ധനാഢ്യനും സത്സ്വഭാവിയുമായ ഒരു എസ്റ്റേറ്റുടമയുമായ മാത്തച്ചൻ. ഭാര്യ റോസമ്മ സൽഗുണ സമ്പന്നയാണ്. പക്ഷേ വാതരോഗം പിടിപെട്ട് കിടപ്പിലായിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. ഒന്നേ പെറ്റൊള്ളൂ. ഇരട്ടകൾ , റാണിയും മായയും- അവർ സുന്ദരികളാണ്.എസ്റ്റേറ്റു കാര്യങ്ങളിലും മറ്റും മാത്തച്ചന്റെ വലംകൈയ്യായി നിന്ന് തൊഴിലാളിസമരങ്ങൾക്കോ ഒന്നിനും ഇടയുണ്ടാക്കാതെ എല്ലാക്കാര്യങ്ങളും നോക്കുന്നയാളാണ് മാത്തച്ചന്റെ അളിയൻ ഉമ്മച്ചൻ. എന്നാൽ ഇതിനു നേരേ എതിരായിരുന്നു എസ്റ്റേറ്റ് സൂപ്രണ്ട് ഫിലിപ്പ്.കുഴപ്പങ്ങൾ ഇല്ലാത്തിടത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കലും സൃഷ്ടിക്കപ്പെട്ട കുഴപ്പത്തിൽ നിന്നും പ്രശ്നങ്ങൾ വലുതാക്കലും, വലുതാക്കപ്പെട്ട പ്രശ്നങ്ങളിൽ നിന്നും മുതലെടുക്കലുമാണ് അയാളുടെ സ്വഭാവം.ആദർശങ്ങളിൽ പൊരുത്തക്കേടുകളുള്ള ഉമ്മച്ചനും ഫിലിപ്പും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും അടിക്കടി ഉണ്ടായിക്കൊണ്ടിരുന്നു.എസ്റ്റേറ്റ് ആശുപത്രിയിലെ ഡോക്ടറാണു ആനപ്പാറ കുഞ്ഞമ്മ. പ്യൂൺ മൂത്ത് കമ്പൗണ്ടറായ കമ്പ്യൂൺ പത്രോസും കുഞ്ഞമ്മയും കൂടെക്കൂടെ മുതലാളിയുടെ ബംഗ്ലാവിൽ പോവുകയും വാതരോഗിയായ റോസമ്മയെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. പക്ഷേ സൂപ്രണ്ട് ഫിലിപ്പിന്റെ ക്വാർട്ടേഴ്സിൽ ആനപ്പാറയുടെ അസമയത്തുള്ള ഡ്യൂട്ടി എന്താണാവോ ?
ശേഷം ഭാഗങ്ങൾ സ്ക്രീനിൽ !
കടപ്പാട് : പാട്ടുപുസ്തകം