കഥാസാരം :
പ്രകൃതിസൗന്ദര്യം അലതല്ലുന്ന ഒരു മനോഹന ഗ്രാമത്തിലെ പ്രമുഖ തറവാടായ പൂമംഗലത്തെ കാരണവരായ കുറുപ്പിന്റെ ഏക പുത്രിയാണു് ലക്ഷ്മി.
കോമളബരനായ വേണു ഗ്രാമത്തിലെ കടത്തുവള്ളക്കാരന്‍ പണിക്കരുടെ ഏകപുത്രനും. ബാല്യകാലം മുതല്‍ ഒരുമിച്ചു കളിച്ചുവളര്‍ന്ന ഇവര്‍ ഉറ്റ ചങ്ങാതികളാണു്.
കാലം കടന്നുപോയി. യൗവ്വനപ്രായത്തിലെത്തിയ ലക്ഷ്മിയേയും വേണുവിനേയും പറ്റി പ്രണയകഥകള്‍ കുറുപ്പിന്റെ ചെവിയിലും എത്തി.
കുറുപ്പദ്ദേഹത്തിനു തന്റെ ഏക മകളെ ദരിദ്രനായ ഒരു വള്ളക്കാരന്റെ മകന് വേള്ക്കുന്നതു് ഇഷ്ടമായിരുന്നില്ല. അദ്ദേഹം ലക്ഷ്മിക്കൊരു വിവാഹം ഉറപ്പിച്ചു. വിജയന് അതാണു് വരന്റെ പേരു്.
കുറുപ്പിന്റെ കാര്യസ്ഥന് പാച്ചുപിള്ളയുടെ മകളാണു് അമ്മു. അമ്മുവിനു ചേര്‍ന്ന വരന് വേണുവാണെന്നു് പാച്ചുപിള്ളയും പണിക്കരും കൂടി തീരുമാനിച്ചു. വിവാഹ നിശ്ചയവും നടത്തി.
കുറുപ്പിന്റെ തീരുമാനമറിഞ്ഞ ലക്ഷ്മിയും വേണുവും ശോകാകുലരായി. ഏകാന്തതയുടെ മൂകതയില്‍ അവരിരുവരും ഒന്നിച്ചുകൂടി. ലക്ഷ്മിയെ വേണ്ടവിധം സംരക്ഷിക്കാന്‍ തന്നാലാകുന്നില്ലെന്നും വേണു ഹൃദയവേദനയോടെ അവളെ അറിയിച്ചു. കല്ലിനെയും കരയിക്കുന്ന ഈ രംഗം കുറുപ്പു് കാണുവാനിടയായി. ക്രുദ്ധനായ അയാല്‍ വേണുവിനെ നല്ലവണ്ണം പ്രഹരിച്ചു. അതില്‍ പിന്നെ വേണുവിനെ അവിടെയെങ്ങും ആരും കണ്ടില്ല.
കുറുപ്പിന്റെ നിശ്ചയപ്രകാരം വിജയനും ലക്ഷ്മിയുമായുള്ള വിവാഹം നടന്നു. ആനന്ദചിത്തനായ ആ പിതാവു് മകളെ വരന്റെ പട്ടണത്തിലുള്ള ഗൃഹത്തിലേക്കു് യാത്രയാക്കി.
നാടു് വിട്ട വേണു ജോലി തിരക്കി പട്ടണത്തിലെത്തി. അവിടത്തെ ഒരു പ്രശസ്ത ഹോട്ടലില്‍ ജോലിക്കാരനായി. മധുവിധു ആഘോഷിച്ചു സന്തോഷചിത്തരായി കഴിഞ്ഞു വന്ന വിജയനും ലക്ഷ്മിയും ഒരു ദിവസം ആ ഹോട്ടലില്‍ എത്തി. അവര്‍ക്കു് ഐസു്ക്രീം കൊണ്ടുകൊടുക്കുവാന്‍ നിയുക്തനായ വേണു ലക്ഷ്മിയെക്കണ്ടു് അമ്പരന്നു. അവന്റെ കയ്യില്‍ നിന്നും പാത്രം താഴെ വീണുടഞ്ഞു. ഇതില്‍ കുപിതനായ ഹോട്ടല്‍ മാനേജര്‍ വേണുവിനെ ശിക്ഷിച്ചു. ഈ സംഭവം ഹൊട്ടലില്‍ പണിമുടക്കിനു കളമൊരുക്കി.
സകല ദുര്ഗ്ഗുണങ്ങളുടെയും വിളനിലമായ ആ ഹോട്ടല്‍ വിജയന്റെ നിത്യസന്ദര്ശ്ശനമായി മാറി. അവിടത്തെ നര്‍ത്തകിയായ സ്വപ്നലത എന്ന പെണ്‍കൊടിയുടെ ചിലന്തിവലയില്‍ വിജയന് കുടുങ്ങി. ലക്ഷ്മിയുടെ ജീവിതം വിഷമത്തിലായി.
അമ്മു വേണുവിന്റെ തിരോധാനത്തിനു ശേഷം കേണു ജീവിക്കുകയാണു്. പുത്രവിരഹത്താല്‍ രോഗിയായി മാറിയ പണിക്കരെ പാച്ചുപിള്ള സ്വഗൃഹത്തിലാക്കി. വേണുവിന്റെ പിതാവിനെ പരിചരിക്കുവാന്‍ സന്ദര്‍ഭം ലഭിച്ച അമ്മു സന്തോഷവതിയായി എങ്കിലും തന്റെ ഹൃദയനാഥനെക്കുറിച്ചുള്ള ചിന്ത അവളെ സന്താപ നിമഗ്നയാക്കി.
നിത്യേയുള്ള ഹോട്ടല്‍ സന്ദര്‍ശനവും സ്വപ്നലതയുമായുള്ള സമ്പര്‍ക്കവും മദ്യവും വേശ്യയും നിമിത്തം വിജയന്റെ ആരോഗ്യവും ധനവും ശോഷിച്ചു തുടങ്ങി. അവന്റെ കുടുംബജീവിതംതന്നെ താറുമാറായി. വിജയന്റെ ജീവരക്തവും ധനവും മുഴുവന്‍ ഊറ്റിക്കുടിച്ച സ്വപ്നലത അവനെ തൂത്തെറിഞ്ഞു. നിരാശാഭരിതനും കോപിഷ്ഠനുമായിത്തീര്ന്ന വിജയന് അവളുടെ വീടിനു കല്ലെറിഞ്ഞു തകര്‍ത്തു. അവളുടെ യജമാനനും കാമുകനുമായ ഹോട്ടല്‍ മാനേജര്‍ അവിടെയെത്തി. വിജയനും മാനേജറുമായുണ്ടായ സംഘട്ടനത്തില്‍ നിന്നും വിജയനെ രക്ഷിച്ചു് വേണു വീട്ടില്‍ കൊണ്ടാക്കി. ഹോട്ടലിലെ നരകസദൃശമായ ജീവിതവും പിതാവിനെക്കുറിച്ചുള്ള ചിന്തയും സ്വന്തം നാട്ടിലേക്കു് മടങ്ങുവാന്‍ വേണുവിനെ പ്രേരിപ്പിച്ചു. ഇതിനിടയില്‍ ലക്ഷ്മി ഒരു മാതാവായിക്കഴിഞ്ഞിരുന്നു. സ്വബുദ്ധി തെളിഞ്ഞ വിജയന് ഭാര്യയുടെ കാല്ക്കല് വീണു മാപ്പിരക്കുവാന്‍ ഉറച്ചു. പക്ഷെ സമയം വൈകിപ്പോയിരുന്നു. യാതൊരുവിധ പരിരക്ഷണവും ഇല്ലാതെ കഴിഞ്ഞുപോന്ന ലക്ഷ്മിയുടെ ഓമനപ്പുത്രി മൃതിയടഞ്ഞു. അവള് തന്റെ കുഞ്ഞിന്റെ മൃതദേഹവുമായി എങ്ങോട്ടോ പോയിക്കഴിഞ്ഞിരുന്നു.
സ്വന്തം പുത്രിയും പൈതലിനേയും കാണുവാനായി കുറുപ്പദ്ദേഹം പട്ടണത്തിലെത്തി. പക്ഷെ മകളെക്കാണാതെ നിരാശനായി അദ്ദേഹത്തിനു മടങ്ങി പോരേണ്ടതായി വന്നു.
കുഞ്ഞിന്റെ മൃതദേഹം സംസ്ക്കരിച്ചശേഷം ലക്ഷ്മി നാട്ടിലെത്തി. കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം. വേണു ലക്ഷ്മിയെ മറുകര എത്തിക്കുവാന്‍ തോണിയില്‍ കയറ്റി. ലക്ഷ്മിയെ തേടി വീട്ടിലെത്തിയ വിജയനും കുറുപ്പും മകനെ തേടി പുറപ്പെട്ട പാച്ചുപിള്ളയും അമ്മുവും മറുകരയില്‍ എത്തി. അതിഭയങ്കരമായ കാറ്റു്. വേണുവും ലക്ഷ്മിയും കയറിയ തോണി ഇളകി കാറ്റുയര്‍ത്തിയ തിരമാലകളില്‍ അടിച്ചുലഞ്ഞു. ഇഷ്ടജനങ്ങള്‍ മറുകരയില്‍ നില്ക്കവേ തോണി മറിഞ്ഞു. തിരമാലകള്‍ ഇരമ്പിയാര്‍ത്തു കരയിലടിച്ചു.
കാറ്റും കോളും നീങ്ങി. അടിച്ചുയര്‍ന്ന തിരമാലകള്‍ നീങ്ങിയപ്പോള്‍ കരയില്‍ ഒരു ജഡം മാത്രം അടിഞ്ഞുകയറി. അതു വേണുവിന്റേതായിരുന്നു.
കുമാരി തങ്കം, മിസ്സു് ചാന്ദിനി, കുമാരി കല്ല്യാണി, എം. എല്‍. രാജം, പി. ഡി. ജാനകി, കുമാരി പ്രഭ, ബേബി വത്സല, മാസ്റ്റര്‍ ശിവദാസു്, സത്യന്, തോമസു് ബര്‍ളി, റ്റി. എസു്. മുത്തയ്യ, ടി. എന്‍. ഗോപിനാഥന് നായര്‍, പി. ഭാസ്ക്കരന്‍, കെ. ജെ. തോമസു്, ശശികുമാര്‍, ഗോവിന്ദപ്പിള്ള, കുരിയാത്തി നീലകണ്ഠന് നായര്‍, അടൂര്‍ ഭാസി, എന്നിവരാണു് തിരമാലയില്‍ അഭിനയിച്ചതു്.
എഴുതിയതു് : മാധവഭദ്രന്‍
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍
Old is Gold by B Vijayakumar |