എ.എം.രാജ തമിഴിലും മറ്റും കുറെ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം
നിര്‍വഹിച്ചുവെങ്കിലും മലയാളത്തിലെ ഏക ചിത്രം ഇതായിരുന്നു.
കെ.എസ്.സേതുമാധവന് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സത്യൻ, നസീര്‍, കെ.ആർ.വിജയ,
ജയഭാരതി, മുത്തയ്യ, തിക്കുറിശി, രാഘവന് എന്നിവര്‍ അഭിനയിച്ചു.
കഥാസാരം
മാതാവു മരിച്ചു പോയ ഗിരിജയെ അച്ഛൻ ശങ്കുണ്ണിപ്പിള്ളയാണു വളർത്തിയത്.അവരുടെ വീട്ടിൽ വാടകക്ക് രവി എന്നും ഹരി എന്നും രണ്ടു കോളേജ് വിദ്യാർത്ഥികൾ താമസമുണ്ടായിരുന്നു. ഗിരിജയും രവിയും തമ്മിൽ അടുപ്പമായി. അവരുടെ അടുപ്പം പരിധികൾക്കപ്പുറം എത്തുകയും ചെയ്തു.ശങ്കുപ്പിള്ള മകൾക്ക് ഒരു വിവാഹാലോചന കൊണ്ടു വന്നു. പക്ഷേ ഗിരിജ ഒഴിഞ്ഞു മാറി.അകന്ന ബന്ധത്തിൽ പെട്ട ഒരു യുവാവായിരുന്നു വരൻ . അയാൾ ഗിരിജയോടു നേരിട്ടു വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും അവൾ വഴിപ്പെട്ടില്ല . അതിനു കാരണവുമുണ്ടായിരുന്നു.ഗിരിജ ഗർഭിണിയാണ്. വിവരം അവൾ രവിയെ അറിയിച്ചു.അമ്മാവനെയും കൂട്ടിക്കൊണ്ടു വന്നു വിവാഹം നടത്താമെന്ന് ഗിരിജയെ പറഞ്ഞു വിശ്വസിപ്പിച്ച രവി രാത്രിയിൽ ഹരിയുടെ വാച്ചും രൂപയും മോഷ്ടിച്ചു കൊണ്ട് സ്ഥലം വിട്ടു. അയാളെ പിന്നെ കണ്ടിട്ടേയില്ല.സദാ ഉല്ലാസവാനായിരുന്ന ശങ്കുപ്പിള്ള മകളുടെ സ്ഥിതിയറിഞ്ഞു വേദനപ്പെട്ടു.എങ്കിലും മുൻപാലോചിച്ച വിവാഹം നടത്തുവാൻ തന്നെ അയാൾ തീരുമാനിച്ചു. ഗിരിജ തന്റെ സത്യാവസ്ഥ അറിയിച്ചിട്ടും വിവാഹം കഴിക്കാമെന്നേറ്റ യുവാവ് അതു വിശ്വസിച്ചില്ല. ഗിരിജയുടെ വീട്ടുമുറ്റത്ത് പന്തലുയർന്നു.പക്ഷേ വിവാഹം നടന്നില്ല.മകൾ ചെയ്ത തെറ്റിനു താനൊരു മറുതെറ്റ് ചെയ്തു ശരിയാക്കുവാൻ പ്രയത്നിച്ച ശങ്കുപ്പിള്ള ഹൃദയം പൊട്ടി പന്തലിൽ മരിച്ചു വീണു.ആത്മഹത്യ ചെയ്യുവാനൊരുങ്ങിയ ഗിരിജയെ രവിയുടെ സഹപാഠിയായ ഹരി രക്ഷിച്ചു. താനവളെ സ്നേഹിക്കുന്നു എന്നും വിവാഹം കഴിക്കുവാൻ തയ്യാറാണെന്നും ഹരി ഗിരിജയെ ധരിപ്പിച്ചു. പക്ഷേ ഹരിയുടെ നീക്കത്തെ അവന്റെ അച്ഛനും അമയും – ഗോപാലപിള്ളയും ജാനുവമ്മയും - അനുകൂലിച്ചില്ല.മാതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ച് ഹരി ഗിരിജയെ ഭാര്യയായി സ്വീകരിച്ചു.അതോടെ ഹരി വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു. അവിടെ നിന്നുള്ള സഹായവും നിലച്ചു.പുതിയ ദമ്പതിമാർ മറ്റൊരു നാട്ടിൽ ഒരു വാടകവീടെടുത്തു താമസമാക്കി. ഗിരിജ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. കാലക്രമത്തിൽ ഒരു പെൺകുട്ടിയുടെ മാതാവ് കൂടിയായി. ഒരു ദിവസം മാതാപിതാക്കന്മാരെ കാണുവാനായി ഹരി വീട്ടിലേക്കു പോയി.ജാനുവമ്മ മകനെ സ്വീകരിച്ചെങ്കിലു, ഗോപാലപിള്ള ഹരിയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചു. ഹതാശനായ ഹരി മടങ്ങി വന്നു.അന്ന് പുറത്തൊന്നിറങ്ങിയിട്ടു വരാമെന്ന് ഗിരിജയോട് പറഞ്ഞിട്ട് പുറത്തേക്കിറങ്ങിയ ഹരി പിന്നെ തിരിച്ചു ചെന്നില്ല. ഏതോ രാഷ്ട്രീയ പാർട്ടികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ വെടിയേറ്റു മരിച്ചു എന്നാണ് ഗിരിജ വീട്ടുടമസ്ഥൻ ശ്രീധരൻ പിള്ളയിൽ നിന്നും മനസ്സിലാക്കിയത്.ഗിരിജ ദുഃഖത്തിലാണ്ടു.
മകന്റെ ശവശരീരം വീട്ടിലേക്ക് കൊണ്ടു പോകുവാൻ ഗോപാലപിള്ളയുടെ ദുരഭിമാനം സമ്മതിച്ചില്ല. മരിച്ചിടത്തു തന്നെ ശവസംസ്കാരം നടത്തിയിട്ട് മടക്കത്തിൽ ജാനുവമ്മയും ഗോപാലപിള്ളയും കൂടി ഗിരിജയുടേ – ഹരിയുടേയും പുത്രിയായ ലീലയെ അവരുടേ കൂടെ കൊണ്ടു പോയി. അവളുടെ വിലയെന്നോണം കുറേ നോട്ടുകൾ അബോധാവസ്ഥയിൽ കിടന്നിരുന്ന ഗിരിജയെ ഏല്‍പ്പിച്ചിട്ടാണ് അവർ മടങ്ങിയത്. നോട്ടുകെട്ടുകളുമായി അവരെ പിൻ തുടർന്ന ഗിരിജ വീട്ടിലെത്തിയെങ്കിലും മകളുടെ ഭാവിയോർത്ത് മടങ്ങിപ്പോകുകയാണുണ്ടായത്.കുട്ടികളെ വിദ്യാഭ്യാസം ചെയ്യിച്ച് വലിയവരാക്കണമെന്നായിരുന്നു ഹരിയുടെ മോഹം.മകളെ കൊണ്ടു പോയതിനു പ്രതിഫലമെന്നോണം കിട്ടിയ പണം കൊണ്ട് ശശിയെ – തന്റെ പുത്രനെ – ഗിരിജ കോളേജിൽ അയച്ചു. അമ്മ ചീത്ത വഴിക്കു പണമുണ്ടാക്കി തന്നെ പഠിപ്പിക്കുകയാണെന്നാണ് മകൻ ധരിച്ചത്. ഒരു ദിവസം ശശിയും ഗിരിജയും കൂടി നടക്കുമ്പോൾ രവിയെ കണ്ടു മുട്ടി.അന്വേഷിച്ചു കണ്ടു പിടിച്ച് അവൾ രവിയുടെ വീട്ടിലെത്തി.അയാൾ ഇന്ന് ഭാര്യയോടും സന്താനങ്ങളോടുമൊത്ത് വാഴുകയാണ്.പേരും താമസസ്ഥലവും പറഞ്ഞു കൊടുത്തിട്ടും രവി ഗിരിജയെ തിരിച്ചറിഞ്ഞില്ല. പക്ഷേ അന്നു രാത്രി അയാൾ അവളുടെ വീട്ടിലെത്തി. നിവർത്തിപ്പിടിച്ച കത്തി അവളെ ഏല്‍പ്പിച്ചിട്ട് പ്രതികാരം ചെയ്തു കൊള്ളുവാനാണ് അയാൾ ആവശ്യപ്പെട്ടത്. ഗിരിജ ഒന്നും മിണ്ടിയില്ല.പ്രവർത്തിച്ചില്ല.വളർന്നു കഴിഞ്ഞിരുന്ന ശശിയോട് ഗിരിജ പൂർവകാല ചരിത്രമെല്ലാം പറഞ്ഞു. തന്റെ അമ്മയെ നശിപ്പിച്ച അച്ഛനെ തേടി പ്രതികാരാവേശത്തോടെ അവൻ പുറപ്പെട്ടു.
പക്ഷേ അതിനകം രവി മൃതിയടഞ്ഞിരുന്നു.ലീല വളർന്നു പ്രശസ്തയായ ഒരു ഗായികയായി തീർന്നു കഴിഞ്ഞു. ഒരു ദിവസം ഒരു വലിയ സദസ്സിന്റെ മുൻപിൽ പാടിക്കൊണ്ടിരുന്ന ലീലയെ ശശി കണ്ടു. മകളെന്ന അവകാശം മാത്രമേ അമ്മ വിറ്റു കഴിഞ്ഞിട്ടുള്ളൂ എന്നും സഹോദരന്റെ അവകാശം ഇപ്പോഴും അവനിലുണ്ടെന്നും ശശി ശഠിച്ചു. ആ അവകാശവാദം സ്ഥാപിച്ചു കിട്ടുവാൻ കോടതിയിൽ പോകുവാൻ ശശി തയ്യാറായി. ഗിരിജയ്ക്ക് അതിഷ്ടമായിരുന്നില്ല. അതിനെ സംബന്ധിച്ച് അമ്മയും മകനും തമ്മിൽ വാക്കേറ്റമായി . ഒടുവിൽ അതു സംഭവിച്ചു. അമ്മയുടെ കൈയ്യാൽ മകൻ മരണപ്പെട്ടു. കൊലക്കുറ്റം ചുമത്തി ഗിരിജ അറസ്റ്റിലായി. വക്കീൽ നാരായണമേനോൻ അവളുടെ ഭാഗം കോടതിയിൽ വാദിച്ചു.സഹധർമ്മിണിയായ ഭാനു , മേനോനു ഗിരിജയെ രക്ഷിക്കുന്നതിൽ ആവേശം പകർന്നു. താൽക്കാലിക വികാരത്തിനടിമപ്പെട്ട് സ്വന്തം മകനെ കുത്തിക്കൊന്ന സ്ത്രീ കരുണയർഹിക്കുന്നു എന്നും കുറ്റവാളിയുടെ മാനസിക ഘടന കൂടി കണക്കിലെടുത്തു വേണം ന്യായാധിപൻ വിധി കല്പിക്കേണ്ടതെന്നും നാരായണ മേനോൻ വാദിച്ചെങ്കിലും ഗിരിജയെ കോടതി കുറ്റം ചുമത്തി തടവു ശിക്ഷയ്ക്കു വിധിച്ചു.
സത്യൻ, പ്രേം നസീർ, തിക്കുറിശ്ശി സുകുമാരൻ നായർ , കെ പി ഉമ്മർ ,ബഹദൂർ , ടി എസ് മുത്തയ്യ , അടൂർഭാസി, കെ ആർ വിജയ, രാഗിണി,കവിയൂർ പൊന്നമ്മ , രാഘവൻ, ജയഭാരതി എന്നിവരാണ് അഭിനേതാക്കൾ.മെല്ലി ഇറാനി ഛായാഗ്രഹണവും രാമചന്ദ്രൻ , കോടീശ്വര റാവു എന്നിവർ ശബ്ദലേഖനവും കുപ്പുരാജ്, എസ് രാജ് എന്നിവർ വസ്ത്രാലങ്കാരവും , ശങ്കർ റാവു , വെങ്കിടേശ്വര റാവു എന്നിവർ വേഷവിധാനവും എം എസ് മണി ചിത്ര സംയോജനവും നിർവഹിച്ചു.അരുണാചലം , വീനസ് എന്നീ സ്റ്റുഡിയോകളിൽ ചിത്ര നിർമ്മാണം നടന്നു.സുപ്രിയ ഫിലിംസ് കേരളത്തിൽ വിതരണം നടത്തിയ അമ്മ എന്ന സ്ത്രീ 19.2.1970 ൽ വെള്ളിത്തിരയിൽ എത്തി.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
അവലംബം : മലയാള സിനിമാ ഡയറക്ടറി
കടപ്പാട് : ബി വിജയകുമാര്‍