1986 ഡിസംബർ അഞ്ചിനാണ് മോഹൻലാൽ-കാർത്തിക ചിത്രമായ 'അടിവേരുകൾ' റിലീസ് ചെയ്തത്. മോഹൻലാൽ ചിത്രങ്ങളായ ദൗത്യം, സൂര്യഗായത്രി എന്നിവയുടെ സംവിധായകൻ അനിൽ വക്കം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അടിവേരുകൾ. പെരുവന്താനം സുകുമാരന്റെ കഥയ്ക്ക് ടി ദാമോദരൻ രചന നിർവഹിച്ചു. നിർമ്മാണം സെഞ്ച്വറി ഫിലിംസിനൊപ്പം മോഹൻലാലിൻറെ നിർമ്മാണ കമ്പനിയായിരുന്ന ചിയേഴ്സ് ആയിരുന്നു. ചിയേഴ്സ് തുടർന്ന് ഉണ്ണികളേ ഒരു കഥ പറയാം, ആര്യൻ എന്നീ ചിത്രങ്ങളും പങ്കാളിത്തത്തോടെ നിർമ്മിച്ചു.
വനനശീകരണം, മരംകടത്ത്, മൃഗവേട്ട എന്നീ സാമൂഹികവിഷയങ്ങൾക്കൊപ്പം ഒരു ആനയും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധവും എടുത്തു കാട്ടിയ ചിത്രമായിരുന്നു അടിവേരുകൾ. തെന്മല കാടുകളിൽ ചിത്രീകരണം നടക്കുമ്പോൾ ആനയുടെ ആക്രമണത്തിൽ നിന്ന് മോഹൻലാൽ രക്ഷപെട്ട കഥയൊക്കെ അക്കാലത്ത് വാർത്തയായിരുന്നു. കാട്ടുവള്ളിയിൽ തൂങ്ങി മോഹൻലാൽ ആനയുടെ മുൻപിൽ വന്നിറങ്ങുന്ന ഷോട്ട് ചിത്രീകരിക്കുമ്പോൾ അപ്രതീക്ഷിതമായി ആന തുമ്പിക്കൈ വീശിയതും അടിയേൽക്കാതെ മോഹൻലാൽ തെന്നിമാറുകയും ചെയ്യുകയായിരുന്നു.