മൂന്നു കഥാപാത്രങ്ങളിലൂടെ ആണ് ഈ കഥ പുരോഗമിക്കുന്നത്. മുനിയാണ്ടി, അയാളുടെ ഭാര്യ ശിവകാമി പിന്നെ ഫാമിലെ ഓഫീസ് സുപ്രണ്ട് ആയ ശങ്കരന്. മുനിയാണ്ടി ആ ഫാമിലെ ഒരു തൊഴിലാളിയാണ്. അയാള്‍ക്ക് ശങ്കരനെ ബഹുമാനവും വിശ്വാസവുമാണ്. മുനിയാണ്ടി ശിവകാമിയെ വിവാഹം കഴിച്ചു ഫാമിലേക്ക് കൊണ്ടുവരുന്നു. ശിവകാമി വളരെ വേഗം ശങ്കരനുമായി അടുക്കുന്നു. മുനിയാണ്ടി ഒരിക്കല്‍ രണ്ടു പേരെയും കൈയ്യോടെ പിടികൂടുന്നു. ഹൃദയം തകര്‍ന്ന മുനിയാണ്ടി ആത്മഹത്യ ചെയ്യുന്നു. ഈ സംഭവത്തോടെ ആകെ തകര്‍ന്ന ശങ്കരന് ഫാം വിട്ടു പോകുന്നു. ഈ വിഷമം മറക്കുവാന്‍ അയാള്‍ മദ്യപാനം ഉള്‍പ്പെടെ പല വഴികളും നോക്കുന്നു പക്ഷെ ഒന്നും അയാളെ സഹായിച്ചില്ല. പിന്നീട് അയാള്‍ ഒരു തീര്‍ഥയാത്രക്ക് പോകുന്നു. ശങ്കരന്റെ തീര്‍ഥയാത്ര തുടങ്ങുമ്പോള്‍ ആണ് യഥാര്‍ത്ഥത്തില്‍ ചിത്രം തുടങ്ങുന്നത്. തീര്‍ഥയാത്രയുടെ ഒടുവില്‍ അയാള്‍ ചിദംബരം ക്ഷേത്രത്തില്‍ എത്തുന്നു. അവിടെ അയാള്‍ താന്‍ മൂലം കൊല്ലപ്പെട്ട മുനിയണ്ടിയുടെ ഭാര്യ ശിവകാമിയെ ക്ഷേത്രത്തിലെ ചെരുപ്പ് സൂക്ഷിപ്പുകാരിയായി കണ്ടുമുട്ടുന്നിടത്ത് ഈ ചിത്രം അവസാനിക്കുന്നു.
ചിദംബരത്തിന്റെ മനോഹരവും ഘടനാ വൈശിഷ്ട്യവുമുള്ള ദൃശ്യങ്ങള്‍ ഒന്നാം പകുതിയിലാണ് ഉള്ളത്, എന്നാല്‍ ചിത്രത്തിന്റെ പൊരുള്‍ മുഴുവന്‍ കുടികൊള്ളുന്നത് രണ്ടാം പകുതിയിലും.
മികച്ച ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ് ചിദംബരം. അരവിന്ദന് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും ഇതിലൂടെ ലഭിച്ചു.