ഒരു വിറകുവെട്ടുകാരന്റെ മകളായി ജനിച്ച സോഫിയക്ക് ധനവാനും സംസ്കാര സമ്പന്നനുമായ കുട്ടപ്പനെ എങ്ങനെ കാമുകനായി കാണാൻ കഴിയും ? കേവലം അസാദ്ധ്യമായ ആ കാര്യത്തെ അവൾ മനസ്സിൽ നിന്നു തിരിച്ചു വിട്ടു. വർഷങ്ങൽക്കു മുൻപ് പുത്തൻ പുരയ്ക്കൽ മത്തായിച്ചനു വേണ്ടി ഒരാഞ്ഞിലി മരം മുറിക്കുമ്പോൾ താഴെ വീണു കാലിനു സ്വാധീനമില്ലാതെ കിടപ്പിലായ ഒരു മനുഷ്യനാണ് കുഞ്ഞോമ.കുഞ്ഞോമയുടെ മകനും സോഫിയയുടെ ചേട്ടനുമായ ലാലപ്പനു സോഡാ ഫാക്ടറിയിലാണു ജോലി.കടകൾ തോറും സോഡാക്കുപ്പികൾ വിതരണം ചെയ്യുന്ന ജോലി കഴിഞ്ഞാലുള്ള വൈകുന്നേരത്തെ ബാക്കി സമയം കപ്പലണ്ടി വിൽക്കുന്നതിലേർപ്പെടും.
സോഫിയയുടെ കൂട്ടുകാരിയായ മോനിയുടെ വിവാഹക്കാര്യം ഉറപ്പിക്കാൻ വന്ന “ ഉലകം ചുറ്റും വല്യപ്പൻ “ എന്ന പേരിൽ അറിയപ്പെടുന്ന കോരുതു മൂപ്പിന്നിനെ സോഫിയക്ക് നല്ലൊരു ചെറുക്കനെ കണ്ടു പിടിക്കാൻ മോനിയുടെ അമ്മച്ചി കത്രിച്ചേട്ടത്തിയും ലാലപ്പനും കൂടെ ഏർപ്പാടു ചെയ്തു. ഇതിനിടെ കുട്ടപ്പന്റെ ഒരു കത്ത് സോഫിയക്കു കിട്ടിയതോടെ അവളിൽ ഉറങ്ങിക്കിടന്ന ബാല്യകാലസ്മരണകൾ ഉയർത്തെഴുന്നേറ്റു. “ ഉലകം ചുറ്റും വല്യപ്പൻ “ ചെറുക്കനുമായി സോഫിയയുടെ വീട്ടിൽ വന്ന് കല്യാണമുറപ്പിച്ചു മടങ്ങിപ്പോയി. സ്ത്രീധനത്തുകയ്ക്ക് കണ്ടു വെച്ചിരുന്ന പണം ചിട്ടിക്കാരന്റെ കൈയ്യിലായിരുന്നു.ചിട്ടിക്കാരൻ ഒരു ബസ്സപകടത്തിൽ പെട്ട് ആപത്തിലകപ്പെട്ടതോടെ എല്ലാം തകർന്ന മട്ടിലായി.നീട്ടിയ കൈയ്ക്ക് സഹായം നൽകാൻ സണ്ണിയുടെ അപ്പനായ പുത്തൻ പുരയ്ക്കൽ മത്തായിച്ചനുണ്ടായിരുന്നു.
കല്യാണത്തീയതി നിശ്ചയിച്ച് ശുഭപ്രതീക്ഷകളോടെ നാളുകൾ നീക്കിയ ലാലപ്പന്റെയും കുഞ്ഞോമയുടെയും ആഗ്രഹങ്ങൾ ചിതറിപ്പോയി.പണ്ടു മുതലേ സോഫിയയുടെ അനുഗൃഹീത സൗന്ദര്യത്തിലൊരു കണ്ണുണ്ടായിരുന്ന മത്തായിച്ചന്റെ മകൻ സണ്ണിയ്ക്ക് തന്റെ സഹോദരിമാരുടെ കൂടെ പള്ളിയിൽ നിന്നു തിരിച്ചു വരുന്ന വഴിയിൽ വീട്ടിൽ കയറിയ സോഫിയയെ വശപ്പെടുത്താൻ ഒരു പ്ലാൻ മനസ്സിലുദിച്ചു.ആരുമറിയാതെ സോഫിയക്കു കുടിക്കാൻ കൊടുത്ത കാപ്പിയിൽ മയക്കുമരുന്നു വിതറി അവളുടെ പ്രതികരണം വീക്ഷിച്ചു.കാപ്പി കുടിച്ചപ്പോൾ പതിവില്ലാത്ത വിധം തല കറക്കവും മയക്കവും അനുഭവപ്പെട്ടപ്പോൾ സോഫിയ സുഖമില്ലെന്നു പറഞ്ഞ് വീട്ടിലേക്കോടി.
മയക്കുമരുന്നിന്റെ മായികാനുഭൂതിലകപ്പെട്ട സോഫിയക്കു അവ്യക്തമായ പല രൂപങ്ങളും കാഴ്ചകളും മനസ്സിലുദിച്ചു.സോഫിയയുടെ ഈ അവശനില ശരിക്കുപയോഗിക്കാനെത്തിയ സണ്ണിയിലവൾ തന്റെ കാമുകനായ കുട്ടപ്പന്റെ രൂപം കണ്ടു.തന്നെ കാമുകനായ കുട്ടപ്പൻ മാടി വിളിക്കുന്നതെല്ലാം അവൾ കണ്ടു.
സ്വർഗ്ഗീയാനുഭൂതി പകർന്ന അവളുടെ കാമുകൻ കുട്ടപ്പനല്ല , അവൾ ഏറ്റവും വെറുക്കുന്ന സണ്ണിയാണെന്ന് മനസ്സിലാക്കിയ സോഫിയ പ്രതികാര വാൻച്ഛയോടെ അവനെ നേരിട്ടു.തറയിൽ കിടന്ന മഴുവെടുത്ത് അവൾ സണ്ണിയെ വെട്ടി.
പുറത്ത് ചേട്ടന്റെ വിളി കേട്ടപ്പോൾ അവൾ സങ്കടം കൊണ്ട് പൊട്ടിക്കരഞ്ഞു പോയി.അറിയാതെ ചെയ്തൊരത്യാഹിതം . സഹോദരിയെ രക്ഷിക്കാൻ കുറ്റമേറ്റെടുത്ത് ചേട്ടൻ ജയിലിലേക്കു പോയി.താനാണു കുറ്റം ചെയ്തതെന്ന് പല തവണ വിളിച്ചു പറഞ്ഞെങ്കിലും ആരു വിശ്വസിക്കാൻ.
ലാലപ്പനെ ജയിലിലേക്കു കൊണ്ടു പോയപ്പോൾ സഹിക്കാനാവാത്ത മനോവിഷമം കൊണ്ട് അപ്പനായ കുഞ്നോമ ഹൃദയസ്തംഭനത്താൽ മരിച്ചു വീണു.
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടെന്ന ബോധം വന്നപ്പോൾ സോഫിയ കന്യാസ്ത്രീ മഠത്തിൽ വന്നു താമസിച്ചു. അവിടത്തെ ജീവിതചര്യകളിൽ ആശ്വാസം കണ്ടെത്താൻ തുടങ്ങിയപ്പോൾ ഒരു നാൾ അവൾ പള്ളിമുറ്റത്ത് പഴയ കാമുകനായ കുട്ടപ്പനെ കണ്ടു.
നിരവധി തവണ രണ്ടു പേരും കണ്ടപ്പോൾ മഠത്തിലെ മദർ കുട്ടപ്പനോട് തുറന്നു സംസാരിച്ചു.സോഫിയയെ വിവാഹം ചെയ്യാൻ തയ്യാറാണെന്ന് കുട്ടപ്പൻ മദറിനോട് പറഞ്ഞു.
വിവാഹരാത്രി പ്രതീക്ഷകളോടെ മണിയറയിൽ പ്രവേശിച്ച സോഫിയ കുട്ടപ്പന്റെ കരവലയത്തിലകപ്പെട്ടപ്പോൾ തളർന്നു പരവശയായി.ഉടനെ തന്നെ ഡോക്ടറുടെ പരിശോധനയ്ക്കു വിധേയയായ സോഫിയ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ രണ്ടു പേരും ഞെട്ടി.ആരാണാ ഗർഭത്തിനുത്തരവാദി……..?
ഭാര്യാഭർതൃബന്ധം തകർന്ന നിലയിലായപ്പോൾ കുട്ടപ്പന്റെ അമ്മ ഇടപെട്ട് വഴക്കുകൾ തീർക്കാൻ ശ്രമിച്ചെങ്കിലും അതു ഫലിച്ചില്ല.പുറമേ ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിച്ചെങ്കിലും വീട്ടിനകത്തവർ അന്യോന്യം അപരിചിതരായിരുന്നു.
സോഫിയ പ്രസവിച്ചതോടെ കുട്ടപ്പന്റെ രോഷാഗ്നി ആളിക്കത്തി.അവർ ഒരു ഒത്തുതീർപ്പിലെത്തി.കുട്ടിയെ വല്ലവരെയും ഏല്പ്പിക്കുക.ആദ്യമതിനു തയ്യാറായെങ്കിലും പിന്നീടത് സോഫിയക്ക് വിഷമമായി.അവസാനം അവൾ ഒരു തീരുമാനത്തിലെത്തി.
എന്താണവളുടെ തീരുമാനം ? അവളുടെ കുഞ്ഞിനെ ഏറ്റെടുക്കാൻ ആരുണ്ട് ?
കുട്ടപ്പൻ സോഫിയയെ വീണ്ടും സ്വീകരിക്കുമോ ? വൈകാരിക സംഘട്ടനങ്ങൾ നിറഞ്ഞ വികാര സാന്ദ്രമായ ആ കഥാഗതിയുടെ പരിസമാപ്തി വെള്ളിത്തിരയിൽ കാണുക !