പ്രേംനസീര്‍ , കെ.പി. ഉമ്മർ, ടി. എസ്. മുത്തയ്യ, ജി.കെ.പിള്ള, അടൂര്‍ ഭാസി, ഭരതന്, സദന്, പഞ്ചാബി, രാധാകൃഷ്ണന്, ഷീല, വിജയലളിത, സി. ആര്. ലക്ഷ്മി, ടി.ആർ. ഓമന, ലത, ടി. പത്മിനി എന്നിവരഭിനയിച്ച ഈ ചിത്രത്തിനുവേണ്ടി പി. ഭാസ്ക്കരന്‍ രചിച്ച ആറു ഗാനങ്ങള്‍ക്കു് വിജയ, കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംഗീതം പകര്‍ന്നു. യേശുദാസ്, പി.സുശീല, ആന്റോ, എൽ.ആർ.ഈശ്വരി എന്നിവരാണു് പിന്നണി ഗായകര്‍. എസ്.ജെ. തോമസ് ഛായാഗ്രഹണം നിര്‍വ്വഹിച്ചു.
കഥാസാരം
കാന്‍സര്‍ രോഗത്തിനു് പ്രതിവിധി കണ്ടുപിടിക്കുവാനും, രോഗം വരാതിരിക്കുവാനുമുള്ള പരീക്ഷണങ്ങള്‍ ലാബറട്ടറിയില്‍ നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നവരാണു് പ്രൊഫസര്‍ രാമനാഥനും അദ്ദേഹത്തിന്റെ ശിഷ്യന് അശോകനും. ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്കിപ്പോന്ന മായ - രാമനാഥന്റെ ഓമനപ്പുത്രി - അശോകനില്‍ അനുരക്തയാണു്.
രോഗം പിടിപെട്ട പൂച്ചയെ പരീക്ഷണത്തിനുപയോഗിക്കുക പതിവായിരുന്നു. ഒരു ദിവസം ഒരു പുതിയ മരുന്നു കണ്ടുപിടിച്ച പ്രൊഫസര്‍ പരീക്ഷണത്തിനുവേണ്ടി അതു പൂച്ചയില്‍ കുത്തി വെച്ചു. മായാജാലമെന്നപോലെ പൂച്ച അപ്രത്യക്ഷമായി. രാമനാഥനും അശോകനും അത്ഭുതപ്പെട്ടു. ആ മരുന്നു് അവര്‍ സൂക്ഷിച്ചു വയ്ക്കുകയും അതിനു മറുമരുന്നു കണ്ടുപിടിക്കുവാനായി പിന്നെയും പല ഗവേഷണ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു.
നാരായണപ്പണിക്കര്‍ എന്ന പണക്കാരനില്‍ നിന്നും ഗിരി പതിനായിരം രൂപ കടം വാങ്ങിയിരുന്നു. പണം തിരിച്ചുകൊടുക്കുവാന്‍ വേണ്ടി പണിക്കര്‍ നിര്ബ്ബന്ധിച്ചുതുടങ്ങി. ഗിരി അതിനു് ഒരു പോംവഴിയും കണ്ടുപിടിച്ചു. തന്റെ പരിചയക്കാരിയും, നൃത്ത വിദഗ്ദ്ധയും ആയ മഞ്ജു എന്ന യുവതിയെ വിവാഹം കഴിച്ചുകൊള്ളാമെന്നു് അയാൾ ഏറ്റു. ഹോട്ടലിലും ക്ലബ്ബുകളിലും അവളെക്കൊണ്ടു നൃത്തം ചെയ്യിച്ചു് അയാള്‍ പണമുണ്ടാക്കി. പക്ഷെ പണിക്കരുടെ കടം വീട്ടുകയോ മഞ്ജുവിനോടുള്ള വാക്കുപാലിക്കുകയോ ചെയ്യാതെ ഗിരി പണവുമായി സ്ഥലം വിട്ടു.
അശോകിന്റെ സഹോദരി നിര്‍മ്മല നാരായണപ്പണിക്കരുടെ മകന് സുകുമാരനെയാണു് വിവാഹം കഴിച്ചതു്. പതിനായിരം രൂപയാണു് ഏറ്റിരുന്ന സ്ത്രീധനം. പക്ഷെ അശോക് ആ പണം ഇതുവരെ പണിക്കര്‍ക്കു കൊടുത്തിട്ടില്ല. പണിക്കര്‍ നിബ്ബന്ധിച്ചു തുടങ്ങിയപ്പോള്‍ അശോക് വീടു് പണയപ്പെടുത്തി പണമുണ്ടാക്കി.
ഇതിനിടയില്‍ ഗിരി സ്ഥലത്തെത്തി. പണം മടക്കിക്കൊടുക്കാനെന്ന വ്യാജേന പണിക്കരുടെ വീട്ടിലെത്തി അയാളെ കൊലചെയ്തിട്ടു് ഗിരി ഓടിമറഞ്ഞു. ആ സമയത്താണു് സഹോദരിയുടെ സ്ത്രീധനത്തുകയുമായി അശോക് പണിക്കരെ സമീപിച്ചതു്. കൊല്ലപ്പെട്ടുകിടക്കുന്ന പണിക്കരെ കണ്ടു് അശോക് ഭയവിഹ്വലനായി. അച്ഛന്റെ മരണത്തിനുത്തരവാദി അശോക് ആണെന്നു് നിര്‍മ്മലയും രാധാകൃഷ്ണനും സംശയിച്ചു. ഗിരി ഇതിനകം വിവരം പോലീസില്‍ ഫോൺ ചെയ്തറിയിച്ചതനുസരിച്ചു് അവരും പണിക്കരുടെ വീട്ടിലെത്തി. പോലീസും സംശയിച്ചതു് അശോകിനെത്തന്നെയായിരുന്നു.
ഗത്യന്തരമില്ലാതെ അശോക്, പ്രൊഫസറും താനും കൂടി കണ്ടുപിടിച്ച മരുന്നുകഴിച്ചു് അദൃശ്യനായിത്തീര്‍ന്നു. പിന്നീടു് കറുത്ത വസ്ത്രങ്ങളും ധരിച്ചു്, കണ്ണടയും വെച്ചു് അയാള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. അശോകിന്റെ കൂട്ടുകാരനും ഒരു ലാൻട്രി ഉടമസ്ഥനുമായ ടിപ്പ് ടിപ്പും ഗിരിയുടെ വേലക്കാരി പാറുവും പ്രണയബദ്ധരാണു്.
അശോകന്റെ പുതിയ വേഷത്തില്‍ അത്ഭുതപ്പെട്ട ഗിരി അതേവേഷം ധരിച്ചു് കൊള്ളകളും കൊലപാതകങ്ങളും നടത്തിപ്പോന്നു. നാട്ടില്‍ ഭീതിയും സംഭ്രാന്തിയും വിളയാടി. ഗിരിയും അശോകും ഇതിനിടയില്‍ പലയിടത്തും വെച്ചു കൂട്ടിമുട്ടി. പോലീസ് അശോകിനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടത്തിത്തുടങ്ങി.
പ്രൊഫസര്‍ രാമനാഥന് തന്റെ അക്ഷീണ പരിശ്രമം കൊണ്ടു് താന്‍ ആദ്യം കണ്ടുപിടിച്ച മരുന്നിനു് ഒരു മറുമരുന്നു കണ്ടുപിടിച്ചു. ഗിരി ഇതിനകം അശോകിന്റെ കാമുകി മായയില്‍ ആകൃഷ്ടനായി അവളെ എങ്ങിനെയെങ്കിലും സ്വന്തമാക്കണമെന്നു് ആഗ്രഹിച്ചു. തന്നെ വഞ്ചിച്ച ഗിരിയെ എതുവിധേനയെങ്കിലും പിടികൂടണമെന്ന വാശിയില്‍ നടന്നിരുന്ന മഞ്ജു, മായയോടു് ഗിരിക്കുണ്ടായിരിക്കുന്ന പുതു പ്രേമത്തെക്കുറിച്ചറിഞ്ഞു. അവളില്‍ പ്രതികാരത്തിനുള്ള ദാഹം കൂടിക്കൂടി വന്നു. ഗിരിയെ കണ്ടുപിടിച്ച മഞ്ജു ആ ഘാതകന്റെ തോക്കിനിരയായി.
മായയെ സ്വന്തമാക്കുവാനായി ഗിരി, രാമനാഥനെ ബന്ധനസ്ഥനാക്കി. വിവരങ്ങള്‍ എല്ലാം യഥാസമയം അറിഞ്ഞുകൊണ്ടിരുന്ന അശോക് ഗിരിയുമായി ഏറ്റുമുട്ടുവാന്‍ തന്നെ തീരുമാനിച്ചു. അയാള്‍ ഗിരിയുടെ രഹസ്യ സങ്കേതത്തിലെത്തി രാമനാഥനെ ബന്ധനവിമുക്തനാക്കി. മരുന്നിന്റെ ശക്തിയാല്‍ അദൃശ്യനായിക്കഴിഞ്ഞിരുന്ന അശോക് രാമനാഥനില്നിന്നും മറുമരുന്നു കഴിച്ചു് സ്വന്തം രൂപം വീണ്ടെടുത്തു. ഈ സമയത്തു് പോലീസും സ്ഥലത്തെത്തി. വഞ്ചകനും ചതിയനും ഘാതകനുമായ ഗിരിയെ അവര്‍ പിടികൂടി.
ജിയോ പിൿച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വിതരണം നടത്തിയ മിസ്റ്റര്‍ കേരള 14-3-1969 - ൽ പ്രദര്‍ശനം ആരംഭിച്ചു.
എഴുതിയതു് : കല്യാണി
അവലംബം: മലയാള സിനിമാ ഡയറക്ടറി
കടപ്പാടു് : ബി. വിജയകുമാര്‍