കഥാസാരം
ചങ്ങനാശ്ശേരിയിലെ ഒരു ലോട്ടറി ഏജന്റാണു ഭാസ്കരമേനോൻ .ലോട്ടരി മേനോൻ എന്നാണയാൾ അറിയപ്പെട്ടിരുന്നത്.വാചാലനായ മേനോൻ ടിക്കറ്റു വില്പനക്കായി സ്ഥലത്തെ ഒരു ഫോട്ടോ സ്റ്റുഡിയോ ഉടമസ്ഥനായ വേണുഗോപാലനെ സമീപിച്ചു.ഭാഗ്യപരീക്ഷണത്തിൽ വലിയ വിശ്വാസമില്ലാത്ത വേണു ടിക്കറ്റെടുക്കാൻ വിസമ്മതിച്ചു. തത്സമയം ഫോട്ടോ എടുപ്പിക്കുവാനായി ഒരു സംഘം കോളേജു കുമാരികൾ അവീടെ എത്തി.മാലതി എന്ന വിദ്യാർത്ഥിനിയുടെ ഇഷ്ടപ്രകാരം അവൾ തന്നെ തെരഞ്ഞെടുത്ത ഒരു ടിക്കറ്റ് വാങ്ങുവാൻ വേണു നിർബന്ധിതനായി. വേണുവിന്റെ സ്റ്റുഡിയോയിലെ ജീവനക്കാരിയാണ് രാജമ്മ.കൃഷ്ണൻ കുട്ടി എന്നൊരു കീഴ് ജീവനക്കാരനുമുണ്ട് അവിടെ. മേനോനിൽ നിന്നും വാങ്ങിയ ടിക്കറ്റ് വേണു സ്റ്റുഡിയോയിലെ അലമാരിയിൽ വെച്ചു. നറുക്കെടുപ്പ് തീയതിക്കു പിറ്റേ ദിവസത്തെ പത്രങ്ങളിൽ ഫലപ്രഖ്യാപനം വന്നു.വേണുവിന്റെ ടിക്കറ്റിനാണു ഒന്നാം സമ്മാനം. അയാൾ സ്റ്റുഡിയോയിൽ ഓടിയെത്തി.അയാൾ സ്റ്റുഡിയോയിൽ ഓടിയെത്തി.അലമാരി തുറന്നു ടിക്കറ്റെടുത്തു.പക്ഷേ ടിക്കറ്റു മാറിയിരിക്കുന്നു. അയാൾ അന്തം വിട്ടു പോയി.ടിക്കറ്റു വാങ്ങിയ ദിവസം തന്നെ അതിന്റെ നമ്പർ വേണു ഡയറിയിൽ കുറിച്ചിട്ടിരുന്നതാണ്.മാലതി തിരഞ്ഞെടുത്ത ടിക്കറ്റിനു ഒന്നാം സമ്മാനം ലഭിച്ചതറിഞ്ഞ് അവൾ വേണുവിന്റെ സ്റ്റുഡിയോയിലെത്തി.ടിക്കറ്റു മാറിയ വിവരമറിഞ്ഞ് ഇരുവരും നിരാശരായി. രാജമ്മയറിയാതെ ഇതു സംഭവിക്കുകയില്ലെന്ന് മാലതി ബലമായി സംശയിച്ചു. അവൾ രാജമ്മയെ ചോദ്യം ചെയ്തു.അവളുടെ ഉടുതുണി പോലും മാലതി പരിശോധിച്ചു.തന്റെ സത്യസന്ധതയെ ചോദ്യം ചെയ്തതിൽ പരിഭവിച്ച് , വേണു ഖേദം പ്രകടിപ്പിച്ചിട്ടു പോലും രാജമ്മ ജോലി ഉപേക്ഷിച്ചു. വേണുഗോപാലൻ ലോട്ടറി മേനോനെ വിവരം ധരിപ്പിച്ചു. ആർക്കെല്ലാം ഏതേതു ടിക്കറ്റുകളാണു വിറ്റിരിക്കുന്നതെന്ന് ആധികാരികമായ വിവരങ്ങളൊന്നും മേനോന്റെ പക്കലില്ല.പക്ഷേ അയാളുടെ നിർദ്ദേശപ്രകാരം വേണുഗോപാലനു ഒരു സ്വീകരണം സംഘടിപ്പിച്ചു.ആ സമയം ടിക്കറ്റു കൈവശക്കാരൻ അവിടെയെത്തുമെന്ന് അവർ പ്രതീക്ഷിച്ചു.സ്വീകരണയോഗം നടന്നു കൊണ്ടിരിക്കുമ്പോൾ അവിടെയെത്തിയത് സ്ഥലത്തെ പോലീസ് ഇൻസ്പെക്ടറാണ്.അദ്ദേഹം വേണുവിൽ നിന്നും സമ്മാനാർഹമായ ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റു കൈവശമില്ലാതിരുന്ന വേണുവിനെയും ലോട്ടറി മേനോനെയും അദ്ദേഹം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി.വേണുവും മേനോനും സംഭവങ്ങളുടെ യഥാർത്ഥ വിവരം ഇൻസ്പെക്ടറെ അറിയിച്ചു.ഒരു ഓട്ടോമൊബൈൽ വർക്കുഷോപ്പ് ഉടമസ്ഥനും ധനാഢ്യനുമായ എസ് ആർ മേനോന്റെ പരാതിയനുസരിച്ചാണ് ഇൻസ്പെക്ടർ വേണുവിനോട് ടിക്കറ്റാവശ്യപ്പെട്ടത്.പ്രസടിച്ച ടിക്കറ്റ് താൻ കോട്ടയത്തു നിന്നും വാങ്ങിയതാണെന്നും മാധവൻ കുട്ടി എന്നൊരു സ്നേഹിതൻ തത്സമയം തന്റെ കൂടെ ഉണ്ടായിരുന്നെന്നും, യഥാർത്ഥ ടിക്കറ്റ് തന്റെ കൈവശമുണ്ടെന്നുമാണു എസ് ആർ മേനോന്റെ വാദം.ഇരുഭാഗത്തെയും തെളിവുകൾക്ക് ശേഷം ഇൻസ്പെക്ടർ ടിക്കറ്റ് എസ് ആർ മേനോനു കൊടുക്കുകയും വേണുവിനെ താക്കീതു ചെയ്തു വിടുകയും ചെയ്തു.മാലതിയുടെ സഹോദരനാണ് എസ് ആർ മേനോൻ. മാലതിയറിയാതെ ടിക്കറ്റു മേനോന്റെ കൈവശം എത്തുകയില്ലെന്ന് വേണു ധരിച്ചു.അക്കാരണത്താൽ തന്നെ തന്റെ ഇഷ്ടതോഴിയായി കഴിഞ്ഞിരുന്ന മാലതിയെ അയാൾ വെറുത്തു തുടങ്ങി.സമ്മാനം കിട്ടിയില്ലെങ്കിലും വേണ്ടില്ല, ടിക്കറ്റു മാറിയെടുത്തത ആരാണെന്ന് കണ്ടുപിടിക്കണം എന്ന് വേണുവിനു നിർബന്ധമായി.അയാൾ മാധവൻ കുട്ടിയെയും ലോട്ടറി മേനോനെയും കൂടി ഒരുമിച്ച് കണ്ടപ്പോൾ അവരെ പിൻ തുടർന്നു.മാധവൻ കുട്ടി എസ് ആർ മേനോനെ സമീപിച്ചു തന്റെ പങ്കായ അൻപതിനായിരം രൂപാ ആവശ്യപ്പെട്ടു. പക്ഷേ എസ് ആർ മേനോൻ നിരസിക്കുകയാണുണ്ടായത്.അതേത്തുടർന്ന് അവർ തമ്മിൽ വാക്കേറ്റവും മല്പ്പിടിത്തവുമുണ്ടായി. യാദൃശ്ചികമായി കിട്ടിയ മാരകമായ അടിയേറ്റു മാധവൻകുട്ടി മരണമടഞ്ഞു.എസ് ആർ മേനോൻ ശവം ഒരു അലമാരയിൽ ഒളിപ്പിച്ചിട്ട് പുറത്തേക്കു പോയി.ആ സമയം വേണു അവിടെയെത്തി.തിരിച്ചു വന്ന എസ് ആർ മേനോനുമായി വേണു ഏറ്റുമുട്ടി.അയാളെ ബന്ധിച്ചിട്ട് എസ് ആർ മേനോൻ തന്റെ ഒരു സേവകന്റെ സഹായത്തോടെ മാധവൻ കുട്ടിയുടെ മൃതദേഹം പെട്ടിയിലാക്കി കടന്നു കളഞ്ഞു.എസ് ആർ മേനോൻ ടിക്കറ്റുമായി സമ്മാനം വാങ്ങുവാൻ ലോട്ടറി ഡയറക്ടറെ സമീപിച്ചു.പക്ഷേ അതൊരു കള്ളട്ടിക്കറ്റാണെന്ന് പറഞ്ഞു ഡയറക്ടർ മേനോനെ പോലീസിൽ ഏല്പിച്ചു.പോലീസിന്റെ ചോദ്യം ചെയ്യലിൽ മേനോൻ പകച്ച് കടകവിരുദ്ധമായ പല പ്രസ്താവനകളും നടത്തി.എസ് ആർ മേനോനെ കൂട്ടിക്കൊണ്ട് പോലീസ് ചങ്ങനശ്ശേരിയിലെത്തി.വേണുവിനെയും ലോട്ടറിമേനോനെയും സ്റ്റേഷനിൽ വരുത്തി.കോട്ടയത്തു നിന്നും ടിക്കറ്റു വാങ്ങി എന്നു പറഞ്ഞ മേനോൻ, പിന്നീട് താൻ ചങ്ങനാശ്ശേരിക്കാരൻ ലോട്ടറി മേനോനിൽ നിന്നാണു ടിക്കറ്റു വാങ്ങിയതെന്നായി.പോലീസിന്റെ നയപരമായ നീക്കങ്ങൾ കൊണ്ട് സത്യാവസ്ഥ വെളിപ്പെട്ടു.രാജമ്മയെ പ്രലോഭിപ്പിച്ച് ലോട്ടറിമേനോൻ തന്നെയാണു വേണുവിന്റെ ടിക്കറ്റ് അപഹരിച്ചത്.മാധവൻ കുട്ടിയുടെ സഹായത്തോടെ ആ ടിക്കറ്റ് അൻപതിനായിരം രൂപക്ക് എസ് ആർ മേനോനു കൊടുത്തു.ടിക്കറ്റു കിട്ടിക്കഴിഞ്ഞപ്പോൾ എസ് ആർ മേനോൻ വാക്കു മാറി. അതേ തുടർന്നുണ്ടായ സംഘട്ടനത്തിൽ അയാൾ മാധവൻ കുട്ടിയെ വധിക്കുകയും ശവം മരവു ചെയ്യുകയും ചെയ്തു.എസ് ആർ മേനോൻ കൊലക്കുറ്റത്തിനും രാജമ്മയും ലോട്ടറി മേനോനും വഞ്ചനക്കുറ്റത്തിനും അറസ്റ്റു ചെയ്യപ്പെട്ടു.യഥാർത്ഥത്തിൽ ശരിയായ ടിക്കറ്റു തന്നെയായിരുന്നു വേണുവിൽ നിന്നും മോഷ്ടിക്കപ്പെട്ടത്.അതു കള്ളടിക്കറ്റാണെന്നുള്ളത് പോലീസ് പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു.ടിക്കറ്റ് അതിന്റെ യഥാർത്ഥാവകാശിയായ വേണുഗോപാലനു തന്നെ പോലീസ് കൊടുത്തു മടക്കിയയച്ചു.ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയുടെ ടിക്കറ്റും തന്റെ കാമുകിയായ മാലതിയെയും അങ്ങനെ വേണുഗോപാലനു തിരിച്ചു കിട്ടി.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്