ഒറിജിനലിന് മുൻപ് പകർപ്പ് റിലീസായ ചരിത്രമാണ് രാസലീല എന്ന കമൽഹാസൻ ചിത്രത്തിനുള്ളത്. 1975 ഡിസംബർ 12 -ന് റിലീസ് ചെയ്ത രാസലീല, ഉണർച്ചികൾ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു. പക്ഷെ ഒറിജിനൽ തമിഴ് ചിത്രം റിലീസായത് 1976 -ലാണ്. ഒരു പതിനെട്ടുകാരൻ പയ്യന്റെ ലൈംഗിക ഉണർവുകളുടെയും സാഹസങ്ങളുടെയും അനന്തരഫലമായ ലൈംഗികരോഗത്തിന്റെയും കഥയാണ് സഹകഥാകൃത്തായ കമൽഹാസൻ ചിത്രത്തിലൂടെ പറഞ്ഞത്. പിന്നീട് ചില മസാലപ്പടങ്ങളുടെ പേരിൽ അറിയപ്പെടേണ്ടി വന്ന സംവിധായകൻ എൻ ശങ്കരൻ നായരാണ് 'രാസലീല' തമിഴിൽ നിന്നും റീമേക്ക് ചെയ്തത്. കമൽഹാസന്റെ മറ്റൊരു സൂപ്പർ ഹിറ്റായ 'മദനോത്സവം' രചിച്ച് സംവിധാനം ചെയ്തതും ശങ്കരൻനായരാണ്. 'രാസലീല' തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്ത് മദ്രാസിലും ഹൈദരാബാദിലും 100 ദിവസം ഓടി എന്നതും ചരിത്രം.
പിന്നീട് രാഷ്ട്രീയം പയറ്റി സെക്കന്തരാബാദ് എംഎൽഎ ആയ തെലുഗു നടി ജയസുധയാണ് 'രാസലീല'യിലെ നായിക.
'രാസലീല' ഇപ്പോഴും മലയാളികളുടെ മനസ്സിൽ 'ദശപുഷ്പം ചൂടി' നിൽക്കുന്നതിന്റെ കാരണം അതിലെ എവർഗ്രീൻ പാട്ടുകളാണ്. മനയ്ക്കലെ തത്തേ, ആയില്യം പാടത്തെ പെണ്ണേ, നിശാസുരഭികൾ, നീയും വിധവയോ എന്നിവയായിരുന്നു വയലാർ-സലീൽ ചൗധരിമാർ ഒരുക്കിയ ഗാനവിരുന്ന്.
'രാസലീല' അതേ പേരിൽ 2012 -ൽ റീമേക്ക് ആയി വന്നെങ്കിലും ചിത്രം പരാജയമായിരുന്നു. വയലാറിന്റെ മകനും സലീൽ ചൗധരിയുടെ മകനും യേശുദാസിന്റെ മകനും ഒരുമിച്ച പുതിയ 'രാസലീല'യിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടില്ല.