വീനസു് സ്റ്റുഡിയോയില്‍ വച്ചു് പി. രാമസ്വാമിയാണു് ചിത്രം അഭ്രത്തിലേക്കു് പകര്‍ത്തിയതു്. സത്യന്, കെ. പി. ഉമ്മര്‍, ബഹദൂര്‍, ശ്രീനാരായണപിള്ള, ബി. കെ. പൊറ്റക്കാടു്, വിജയന്, മുരളി, എ. എം. ബാബു, കുഞ്ചന്‍, പ്രതാപചന്ദ്രന്, മാസ്റ്റര്‍ ഷാജി, ഷീല, കവിയൂര്‍ പൊന്നമ്മ, ഇന്ദിര, പാര്‍വ്വതി, മിസ്സു് ബാരി എന്നിവര്‍ പ്രധാനഭാഗങ്ങളിലഭിനയിച്ചു.
കഥാസാരം :
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന, മുഖം കറുത്തൊന്നും സംസാരിക്കുകയോ, ഒരു എറുമ്പിനെപ്പോലും നോവിക്കുകയോ ചെയ്യാത്ത നല്ലവനായി ജയരാജന് സുന്ദരിയായി ഒരു യുവതിയെ വിവാഹം ചെയ്തു. ശാലീനസുന്ദരമായി ആ നാട്ടിന്‍പുറത്തു് സ്നേഹോജ്വലമായ ഒരു കുടുംബജീവിതം ആ യുവദമ്പതികള്‍ ഇതള്‍ വിടര്‍ത്തിയെടുത്തു.
ഒരു ദിവസം ജോലിസ്ഥലത്തുനിന്നും വീട്ടിലെത്തിയ ജയരാജന് കണ്ടതു് തന്റെ പ്രിയപ്പെട്ടവള്‍ മറ്റൊരു പുരുഷന്റെ നെഞ്ചില്‍ തല ചായിച്ചുകിടന്നു് രോമഹര്‍ഷങ്ങള്‍ കൈമാറുന്ന കാഴ്ചയാണു്. സമനില തെറ്റിയ ആ പാവം ഒരു പിസാചായി മാറി. ഭാര്യയുടേയും അവളുടെ കാമുകന്റേയും ശിരസ്സുകള്‍ അറുത്തുകൊലപ്പെടുത്തിയശേഷം ജയരാജന് നേരെ പോലീസു് സ്റ്റേഷനില്‍ ഹാജരായി
കോടതിയില്‍ ഹാജരാക്കപ്പെട്ട ജയരാജനെ കേസു് വിസ്താരത്തിനു് ശേഷം ചില പ്രത്യേക സാഹചര്യങ്ങളുടേയും പരിഗണയുടേയും പേരില്‍ ഏഴു് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. ശിക്ഷയുടെ കാലാവധി തീരുന്നതിനു രണ്ടു് മാസം മുന്‍പു് ജയരാജനു് അസഹ്യമായ വയറ്റുവേദന ഉണ്ടായി. ഒരു ശസ്ത്രക്രിയകൊണ്ടല്ലാതെ രോഗശമനമുണ്ടാകുകയില്ല എന്നു് അറിഞ്ഞതിനാല്‍ അയാളെ പോലീസു് അകമ്പടിയോടെ ജയിലില്‍ നിന്നും ആശുപത്രിയിലേക്കു് മാറ്റി.
ഹൃദ്യമായി ചിരിക്കുന്ന ഒരാളിനെയെങ്കിലും കാണാം, സ്നേഹത്തിന്റെ കുളിര്മയുള്ള ഒരു വാചകമെങ്കിലും കേള്‍ക്കാം എന്നൊക്കെയുള്ള ആഗ്രഹത്തോടുകൂടിയാണു് ജയിലിലെ നീറിപ്പിടിക്കുന്ന വേദനകളുടെ നടുവില്‍ കഴിഞ്ഞിരുന്ന അയാളെ ആശുപത്രിയില്‍ എത്തിച്ചതു്. പക്ഷെ അവിടെ അയാളെ നോക്കി ഒന്നു ചിരിക്കുവാനോ സ്നേഹത്തോടെയോ ദയയോടേയോ ഒന്നു സംസാരിക്കുവാനോ ആരും ഉണ്ടായിരുന്നില്ല. എന്നുതന്നെയല്ല എല്ലാവരും അയാളെ നോക്കിയതു് ഒരു ദുഷ്ടമൃഗത്തോടെന്നപ്പോലെയാണു്. ആശുപത്രിയിലെ ജോലിക്കാരനായ സ്വന്തം കൊച്ചച്ഛന് പോലും ഒഴിഞ്ഞുമാറി നടന്ന അനുഭവമാണു് ജയരാജനുണ്ടായതു്.
തന്നെ ഈ നിലയിലെത്തിച്ച തന്റെ ഭാര്യയുടെ കാമുകന്റെ വംശത്തെക്കൂടി ഒന്നോടെ നശിപ്പിക്കുവാന്‍ അയാള്‍ ദൃഢപ്രതിജ്ഞയെടുത്തു. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാല്‍ ആദ്യം ചെയ്യേണ്ട കൃത്യം അതായിരിക്കുമെന്നും ജയരാജന് തീരുമാനിച്ചു.
അങ്ങിനെ അയാളുടെ ചിന്ത കൂടുതല്‍ ക്രൂരവും വന്യവുമായി മാറിത്തുടങ്ങിയ അവസരത്തിലാണു് ദയയുടേയും സ്നേഹത്തിന്റേയും പൂച്ചെണ്ടുകളുമായി വിധവയായ ലക്ഷ്മിടീച്ചറും മകന് രവിയും കൂടി ആശുപത്രിയിലെത്തിയതു്. ആറു് വയസ്സായ രവിയ്ക്കു് രക്താര്ബുദമാണു് രോഗം. എല്ലാവരാലും വെറുക്കപ്പെട്ടു് മൃഗതുല്യം അവഗണിക്കപ്പെട്ടിരുന്ന ജയരാജന് ഒരു കൊലപ്പുള്ളിയാണെന്നറിഞ്ഞുകൊണ്ടു് തന്നെ ആ അമ്മയും മകനും അയാളെ സ്നേഹിച്ചു തുടങ്ങി. ഒരിറ്റു സ്നേഹത്തിനുവേണ്ടി ദാഹിച്ചുകൊണ്ടിരുന്ന രജയാജനു് ലക്ഷ്മിടീച്ചറും രവിയും കൂടി പ്രപഞ്ചിത്തിലുള്ള സ്നേഹം മുഴുവന്‍ പകര്ന്നുകൊടുത്തതുപോലെ തോന്നി. അയാളിലൊളിച്ചുകിടന്ന നല്ല മനുഷ്യന് ഉയിര്‍ത്തെഴുന്നേറ്റു.
ജയരാജന്റെ ഓപ്പറേഷന് വിജയകരമായി നടന്നു. രവിയുടെ സുഖക്കേടു് ഭേദമായി അവനും അമ്മ ലക്ഷ്മിടീച്ചറും യാത്രയാകുവാന്‍ തയ്യാറെടുത്തു. പിരിഞ്ഞുപോകേണ്ടിവന്നതില് അവര്‍ക്കെല്ലാവര്‍ക്കും അതിയായ ഖേദമുണ്ടായി.
രവിയുടെ സാധനങ്ങള്‍ അടുക്കിവയ്ക്കുന്നതിനിടയില്‍ ഒരു പുസ്തകത്തിനിടയില്‍ നിന്നും താഴെ വീണ ഒരു ഫോട്ടോ കണ്ടു് ജയരാജന് ഞെട്ടിപ്പോയി. താന്‍ തലയറുത്തുകൊന്ന തന്റെ ഭാര്യയുടെ കാമുകന്റെ ഫോട്ടോ. ലക്ഷ്മിടീച്ചര്‍ ആ മനുഷ്യനെ ജയരാജനു് പരിചയപ്പെടുത്തി. തന്റെ ഭര്‍ത്താവു്, രവിയുടെ പ്രിയപ്പെട്ട അച്ഛന്.
എല്ലാവരും വെറുത്തുതള്ളിയപ്പോഴും സ്നേഹസമ്പന്നരായ ആ അമ്മയും മകനുമാണു് ജയരാജന്റെ തപ്തഹൃദയത്തില്‍ സ്നേഹത്തിന്റെ ചന്ദനച്ചാര്‍ പകര്‍ന്നുകൊടുത്തതു്. അവരെയാണു് ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാലുടന്‍ തിരഞ്ഞുപിടിച്ചു് കാലന്നൂര്ക്കയക്കുവാന് അയാള്‍ പ്രതിജ്ഞയെടുത്തതും.
ജയരാജന് ഒരു വല്ലാത്ത പ്രതിസന്ധിയിലെത്തി. ഈ സമയത്താണു് ജയരാജന് തന്റെ ഭര്‍ത്താവിന്റെ ഘാതകനെണെന്നു് ലക്ഷ്മടീച്ചര് അറിയുന്നതു്. ജയരാജന് ധര്മ്മസങ്കടത്തോടുകൂടി അതേറ്റുപറയുകയും ചെയ്തു. ഉടന്‍തന്നെ അവര്‍ രവിയുമൊത്തു് അവിടം വിട്ടു് ഓടിമറഞ്ഞു.
തെല്ലിടകഴിഞ്ഞു് സമചിത്തത വീണ്ടുകിട്ടിയ ടീച്ചര്‍ ജയരാജന്റെ കട്ടിലിനരികില്‍ എത്തിയപ്പോഴേക്കും അയാള്‍ ഹൃദയം പൊട്ടി മരിച്ചുകഴിഞ്ഞിരുന്നു.
തിരുമേനി പിക്ചേഴ്സു് വിതരണം നടത്തിയത ദാഹം 1965 ഒക്ടോബര്‍ 10 നു പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |