാളുടെ ഭാര്യ ജാനകിയമ്മയും മകള്‍ നിര്‍മ്മലയും സസുഖം കഴിഞ്ഞുവരവേ ജാനകിയമ്മയുടെ സഹോദരന് ജയില്‍ ചാടി അവരുടെ വീട്ടില്‍ അഭയം തേടി. ശ്രീധരപ്പണിക്കരോടുള്ള പൂര്‍വ്വ വിരോധം തീര്‍ക്കുവാന്‍ പോലീസു് ഇന്‍സ്പെക്ടര്‍ കര്‍ശന നടപടിക്കു് മുതിര്‍ന്നു. ജാനകിയമ്മയാണയാള്ക്കു് അഭയം നല്‍കിയതെന്നു വിശ്വസിച്ച പണിക്കര്‍ അവരെ ജയിലില്‍ നിന്നും മോചിപ്പിക്കുവാന്‍ ശ്രമിച്ചതുമില്ല. ജയില്‍ ശിക്ഷ കഴിഞ്ഞുമടങ്ങിയെത്തിയ ജാനകിയമ്മയേയും കൈക്കുഞ്ഞിനേയും ശ്രീധരപ്പണിക്കര്‍ സ്വീകരിച്ചില്ല. നിസ്സഹായരായി നാടുവിട്ടു് മദ്രാസ്സിലെത്തിയ അവര്‍ക്കു് അവിടുത്തെ ഒരു പ്രമുഖ ഡോക്ടര്‍ അഭയം നല്കി. ഡോക്ടര്‍ ഭാസ്ക്കറിന്റെ മകള്‍ ശാരദയും ഒരു ഞെട്ടിലെ രണ്ടു് പൂക്കളെപ്പോലെ വളര്‍ന്നു വരവേ നാട്ടില്‍ ശ്രീധരപ്പണിക്കരുടെ ആദ്യസന്താനമായ നിര്‍മ്മലയും ഭാഗിനേയനായ മധുവും പ്രേമബദ്ധരായി ഉല്ലസിച്ചു.
ഉപരിപഠനത്തിനു തിരിച്ച മധു തീവണ്ടിയില്‍ വച്ചു് റേഡിയോ പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്ന ശാരദയെ പരിചയപ്പെടുന്നു. ഇതിനകം ശേഖര്‍ എന്നൊരു നയവഞ്ചകനൊത്തു പൊതുരംഗത്തു പ്രവര്‍ത്തിക്കേണ്ടിവന്ന മധു ഒരടികലശലില് ശേഖറുടെ ശത്രുത നേടി ആശുപത്രിയില്‍ കഴിയേണ്ടി വന്നു. മധുവിനെ പരിചരിക്കുവാന്‍ വന്ന ശാരദയെപ്പറ്റി അപവാദം പറഞ്ഞുപരത്തി ശേഖര്‍ ശ്രീധരപ്പണിക്കരേയും തെറ്റിദ്ധരിപ്പിക്കുന്നു. മുന്‍കോപിയായ പണിക്കര്‍ നിര്മ്മലയ്ക്കു് മറ്റൊരു വിവാഹവും നിശ്ചയിച്ചു. ആ വാര്‍ത്ത അറിഞ്ഞ മധു അപമാനിതയായി മനംനൊന്തുകഴിഞ്ഞ ശാരദയെ വിവാഹം ചെയ്തു.
പക്ഷെ നിര്‍മ്മലയുടെ വിവാഹം നടന്നില്ല. വിവാഹദിവസം ബോധമറ്റു നിലംപതിച്ച അവള്‍ക്കു് ഹൃദ്രോഗമാണെന്നറിയുന്നു. ഉപരിചികിത്സാര്ത്ഥം മദ്രാസില്‍ ഡോ. ഭാസ്ക്കറിന്റെ നേഴ്സിംഗു് ഹോമിലെത്തി. മകളുടെ വിവാഹം നടന്നു കഴിഞ്ഞപ്പോള്‍ ജാനകിയമ്മ തീര്‍ത്ഥയാത്രയ്ക്കിറങ്ങി. ചുരുങ്ങിയ വരുമാനത്തില്‍ ശാരദയും മധുവും കഷ്ടിച്ചു കഴിഞ്ഞുകൂടിവന്നപ്പോഴാണു് നിര്‍മ്മല മദ്രാസ്സിലെത്തുന്നതു്. അവള് വന്ന നാള് മുതല്‍ മധുവില്‍ ഒരു വിഷാദഭാവം ശാരദ കണ്ടുപിടിച്ചു. ഭര്‍ത്തൃസുഖം മാത്രം ആഗ്രഹിച്ച ശാരദ നിര്‍മ്മലയുടേയും മധുവിന്റേയും സുഖം മാത്രം കരുതി ആത്മഹത്യയ്ക്കു് ഒരുങ്ങി. ഇതിനിടയില്‍ ശേഖറുടെ കൈകളിലകപ്പെട്ട ശാരദയെ കാറില്‍ കൂട്ടിക്കൊണ്ടുപോകവേ അപകടം സംഭവിക്കുന്നു. മുറിവേറ്റ ശാരദ കിടപ്പിലായി. ഇതിനകം കാശി യാത്ര കഴിഞ്ഞു മടങ്ങിവന്ന ജാനകിയമ്മ ശ്രീധരപ്പണിക്കരുമായി രമ്യതയിലെത്തി. ശാരദയെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന നിര്‍മ്മലയുടെ മോഹം ഈശ്വരന് സാധിച്ചു. മധുവും ശാരദയും സുഖജീവിതം നയിക്കുമ്പോള്‍ അവരുടെ ഓമല്‍ക്കിടാവിനെ ലാളിച്ചു് നിര്‍മ്മല ആത്മശാന്തി നേടി.
സഹനിര്‍മ്മാതാക്കളായ ജിയോ പിക്ചേഴ്സാണു് ഈ ചിത്രം വിതരണം ചെയ്തതു്.
കേരളത്തില്‍ ഈ ചിത്രം 06-03-1952ല്‍ റിലീസായി.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍