തിരുനയനാർ കുറിച്ചി രചിച്ച 12 ഗാനങ്ങൾക്ക് ഈണം നൽകിയത് ബ്രദർ ലക്ഷ്മണനാണ്.ജിക്കി, ജാനമ്മ ഡേവിഡ്, പി ലീല, രാധ, ഗംഗ, കമുകറ പുരുഷോത്തമൻ, ശാന്താ പി നായർ, കുമരേശ് എന്നിവരാണാ ഗാനങ്ങൾ പിന്നണിയിൽ ആലപിച്ചത്.
പ്രേം നസീർ, മുത്തയ്യാ, കൊട്ടാരക്കര,ശ്രീധരൻ നായർ, എസ് പി പിള്ള,ബഹദൂർ,എസ് ആർ പല്ലാട് ,കുട്ടൻ പിള്ള, വില്യംസ്,സോമശേഖരൻ , എം ജി നാരായണൻ, ശങ്കർ,മിസ് കുമാരി ,ശാന്തി, തങ്കം ബേബി , ജാനകി തുടങ്ങിയവർ അഭിനയിച്ച പ്രസ്തുത ചിത്രം 30.10.1957 ൽ റിലീസ് ആയി.
കഥാസാരം
കലാശാലാ ബിരുദം നേടി തൊഴിലന്വേഷിച്ചലഞ്ഞ ഗോപി നിരാശനായി തന്റെ മാതുലനെ സമീപിച്ചു.തൊഴിലൊന്നുമില്ലെങ്കിൽ പോയി മോഷ്ടിക്കടാ എന്ന ഉപദേശം നൽകി ആ ഹൃദയശൂന്യൻ അവനെ ആട്ടിപ്പുറത്താക്കി .രോഗാതുരയായി കിടക്കുന്ന മാതാവിനു മരുന്നു വാങ്ങാൻ റിക്ഷാ വലിച്ചു ഒരു രൂപാ സമ്പാദിച്ചു. ആ പണവും തെരുവിലെ വീരന്മാർ തട്ടിയെടുത്തു.ഗതി മുട്ടിയ ഗോപി പാതിരാത്രിയിൽ അമ്മാവന്റെ വീട്ടിൽ കയറി മോഷണം നടത്തി. ആ കലയിൽ പരിചയം കുറഞ്ഞ അവനെ പോലീസ് പിടി കൂടി.
ജയിലഴിക്കുള്ളിൽ കഴിയുന്ന ഗോപി അവനു വേണ്ടി മാത്രം ജീവിച്ച അമ്മയുടെ അവശ സ്ഥിതിയോർത്ത് അകം നൊന്ത് ജയിൽ ചാടി വീട്ടിലെത്തുന്നു.പക്ഷേ രോഗത്തിനു പുറമേ ആധിയും കൂടി ആ സാധു സ്ത്രീയുടെ ജീവൻ അപഹരിച്ചു കഴിഞ്ഞിരുന്നു.അമ്മ കൂടി ഇല്ലാതായപ്പോൾ ലോകത്തിൽ തനിക്ക് ശേഷിച്ചിരുന്ന സ്നേഹത്തിന്റെ ഏക ഉറവയും വറ്റിപ്പോയതായി ഗോപിയ്ക്ക് തോന്നി.പോലീസിന്റെ പിടിയിൽ നിന്നും രക്ഷ നേടുവാൻ വിദൂരസ്ഥമായ ഒരു സ്ഥലത്ത് എത്തിച്ചേരുന്നു.പിതാവോടൊപ്പം അരിഷ്ടിച്ചു നാൾ കഴിക്കുന്ന ശാന്തയുടെ വീട്ടിൽ രവിയെന്ന പേരിൽ അഭയം തേടി.രവിയിൽ അനുരാഗമുദിച്ചു തുടങ്ങിയ ശാന്ത അവൾ ജോലി ചെയ്യുന്ന കമ്പനിയിൽ രവിയ്ക്കും ഒരു ഉദ്യോഗം നേടിക്കൊടുക്കുന്നു.രവിയും ശാന്തയെ സ്നേഹിച്ചു.
കമ്പനിയിലെ മാനേജരായ മധുവുമായി ഏറ്റുമുട്ടുന്ന രവി തന്റെ കൗശലത്താൽ ഉടമസ്ഥനായ ശേഖരൻ മുതലാളിയെ വശത്താക്കി മധുവിനെ തരം താഴ്ത്തി മാനേജർ പദവിയിലേയ്ക്ക് ഉയരുന്നു.പണവും പദവിയും മാത്രം ജീവിതലക്ഷ്യമായി കരുതിയിരുന്ന രവി തന്നെ ജീവനു തുല്യം സ്നേഹിച്ച ശാന്തയെ അവഗണിക്കുന്നു.തന്റെ മകളായ പ്രേമ ഇഷ്ടപ്പെടുന്ന രവിയെ തന്റെ ജാമാതാവാക്കണമെന്നാണ് ശേഖരൻ മുതലാളിയുടെ ലക്ഷ്യം.രവിയ്ക്കും തന്റെ ജീവിത മുന്നേറ്റത്തിനു അതു സഹായകമായി തോന്നി.പ്രേമയുമായുള്ള പ്രേമ നാടകം ചിലപ്പോൾ പാവപ്പെട്ട ശാന്തയുടെ മുൻപിൽ വെച്ച് അഭിനയിക്കുവാനും രവി മടിച്ചില്ല. എല്ലാം കണ്ടും കേട്ടും സഹിച്ച ശാന്തയെ ഒരു നിസ്സാര കാരണം പറഞ്ഞ് കമ്പനിയിൽ നിന്നും പിരിച്ചു വിടപ്പെട്ടു. അപമാനിതയും വഞ്ചിതയുമായ അച്ഛൻ ഹൃദയം തകർന്നു മരിച്ചു.
താൻ ജയിൽ ചാടിയവനാണെന്ന് അറിയാവുന്ന ഏകവ്യക്തി ശാന്തയാണെന്ന് രവിക്കറിയാം.അവളെ കൂടി ഒഴിവാക്കിയാൽ തന്റെ ജീവിതം ഭാസുരമാക്കാമെന്ന് രവി മോഹിച്ചു. അനശ്വരപ്രേമ മാഹാത്മ്യത്തിന്റെയും പശ്ചാത്താപത്തിന്റെയും കപട ഭാവം കാട്ടി ചന്ദ്രികാ ചർച്ചിതമായ നിശയിൽ കായല്പ്പരപ്പിലേയ്ക്ക് ആനയിച്ച് കളിയോടത്തിൽ നിന്നും ശാലീനയായ ശാന്തയെ അവൻ തള്ളി വെള്ളത്തിലാഴ്ത്തി.
കൊലക്കുറ്റത്തിനു രവിയ്ക്ക് മരണശിക്ഷ വിധിക്കപ്പെടാറായപ്പോൾ മധുവിന്റെ സഹായത്താൽ രക്ഷപെട്ട ശാന്ത കോടതിയിലെത്തി രവി നിരപരാധിയാണെന്ന് മൊഴി നൽകി.പണത്തിനേക്കാൾ വിലയേറിയത് സ്നേഹമാണെന്ന് ഈ മഹത്തായ ത്യാഗം അവനെ ഉദ്ബോധിപ്പിച്ചു.പ്രാണപ്രിയയോട് മാപ്പിരന്ന് അവളുടെ പാണീതലം ഗ്രഹിക്കാൻ മുന്നോട്ടു വന്ന രവിയെ പഴയ ഗോപിയെ തേടി വന്ന അപസർപ്പകനും പോലീസുകാരും വിലങ്ങണിയിക്കുകയാണ്. “എന്നെ മറന്നേയ്ക്കൂ ശാന്തേ “ എന്നു മനം നൊന്തു മന്ത്രിച്ചു കൊണ്ട് ഗോപി വിട വാങ്ങി.തന്റെ ഹൃദയത്തിൽ മറ്റാർക്കും ഇടം നൽകാനാവാത്ത ശാന്ത അവനു വേണ്ടി കാത്തിരുന്നു. അല്പനാളത്തെ ജയിൽ ജീവിതത്തിനു ശേഷം സ്വാതന്ത്ര്യ ദിനം പ്രമാണിച്ചു വിമുക്തനായ ഗോപി തന്റെ വരവും കാത്തു കഴിഞ്ഞ ശാന്തയെ സ്വന്തമാക്കി.
ശ്രീ കെ ഡി ജോർജ്ജ് ആണ് ഈ ചിത്രം എഡിറ്റു ചെയ്തത്. ശ്രീ എൻ എസ്സ് മണി ച്ഛായാഗ്രഹണം നിർവഹിച്ച പ്രസ്തുത ചിത്രം കുമാരസ്വാമി ആൻഡ് കമ്പനിയും ജയാ ഫിലിംസും കൂടി വിതരണം നടത്തി.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്
കടപ്പാട് : ബി വിജയകുമാര്