തീര്‍ത്ഥയാത്ര - കഥാസംഗ്രഹം
അകത്തമ്മ അഴിഞ്ഞാടിയാലും അതൊരഴകാണു്, അലങ്കാരമാണു്. ആ സ്ഥാനത്തു പുറത്തുള്ളവള്‍ അതും കഞ്ഞിക്കില്ലാത്ത ആലംബബീനയായ ഒരുത്തിയാണെങ്കിലോ? വെളുത്ത മുണ്ടുടുത്തു വേലയ്ക്കു പോയാല്‍ വേശ്യയായി, പൂവണിഞ്ഞാല്‍ പതിതയായി, പുഞ്ചിരിച്ചാലോ പാപിയുമായി. മാന്യതയെ മട്ടുപ്പാവിലും നേരിനെ നയാപൈസയിലും കാണുന്ന ഇന്നത്തെ ഈ ദുഷിച്ചുനാറിയ സാമൂഹ്യധാര്‍മ്മിക വ്യവസ്ഥിതിയില്‍ സാവിത്രിയുടെ സ്വഭാവശുദ്ധിയില്‍ ചെളി വാരിയെറിഞ്ഞതില് അതിശയിക്കാനെന്തിരിക്കുന്നു.
ഭര്‍ത്താവായ ആര്യന് നമ്പൂതിരിയുടെ അകാല ദേഹവിയോഗത്തോടുകൂടി നിരാലംബമായി കൊച്ചിക്കാവിന്റെ കൊച്ചു കുടുംബം. ആര്യന് നമ്പൂതിരിയുടെ അനുജന് നമ്പൂതിരി സഹായത്തിനെത്തിയെങ്കിലും അതും ആ കുടുംബത്തെ വീണ്ടും തകര്ച്ചയിലേക്കാണു് എത്തിച്ചതു്. യൗവ്വനത്തിലേക്കു പ്രവേശിച്ച മൂത്ത മകള്‍ സാവിത്രിയും പൊട്ടിത്തെറിക്കുന്ന പരുവത്തിലുള്ള രണ്ടാമത്തെ മകള്‍ പാര്‍വ്വതിയും ഇളയ മകന് വാസുവും കൊച്ചിക്കാവിനു പ്രശ്നങ്ങളായിത്തീരുന്നു. ജീവിതത്തിന്റെ എല്ലാ വശങ്ങളും അടയപ്പെട്ട ആ ആത്മാക്കള്‍ക്കു് സാവിത്രിയെക്കുറിച്ചു് അന്നാട്ടില്‍ പ്രചരിച്ചിരുന്ന ദുഷ്പ്രചരണങ്ങള്‍ ദുഃസഹമായിത്തീര്ന്നു. കാലാകാലങ്ങളായി വച്ചാരാധിച്ചു പോന്നിരുന്ന തറയില്‍ ഭഗവതിയുടെ വെള്ളിവിഗ്രഹവും എടുത്തുകൊണ്ടു് ആ കൊച്ചു കുടുംബം നാടുവിടുന്നു. റെയില്‍വേ സ്റ്റേഷനില്‍ വച്ചു കണ്ടുമുട്ടിയ രാജഗോപാലന്‍ ഗതി മുട്ടി നില്ക്കുന്ന കുഞ്ഞിക്കാവിനേയും മക്കളേയും തന്റെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ഒരു ചെറിയ വീട്ടില്‍ താമസമുറപ്പിക്കുന്നതിനു വേണ്ടിയ സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കുന്നു. രാജഗോപാലനും സാവിത്രിയും പരസ്പരം ആകൃഷ്ടരായെങ്കിലും ജാതി വ്യത്യാസം അവരെ അകറ്റുന്നു. അയല്‍ക്കാരായ അബ്ദുള്ളയും പാത്തുമ്മയും കുഞ്ഞിക്കാവിന്റെയും കുടുംബത്തിന്റെയും നിസ്സാഹായതയില്‍ ആത്മാര്‍ത്ഥമായി സഹതപിച്ചിരുന്നു. മദ്രാസ്സില്‍ ജോലിക്കാരനായിരുന്ന രാജഗോപാല്‍ അവധി തീര്‍ന്നു മടങ്ങിപ്പോയപ്പോള്‍ സാവിത്രിയെ അയാളുടെ മനസ്സില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണു് പോയതു്.
ചെറുപ്പക്കാരനായ പവിത്രന് നമ്പൂതിരിയുടെ ഇല്ലത്തു കൊച്ചിക്കാവിനും മക്കള്‍ക്കും ജോലി കിട്ടുന്നു. വിവാഹിതനെങ്കിലും വിഷയലമ്പടനായ നമ്പൂതിരിയുടെ പന്തിയില്ലായ്മ അന്തര്‍ജ്ജനത്തിനെ സംശയാലുവാക്കുകയും തദ്വാരാ സാവിത്രിക്കുള്ള ജോലിയും നഷ്ടപ്പെടുകയും ചെയ്തു. ഇല്ലത്തുനിന്നും പുറത്തുപോയെങ്കിലും സ്വന്തം വീട്ടിലും സാവിത്രിക്കു സമാധാനമുണ്ടായില്ല. ഒരു ദിവസം സാവിത്രിയെ ബലാല്‍ക്കാരമായി വശപ്പെടുത്തുവാന്‍ പവിത്രന് നമ്പൂതിരി ശ്രമിച്ചുവെങ്കിലും അബ്ദുള്ളയുടെ സമയോചിതമായ ഇടപെടല്‍ അവളെ രക്ഷിച്ചു. അതിന്റെ ഫലമോ അമ്മയ്ക്കും അനിയത്തിക്കും കൂടി ജോലി നഷ്ടപ്പെട്ടു. പാവം. അശരണരായ ആ അമ്മയ്ക്കു് ആരുണ്ടു് ഒരു ഗതി. തറയില്‍ ഭഗവതി മാത്രം. കൊച്ചിക്കാവു് മനം നൊന്തു പ്രാര്‍ത്ഥിച്ചു. അവിഖ്യാതിയും അപമാനവും അലയടിച്ചുയര്‍ന്നു. അവിടെയും ജീവിക്കു പ്രയാസമാണെന്ന നിലയായപ്പോള്‍ അബ്ദുള്ളയുടെ ഉപദേസപ്രകാരം ആ കുടുംബം തൃശ്ശൂരിലേക്കു് യാത്രയായി. കൊച്ചിക്കാവു് തറയില്‍ ഭഗവതിയെ മറന്നില്ല. എങ്ങനെയെങ്കിലും ഓട്ടുകമ്പനിയില്‍ പണിയെടുക്കുക. ഇതൊക്കെയായിരുന്നു കൊച്ചിക്കാവിന്റെ ഉദ്ദേശം. വിശന്നു തളര്ന്നു് തൃശ്ശൂര്‍ ബസ്റ്റാന്റില്‍ ഇരുന്ന അവരെ കുട്ടപ്പന് കണ്ടുമുട്ടുന്നു. ആദ്യമായി വീടു വിട്ടിറങ്ങിയ കൊച്ചിക്കാവും മക്കളും റയില്‍വേ സ്റ്റേഷനിലേക്കു് പോന്നതു് ഈ കുട്ടപ്പന് ഓടിച്ചിരുന്ന ബസ്സിലായിരുന്നു. പരിചിതനായ കുട്ടപ്പനെ വിശ്വസിച്ചു് അവര്‍ അവനെടൊത്തു് ഒരു ഹോട്ടലില്‍ എത്തുന്നു. അന്നു രാത്രി പാര്‍വ്വതി ബലാല്സംഗത്തിനു് ഇരയായി. നേരം വെളുത്തപ്പോള്‍ കൊച്ചുമകളുടെ നഗ്നരൂപമാണു് ആ വൃദ്ധമാതാവു് കണ്ടതു്. അവര്‍ തറയില്‍ ഭഗവതിയെ വിളിച്ചു് നെഞ്ചത്തടിച്ചു. പാര്‍വ്വതിയുടെ ഭാവി ജീവിതത്തിലെ ഒരു വഴിത്തിരിവായി അന്നത്തെ സംഭവം പരിണമിച്ചു. ഏതു സംഭവിക്കാന്‍ പാടില്ലെന്നു വിചാരിച്ചിരുന്നുവോ അതു സംഭവിച്ചു. കൊച്ചിക്കാവു് ഒരു ഭ്രാന്തിയെപ്പോലെയായി. മക്കളേയും വലിച്ചിഴച്ചുകൊണ്ടു് അവര്‍ ഹോട്ടലിനു പുറത്തുചാടി. ലക്ഷ്യമില്ലാതെ അലഞ്ഞുനടന്ന അവര്‍ ആശാന് എന്നൊരു കരപ്രമാണിയെ കണ്ടുമുട്ടി. അലിവു തോന്നിയ ആശാന് ആ കൊച്ചു കുടുംബത്തിനു താമസിക്കുവാന്‍ ഒരു ചെറിയ വീടും പാര്‍വ്വതിക്കും സാവിത്രിക്കും ഒരു ഓട്ടുകമ്പനിയില്‍ ജോലിയും ഏര്‍പ്പാടു് ചെയ്തുകൊടുക്കുന്നു. ഏതാനം ദിവസങ്ങള്‍ക്കകം വാസുവിനും ഒരു വര്‍ക്കു് ഷോപ്പില്‍ ജോലിയാകുന്നു. കാറ്റും കോളും കൊണ്ടു കലുഷിതമായ അന്തരീക്ഷം ഒന്നുകൂടി പ്രശാന്തമാകാന്‍ തുടങ്ങുന്നു. തറയില്‍ ഭഗവതിയെ ദിവസേന ആരാധിക്കുന്ന കാര്യം കൊച്ചിക്കാവു് മറന്നില്ല.
അവലംബം : പാട്ടുപുസ്തകം
|