കഥാസാരം :
മില്‍ ഉടമയായ ജനാര്‍ദ്ദനന്‍പിള്ളയുടെ ഏക സന്താനമായ ചന്ദ്രിക അവരുടെ അടുക്കളക്കാരിയുടെ മകനായ ഗോപിയില്‍ അനുരക്തനായി. ഗോപി തന്റെ നില മനസ്സിലാക്കി ആ ബന്ധത്തില്‍ നിന്നും അകലാന്‍ ശ്രമിച്ചു. ഗോപി അകലുംതോറും ചന്ദ്രികയുടെ ഹൃദയം ഗോപിയിലേക്കു് അടുക്കുകയായിരുന്നു. ചന്ദ്രികയുടെ തോഴിയും ബന്ധുവുമായ രമണി ഗോപിയെ ഗാഢമായി സ്നേഹിച്ചിരുന്നെങ്കിലും ചന്ദ്രികയ്ക്കു വേണ്ടി മൂകാനുരാഗവുമായി കഴിഞ്ഞു.
ജനാര്‍ദ്ദനന്‍പിള്ള അനന്തരവളായ രാധാമണിയില്‍ നിന്നും ചന്ദ്രികയുടെ പ്രേമകഥ അറിയുന്നു. അതിന്റെ ഫലമായി ഗോപിയെ വീട്ടില്‍ നിന്നും മില്ലില്‍ നിന്നും ആട്ടിപ്പുറത്താക്കിയതിനൊപ്പം ഡോക്ടര്‍ രാധാകൃഷ്ണനെക്കൊണ്ടു് ചന്ദ്രികയെ വിവാഹം കഴിപ്പിക്കുവാനും നിശ്ചയിച്ചു. നിരാശയുടെ നീര്‍ച്ചുഴിയില്‍ വീണു വീര്‍പ്പുമുട്ടിയ ചന്ദ്രിക ഗോപിയെ സമീപിച്ചു് തന്നെ കൂട്ടിക്കൊണ്ടു് നാടുവിട്ടില്ലെങ്കില്‍ ആത്മഹത്യചെയ്തു് രക്ഷ നേടുമെന്നു തീര്‍ത്തു പറയുന്നു. പക്ഷെ അന്നു രാത്രി ഗോപിയൊരു തസ്ക്കരനായി ചന്ദ്രികയുടെ മുറിയില്‍ പ്രവേശിച്ചു് അവളെ കൊല്ലുവാന്‍ ശ്രമിക്കുകയാണു് ചെയ്തതു്. ഗോപിയെ ആള്ക്കാര് പിടികൂടി ലാക്കപ്പിലാക്കുന്നു. തന്റെ ഹൃദയേശ്വരന്റെ നീച പ്രവര്‍ത്തിയില്‍ മനം നൊന്തു് ചന്ദ്രിക മാനസിക രോഗിയായി തീര്‍ന്നു.
ഡോക്ടര്‍ രാധാകൃഷ്ണന്റെ വിദഗ്ദ്ധവും സ്നേഹശീതളവുമായ ശുശ്രൂഷകൊണ്ടു് ചന്ദ്രിക സുഖം പ്രാപിക്കുകയും അദ്ദേഹത്തിന്റെ സഹധര്മ്മിണിയാവുകയും ചെയ്തു. ഈ വിവാഹത്തില്‍ ചന്ദ്രികയുടെ ഭര്‍തൃപദം മോഹിച്ച മില്‍ മാനേജര്‍ ശങ്കറും ഡോക്ടറെ സ്നേഹിച്ചിരുന്ന രാധാമണിയും അസൂയാലുക്കളായി. രാധാമണിയുടെ കളിപ്പാവകളായിരുന്ന പ്രഫസര്‍ കെ. പി. റാന്‍, മോഹന്‍ തുടങ്ങിയവരെ കൂട്ടിക്കൊണ്ടു് ചന്ദ്രികയുടെ ജീവിതം നശിപ്പിക്കുവാന്‍ നീക്കങ്ങളാരംഭിച്ചു. ചന്ദ്രിക ഗോപിക്കയച്ച ഒരു പ്രേമലേഖനം കൈവശപ്പെടുത്തി ജനാര്ദ്ദനന്പിള്ളയില് നിന്നു പണവും ഡോക്ടറില്‍ നിന്നു് ചന്ദ്രികയോടു് വെറുപ്പും നേടിയെടുത്തു.
ജയിലില്‍ കഴിയുന്ന ഗോപി മോഹനില് നിന്നും ഈ വിവരങ്ങള്‍ അറിയുന്നു. ഗോപിയെ ആരാധിച്ചു കഴിഞ്ഞിരുന്ന രമണിയുടെ സഹായവും ലഭിച്ചു. ഗോപി തസ്കരവേഷം കെട്ടിയ കാരണങ്ങള്‍ തെളിഞ്ഞു. അങ്ങിനെ തെറ്റിദ്ധാരണയുടെ മുടുപടങ്ങള് എല്ലാം നീക്കി ചന്ദ്രികയുടെയും രാധാകൃഷ്ണന്റെയും ദാമ്പത്യജീവിതം ഭദ്രമാക്കി. ഗോപിയും രമണിയും ഒന്നിച്ചു. ഗോപിയുടെ സഹോദരി രാധാമണിയില്‍ യഥാര്‍ത്ഥ പ്രേമം പ്രഫസര്‍ കണ്ടെത്തി. സുഖജീവിതം എല്ലാവര്ക്കും നേര്‍ന്നുകൊണ്ടു് കഥയവസാനിക്കുന്നു.
ശ്രീ പി. കെ. വിക്രമന് നായര്‍, തിക്കുറിശ്ശി, സാരംഗപാണി, ആര്. എസു്. കുറുപ്പു്, ഗോപാലകൃഷ്ണന് നായര്‍, എം. ജി. മേനോന്, സേതുലക്ഷ്മി, വി. എന്‍. ജാനകി, ആര്. മാലതി, ആര്. ഭാരതി, എം. എല്‍. സരസ്വതി, ആരന്മുള പൊന്നമ്മ ഇവരാണു് ഈ ചിത്രത്തില്‍ അഭിനയിച്ചതു്. നൃത്തം ചെയ്തതു് ലളിതയും, പത്മിനിയും. പി. ഭാസ്ക്കരനും തുമ്പമണ്‍ പത്മനാഭന്കുട്ടിയും കൂടി എഴുതിയ ഗാനങ്ങള്‍ക്കു് ദക്ഷിണാമൂര്‍ത്തിയും ഗോവിന്ദരാജുലു നായിഡുവു കൂടി ഈണം നല്കി സംവിധാനം ചെയ്തു.
വാഹിനി സ്റ്റുഡിയോയില്‍ വച്ചു് നര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയതതു് ശ്രീ വി. എസു്. രാഘവനാണു്.
എന്‍. സി. ബാലകൃഷ്ണന് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ ചിത്രം വിതരണം ചെയ്തതു് കൊച്ചിന് പിക്ച്ചേഴ്സു് ആണു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍