പിജി വിശ്വംഭരന്റെ 'പൊന്ന്'. സ്നേഹിച്ച പെണ്ണിനെ തട്ടിയെടുത്ത അച്ഛനെ നേരിടുന്ന മകന്റെ കഥയാണ് ചിത്രം പറഞ്ഞത്. പഞ്ചപാവം നായകൻ ഒരു സ്ത്രീയുടെ പ്രോത്സാഹനത്തോടെ തന്റേടിയായി മാറുന്ന കാഴ്ചയും ചിത്രത്തിലുണ്ട്. എ ആർ മുകേഷിന്റെ കഥയ്ക്ക് കലൂർ ഡെന്നീസ് തിരക്കഥയെഴുതി. പി ഭാസ്ക്കരൻ-ഔസേപ്പച്ചൻ ടീമിന്റെ രണ്ട് മനോഹര ഗാനങ്ങൾ 'പൊന്നി'ന്റെ മാറ്റ് കൂട്ടുന്നു. റോയൽ ഫിലിംസ് അച്ചൻകുഞ്ഞാണ് നിർമ്മാണം. 1987 ജൂൺ 5 റിലീസ്.
ലോകത്ത് ഏറ്റവും വില കൂടിയ രണ്ട് സാധനങ്ങൾ - പൊന്നും പെണ്ണും എന്ന് വിശ്വസിക്കുന്ന അച്ചുത്തട്ടാർ (തിലകൻ). പണം പലിശയ്ക്ക് കൊടുക്കലാണ് സ്വർണ്ണപ്പണി കഴിഞ്ഞാലുള്ള ആ തട്ടാന്റെ പണി. ക്രൂരനായ അച്ഛനുമാണയാൾ. അച്ഛന്റെ ദുഷ്ടത്തരം കണ്ട് സഹിക്കാനാവാത്ത പഞ്ചപാവം മകൻ (അശോകൻ) നാട് വിട്ട് പട്ടണത്തിൽ ജോലിക്ക് ചേർന്നു. പുതിയ സ്ഥലത്തെ അയൽക്കാരി (ശാരി) അവനെ ഇഷ്ടപ്പെട്ടു. അവന് പക്ഷെ നാട്ടിൽ ഇഷ്ടക്കാരി ഉണ്ടല്ലോ (സിതാര). അവൾക്കുള്ള പൊന്നുമായി വീട്ടിൽ ചെല്ലുമ്പോൾ അവളെ അച്ഛൻ കല്യാണം കഴിച്ചിരിക്കുന്നു! അവളുടെ അച്ഛൻ, തട്ടാരുടെ കടക്കാരനായിരുന്നു. തട്ടാൻ പലിശയടക്കം മുതലാക്കിയത് മകളുടെ പ്രായമുള്ള ഒരുവളെ കല്യാണം കഴിച്ച്. പഞ്ചപാവമായിരുന്ന മകൻ തന്റേടിയായി അച്ഛനെ കീഴ്പ്പെടുത്തുന്നു - കായികമായും മാനസികമായും.
മാനത്തെ തട്ടാന്റെ മണിമാല, കാർമുകിലിൻ തേന്മാവിൽ എന്നീ ഗാനങ്ങളുടെ ആസ്വാദ്യതയ്ക്ക് ഇപ്പോഴും മാറ്റ് കുറഞ്ഞിട്ടില്ല. പി ഭാസ്ക്കരനും ഔസേപ്പച്ചനും ഒരുമിച്ച അപൂർവം ചിത്രങ്ങളിലൊന്നാണ് പൊന്ന്.
സ്വന്തമെവിടെ ബന്ധമെവിടെ, അഴിയാത്ത ബന്ധങ്ങൾ, രുഗ്മ തുടങ്ങിയ ചിത്രങ്ങൾ നിർമ്മാതാക്കൾ റോയൽ പിക്ചേഴ്സിന്റെ ക്രെഡിറ്റിലുണ്ട്.