ആദിമഹാകവിയായ വാത്മീകി മുനി ഈ കാലഘട്ടത്തിൽ രാമായണം എഴുതി പൂർത്തിയാക്കി. പക്ഷേ രാമകഥ അവിടെ നിന്നില്ല. ഹൃദയ ദ്രവീകൃതമായ അനന്തര സംഭവങ്ങൾ ആരംഭിക്കുന്നതേയുള്ളൂ.
മഹാറാണി സീതാദേവി ഗർഭിണിയായി.ആ സീമന്താടിയന്ത്ര പരിപാടികളിൽ പങ്കെടുത്ത ഒരു മണ്ണാത്തി സ്വന്തം ഗൃഹത്തിൽ മടങ്ങിച്ചെല്ലുവാൻ അല്പസമയം താമസിച്ചു പോയി. അക്കാരണത്താൽ കോപാക്രാന്തനായ ഭർത്താവ് അവളെ വീട്ടിൽ നിന്നും ആട്ടിപ്പുറത്താക്കി. തിരസ്കൃതയായ ആ മണ്ണാത്തി ശ്രീരാമ സന്നിധിയിൽ സങ്കടമുണർത്തിച്ചു. പ്രജകളെയാകമാനം സമഭാവനയിൽ കരുതിപ്പോന്ന രാമരാജാവിന്റെ മുൻപാകെ ഏതൊരു വ്യക്തിയ്ക്കും ഏതു സമയത്തും നേരിട്ട് നിവേദനം നടത്താമായിരുന്നു. അത്തരം മഹത്തരമായ ഭരണനീതിയായിരുന്നു രാമന്റേത്. മണ്ണാനോട് അവളെ സ്വീകരിക്കുവാൻ താൻ ആജ്ഞാപിക്കുന്നതായി അയാളെ അറിയിക്കുന്നതിനു ശ്രീ രാമൻ മന്ത്രി സുമന്ത്രർക്ക് നിർദ്ദേശം നൽകി. മണ്ണാന്റെ പൗരുഷം ചില പരുഷവാക്കുകളിലൂടേ പൊട്ടിത്തെറിച്ചു. “ രാവണന്റെ അധീനവലയത്തിൽ കഴിഞ്ഞിരുന്ന സീതയെ പുനഃസ്വീകരണം നടത്തിയ
രാമരാജാവ് അതു പറയും.പക്ഷേ എനിക്ക് അത് അസാദ്ധ്യമാണ് .”ഇതായിരുന്നു ആ മണ്ണാന്റെ വാഗ്ശരങ്ങളിൽ പുരട്ടിയിരുന്ന വിഷപ്പൊരുൾ. ഈ പരിഹാസവാർത്ത ശ്രീരാമന്റെ കർണ്ണപുടങ്ങളിൽ പതിച്ചു. ആ അവതാര പുരുഷന്റെ ഹൃദയത്തിൽ ഒരു കൊടുങ്കാറ്റ് ചൂളമിട്ടുയർന്നു.പ്രജാക്ഷേമ തല്പരനായ ആ സാക്ഷാത് മഹാത്മാവ് ഈ പ്രശ്നം ലോകസഭയിൽ ഉന്നയിച്ചു. ഒരു സമൂഹത്തിന്റെയോ ഒരു കഷിയുടെയോ അല്ലാ ഒരു വ്യക്തിയുടെ മാത്രം അഭിപ്രായത്തിനു പോലും സാരമായ പരിഗണന നൽകപ്പെടുന്ന ധർമ്മദീക്ഷയും നീതിബോധവുമുള്ളതായിരുന്നു ശ്രീരാമന്റെ ഭരണശാസ്ത്രം. ലോകസഭ മൗനം ദീക്ഷിച്ചു. ആ മൗനം പ്രപഞ്ചത്തെ സ്തംഭിപ്പിച്ച ഒരു ഭീകരാട്ടഹാസമായിരുന്നു.
അങ്ങനെ പ്രജാഹിതം നിർവഹിക്കുവാൻ വേണ്ടി പ്രേമസ്വരൂപനായ ശ്രീരാമചന്ദ്രൻ പ്രാണപ്രിയയായ സീതയെ പരിത്യജിച്ചു. ഗംഗാവക്ഷസ്സിൽ അന്ത്യവിശ്രമം കൊള്ളാൻ ഉദ്യമിച്ച ആ പതിവ്രതയെ വാത്മീകി മഹർഷി തടഞ്ഞു നിർത്തി സമാശ്വസിപ്പിച്ചു.വാത്മീകിയുടെ പർണ്ണശാലയിൽ ശോകതരളിതയായ സീത രാമധ്യാന നിരതയായിത്തന്നെ അജ്ഞാതവാസം നടത്തി.ആ തപോവനത്തിന്റെ ലതാഗൃഹത്തിൽ വെച്ച് ദേവി രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചു.വാത്മീകി അവർക്ക് ലവ കുശന്മാരെന്ന് നാമകരണം ചെയ്തു. ആ ആശ്രമാന്തരീക്ഷത്തിൽ ആ മൊട്ടുകൾ വിടർന്ന് വിരാജിച്ചു.വാത്മീകി അവർക്ക് ക്ഷത്രിയോചിതമായ അസ്ത്ര ശാസ്ത്ര വിദ്യാഭ്യാസം നൽകി. വിശിഷ്യ സ്വയം വിരചിതമായ രാമായണ മഹാകാവ്യം അദ്ദേഹം അവരെ പഠിപ്പിക്കുകയും ചെയ്തു.
അക്കാലത്ത് ശ്രീരാമൻ സാർവഭൗമ പദവിക്കു വേണ്ടി അശ്വമേധയാഗം നടത്താൻ ഒരുമ്പെട്ടു. ആ യാഗാശ്വം വിശ്വതലമാകെ വിജയശ്രീലാളിതമായി ജൈത്രയാത്ര നടത്തി. സകല രാജാക്കന്മാരും ആ അശ്വത്തിന്റെ മുൻപിൽ നമ്രശീർഷ്കരായി നിന്ന് അംഗീകാരം നൽകി.വാത്മീകിയുടെ അനുവാദപ്രകാരം ലവകുശന്മാർ രാമായണ ഗാനാലാപത്തോടു കൂടി യാഗശാലയിൽ പ്രവേശിച്ചു. ആ ഗാനനിർഝരി യാഗശാലാ സീമയ്ക്കുള്ളിൽ ഒരു വിപ്ലവം വരുത്തിക്കൂട്ടി.
ശ്രീരാമചന്ദ്രനെ അവർ കണ്ടു. പക്ഷേ സീതാദേവി ! ആ കാഞ്ചനപ്രതിമയാണ് സീതാദേവിയെന്നോ ? കുമാരന്മാരുടെ ഹൃദയം നൊന്തു.അവർ കുപിതരായി. യാഗശാലയിൽ നിന്നും ലവകുശന്മാർ തിരോധാനം ചെയ്തു.
ആ മുനികുമാരന്മാർ യാഗാശ്വത്തെ നിർബാധം ബന്ധിച്ചു. ശ്രീരാമന്റെ സേനാവ്യൂഹം ആ കുമാരന്മാരോടു പൊരുതി. കൊച്ചുവില്ലുകൾ കുലച്ച് കുമാരന്മാർ എയ്തു വിട്ട ശരനിരകളേറ്റ് ആ രാമപ്പട നിർവീര്യമായി.പ്രപഞ്ചം മുഴുക്കെ അത്ഭുത സ്തിമീതമായി മിഴിച്ചു നിന്നു. ഈർഷ്യാ കലുഷിതനായ ശ്രീരാമചന്ദ്രൻ തന്നെ അന്ത്യ നിമിഷത്തിൽ കുതിരയെ സ്വയമേവ ബന്ധന വിമുക്തനാക്കാൻ മുതിർന്നു. കുമാരന്മാർ രാമനുമായി ഏറ്റുമുട്ടി. കുലുങ്ങിച്ചിരിച്ചു കൊണ്ട് കുമാരന്മാർ ശരം തൊടുക്കവേ അമ്മയുടെ “ അരുത് , അരുത് “ എന്നുള്ള ശബ്ദം അവരുടെ ശ്രുതിപുടങ്ങളിൽ പതിഞ്ഞു. അവർക്കെതിരെ നിന്ന് സീതാദേവി തടഞ്ഞു. ആ മാതാവിന്റെ കണ്ഠനാളത്തിൽ നിന്നും ഈ ഗദ്ഗദാക്ഷരങ്ങൾ പൊഴിഞ്ഞു. “ മക്കളേ , ശ്രീരാമചന്ദ്ര മഹാരാജാവ് നിങ്ങളുടെ പിതാവാണ് “കുമാരന്മാർ അമ്പരന്നു. ശ്രീരാമൻ നടുങ്ങി. പ്രജകൾ സ്തംഭിച്ചു. കുമാരന്മാർ ശ്രീരാമപാദങ്ങളിൽ സാഷ്ടാംഗപ്രണാമം ചെയ്തു. ആ പുരാണ പുരുഷന്റെ കണ്ണുകളിലും അശ്രുകണങ്ങൾ പൊഴിഞ്ഞു.
പ്രകൃതിസ്വഭാവം പെട്ടെന്നു മാറി. അഷ്ടദിക്കുകളും പൊട്ടിത്തെറിക്കുമാറ് മേഘനാദം മുഴങ്ങി. മിന്നല്പ്പിണരുകൾ ഒന്നടങ്കം മിന്നിത്തെറിച്ചു.കൊടുങ്കാറ്റ് അലയടിച്ചു. അതാ ഭൂമി രണ്ടായി പിളർന്നു മാറുന്നു. അവിടെ ആ ഭൂമാതാവിന്റെ ഹൃദയാന്തർഭാഗത്ത് സീതാദേവി അന്തർധാനം ചെയ്തു.മണ്ണിന്റെ മകൾ മണ്ണിൽ മറഞ്ഞു.
കടപ്പാട്: പാട്ടുപുസ്തകം
കഥാസാരം
രാവണ പ്രമുഖരായ രാക്ഷസവർഗ്ഗത്തെ നിഗ്രഹിച്ചതിനു ശേഷം സീതാസമേതനായി ശ്രീരാമചന്ദ്രൻ പുഷ്പക വിമാനത്തിൽ അയോദ്ധ്യയിൽ തിരിച്ചെത്തി.അയോദ്ധ്യാനിവാസികളുടെ ചിരകാലഭിലാഷം സഫലീകൃതമാകുവാൻ പോകുകയാണ്.ശ്രീരാമ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ നടന്നു.
ദേവവൃന്ദങ്ങൾ പുഷ്പവൃഷ്ടി ചെയ്തു. അപ്സരസ്സുകൾ ആന്നദ നൃത്തമാടി. ഗന്ധർവന്മാർ വാദ്യഗീതങ്ങൾ മുഴക്കി. കിന്നരാംഗനകൾ കീർത്തനങ്ങൾ പാടി.മഹർഷി പുംഗവന്മാർ അനുഗ്രഹാശിസ്സുകൾ അരുളി.അയോദ്ധ്യാ രാജ്യനിവാസികളുടെ ജയ ജയാരവങ്ങൾ അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ടു. രാമൻ രാജാവായി.പ്രജകളെയെല്ലാം സമഭാവനയിൽ കരുതിപ്പോന്ന രാമരാജാവിന്റെ ഭരണം അയോദ്ധ്യയിലെ പ്രജകൾക്ക് ആനന്ദവും ആശ്വാസവുമേകി.
മഹാറാണി സീതാദേവി ഗർഭിണിയായി. ആ സീമന്താടിയന്തിരത്തിൽ പങ്കെടുത്ത ഒരു മണ്ണാത്തി സ്വഗൃഹത്തിൽ മടങ്ങിച്ചെല്ലുവാൻ വൈകിയതിൽ കോപിച്ച് ഭർത്താവ് അവളെ വീട്ടിൽ നിന്നും പുറത്താക്കി. തിരസ്കൃതയായ ആ സാധുസ്ത്രീ രാമസന്നിധിയിൽ തന്നെ സങ്കടമുണർത്തിച്ചു.നീതിമാനായ രാജാവ് , മണ്ണാനോട് ഭാര്യയെ സ്വീകരിക്കുവാൻ താൻ ആജ്ഞാപിക്കുന്നതായി അറിയിക്കുവാൻ മന്ത്രി സുമന്ത്രർക്ക് നിർദ്ദേശം നൽകി.
മണ്ണാന്റെ പൗരുഷം പൊട്ടിത്തെറിച്ചു. “ രാവണന്റെ അധീനതയിൽ കഴിഞ്ഞ സീതയെ പുനർ സ്വീകരിച്ച രാമരാജാവ് അതു കല്പിക്കും.പക്ഷേ ഭാര്യയെ സ്വീകരിക്കുക എന്നാൽ അസാദ്ധ്യമാണ് “.മണ്ണാന്റെ വാഗ് ശരങ്ങളിലൊളിച്ച ഈ പരിഹാസം ശ്രീരാമ കർണ്ണപുടങ്ങളിൽ പതിച്ചു.
പ്രജാ തല്പരനായ രാമരാജാവ് ഈ പ്രശ്നം തന്റെ ലോകസഭയിലുന്നയിച്ചു. ഒരു വ്യക്തിയുടേതായാൽ പോലും ആ അഭിപ്രായത്തിനു സാരമായ പരിഗണന നൽകുന്ന ധർമ്മദീക്ഷയും നീതിബോധവുമായിരുന്നു രാമന്റേത്.ലോകസഭ മൗനം ദീക്ഷിച്ചു.പ്രജാഹിതം പാലിക്കുവാൻ പ്രേമസ്വരൂപനായ ശ്രീരാമ ചന്ദ്രൻ പ്രാണപ്രിയയായ സീതാദേവിയെ പരിത്യജിക്കുവാൻ തീരുമാനിച്ചു.
ഗംഗാവക്ഷസ്സിൽ അന്ത്യവിശ്രമം കൊള്ളുവാൻ ഉദ്യമിച്ച ആ പതിവ്രതയെ വാൽമീകി മഹർഷി സമാശ്വസിപ്പിച്ചു. തന്റെ പർണ്ണശാലയിലെത്തിച്ചു. രാമധ്യാനനിരതയായി സീതാദേവി ആ തപോവനത്തിലെ ലതാഗൃഹത്തിൽ വെച്ച് രണ്ട് ആൺകുഞ്ഞുങ്ങളെ പ്രസവിച്ചു.മഹർഷി അവർക്ക് ലവനെന്നും കുശനെന്നും നാമകരണം ചെയ്തു. ആശ്രമാന്തരീക്ഷത്തിൽ വളർന്നു വന്ന ആ കുമാരന്മാർക്ക് ക്ഷത്രിയോചിതമായ അസ്ത്ര വിദ്യാഭ്യാസം നൽകിയ വാൽമീകി സ്വയം വിരചിതമായ രാമായണ മഹാകാവ്യവും അവരെ പഠിപ്പിച്ചു.
ശ്രീരാമചന്ദ്രൻ അയോദ്ധ്യയിൽ അശ്വമേധയാഗം നടത്തി അഴിച്ചുവിട്ട യാഗാശ്വം വിശ്വതലമാകെ വിജയശ്രീലാളിതമായി ജൈത്രയാത്ര നടത്തി. സകല രാജാക്കന്മാരും യാഗാശ്വത്തിന്റെ മുൻപിൽ നമ്ര ശീർഷരായി നിന്ന് അംഗീകാരം നൽകി.
വാൽമീകിയുടെ അനുവാദപ്രകാരം ലവകുശന്മാർ രാമായണ ഗാനാലാപത്തോടു കൂടി ശ്രീരാമന്റെ യാഗശാലയിൽ പ്രവേശിച്ചു. ശ്രീരാമചന്ദ്രനെ അവർ കണ്ടു.പക്ഷേ സീതാദേവി ! ആ കാഞ്ചനപ്രതിമയാണ് സീതാദേവിയെന്നോ ??കുമാരന്മാരുടെ ഹൃദയം നൊന്തു. കുപിതരായി അവർ യാഗശാലയിൽ നിന്നും തിരോധാനം ചെയ്തു.ലവകുശന്മാർ യാഗാശ്വത്തെ ബന്ധിച്ചു.ശ്രീരാമ മഹാരാജാവിന്റെ സേനാവ്യൂഹം ആ കൊച്ചുകുമാരന്മാരോട് പൊരുതി. അവരുടെ ശരനിരകളേറ്റു ശ്രീരാമപ്പട നിർവീര്യമായി. പ്രപഞ്ചം മുഴുവൻ അത്ഭുത സ്മിതമായി മിഴിച്ചു നിന്നു.
ഈർഷ്യാകലുഷിതമായ ശ്രീരാമചന്ദ്രൻ യാഗാശ്വത്തെ ബന്ധനവിമുക്തമാക്കുവാൻ പുറപ്പെട്ടു. കുമാരന്മാർ ശ്രീരാമനുമായി ഏറ്റുമുട്ടി.കുലുങ്ങിച്ചിരിച്ചു കൊണ്ട് കുമാരന്മാർ ശരം തൊടുക്കവേ “ അരുത് , അരുത് “ എന്നുള്ള സ്വന്തം മാതാവിന്റെ ശബ്ദം അവർ കേട്ടു. സീതാദേവി അവരെ അവരെ വിലക്കി.കുമാരന്മാരുടെ പിതാവാണ് ശ്രീരാമചന്ദ്രൻ എന്ന് സീത അവരെ അറിയിച്ചു.
ലവകുശന്മാർ അമ്പരന്നു. ശ്രീരാമൻ നടുങ്ങി.പ്രജകൾ നിർന്നിമേഷരായി സ്തംബിച്ചു നിന്നു.കുമാരന്മാർ ശ്രീരാമ പാദങ്ങളിൽ സാഷ്ടാംഗ പ്രണാമം ചെയ്തു.മഹാരാജാവിന്റെ കണ്ണുകളിൽ അശ്രുകണങ്ങൾ നിറഞ്ഞു.
പ്രകൃതിസ്വഭാവം പെട്ടെന്നു മാറി. അഷ്ടദിക്കുകളും പൊട്ടിത്തെറിക്കുമാറ് മേഘനാദങ്ങൾ മുഴങ്ങി. ഭൂമി രണ്ടായി പിളർന്നു. അവിടെ ആ ഭൂമാതാവിന്റെ ഹൃദയാന്തർഭാഗത്ത് സീതാദേവി അന്തർധാനം ചെയ്തു.മണ്ണിന്റെ മകൾ മണ്ണിൽ മറഞ്ഞു.
ഇതാണ് സീതയുടെ കഥ. പ്രേം നസീർ, കുശലകുമാരി, തിക്കുറിശ്ശീ സുകുമാരൻ നായർ, എൽ പൊന്നമ്മ, എസ് പി പിള്ള, രാജൻ, റീത്ത, ഹരി, ശശി, റ്റി വി മാത്യു,നിർമ്മലാദേവി, സരോജ, ലത്തീഫ്, കാഞ്ചന, പി ബി പിള്ള, സുബ്രണി, കുണ്ടറ ഭാസി, പുരുഷൻ , മണി , ബോബൻ എന്നിവരാണ് സീതയിലെ അഭിനേതാക്കൾ.എക്സൽ പ്രൊഡക്ഷൻസ് വിതരണം നടത്തിയ ഈ ചിത്രം 24.8.1960 ൽ പ്രദർശനം തുടങ്ങി.
എഴുതിയതു് : മാധവഭദ്രന്
അവലംബം : മലയാള സിനിമ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്